അപേക്ഷ നല്‍കി ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട ; 24 മണിക്കൂറിനകം വൈദ്യുതി വീട്ടിലെത്തും

വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷ നല്‍കി ഇനി ദിവസങ്ങളും മാസങ്ങളും കാത്തിരിക്കേണ്ടി വരുന്ന പതിവ് പല്ലവി പഴങ്കഥയാവുകയാണ്. അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ വീട്ടില്‍ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള ‘പാക്കേജ് കണക്ഷൻ’ ഒരുക്കിയിരിക്കുകയാണ് കെഎസ്‌ഇബി. പദ്ധതിയുടെ ഭാഗമായി വയനാട്, കാസർകോട് ജില്ലകളിലെ 108 സെക്ഷൻ ഓഫീസുകളില്‍ ഉപഭോക്തൃ സേവന ദിനമായ ഒക്ടോബർ രണ്ടിന് വെളിച്ചം എത്തിക്കാനും കെഎസ്‌ഇബിക്ക് സാധിച്ചു.
www.kseb.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ കമ്മീഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റ്, കരുതല്‍ നിക്ഷേപം എന്നിവ ഒന്നിച്ച് ഓണ്‍ലൈനായി അടച്ചാണ് പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവനം ലഭ്യമാകും. രജിസ്ട്രേഷൻ സമയത്ത് തന്നെ പാക്കേജ് കണക്ഷന് ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്യണം.
അതേസമയം 35 മീറ്റർ വരെ പോസ്റ്റില്‍ നിന്നും സർവീസ് വയർ ആവശ്യമായ കണക്ഷനുകള്‍ ആണ് ‘പാക്കേജ് കണക്ഷൻ’ പദ്ധതിയില്‍ ഉള്‍പ്പെടുക. വൈദ്യുതി ലഭിക്കുന്നതിന് പോസ്റ്റ് ആവശ്യമുള്ള കണക്ഷനുകള്‍, സർവീസ് വയറിന് സപ്പോർട്ട് പോസ്റ്റ് വേണ്ട കണക്ഷനുകള്‍, 35 മീറ്ററില്‍ കൂടുതലുള്ള കണക്ഷനുകള്‍ എന്നിവ ഈസ്റ്റില്‍ ഉള്‍പ്പെടുകയില്ല.
കണക്ഷൻ ലഭിക്കുന്നതിന് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം മറികടന്ന് വേണം സർവീസ് വയർ പോകാൻ എങ്കില്‍ മുൻകൂട്ടി ഉടമസ്ഥന്റെ അനുവാദം എഴുതി വാങ്ങി വേണം ഫീസ് അടയ്ക്കാൻ. ഇതുകൂടാതെ കെഎസ്‌ഇബിയില്‍ നിന്നും കണക്ഷൻ നല്‍കാൻ വരുന്ന ഉദ്യോഗത്തിന് ഉടമസ്ഥാവകാശ രേഖ, തിരിച്ചറിയല്‍ രേഖ, ടെസ്റ്റ് റിപ്പോർട്ട് എന്നിവ നല്‍കുകയും വേണം.