18 കഴിഞ്ഞവര്‍ക്ക് ആധാര്‍ ഇനി കഠിനം : വില്ലേജ് സെക്രട്ടറിയോ തദ്ദേശ സെക്രട്ടറിയോ ഫീല്‍ഡ് വിസിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം : 18 വയസ്സ് കഴിഞ്ഞവർ പുതുതായി ആധാറിന് അപേക്ഷിക്കുമ്ബോള്‍ ഫീല്‍ഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. നിലവില്‍ ഇത്തരം അപേക്ഷകള്‍ സമർപ്പിക്കുമ്ബോള്‍ രേഖകള്‍ പരിശോധിച്ച് ആധാർ അനുവദിക്കുന്നതായിരുന്നു രീതി.ഇനി മുതല്‍ വില്ലേജ് സെക്രട്ടറിയോ തദ്ദേശ സെക്രട്ടറിയോ അപേക്ഷകന്‍റെ പശ്ചാത്തല സ്ഥിരീകരണം നടത്തുന്നതിന് ഫീല്‍ഡ് വിസിറ്റ് നടത്തണം.
ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലേ ആധാർ അനുവദിക്കൂ. ആധാർ ദുരുപയോഗം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കർശനമാക്കുന്നത്. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസർക്കാറിന്‍റെ പോർട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടർമാർക്ക് തിരികെയെത്തും. സബ് കലക്ടർമാരാണ് വില്ലേജ് ഓഫിസർമാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് തിരികെ സമർപ്പിക്കുക.
അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂർ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്.