സ്വര്‍ണവില കുതിക്കുന്നു ; ഇന്ന് ഒറ്റയടിക്ക് 480 രൂപ കൂടി

സർണ വില കുതിക്കുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്. ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു.
ജിഎസ്ടിയും ഹോള്‍മാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും കൊടുത്താലേ കേരളത്തില്‍ ഒരു പവൻ ആഭരണം വാങ്ങാനാകൂ.
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 45 രൂപ മുന്നേറി പുതിയ ഉയരമായ 5,840 രൂപയിലെത്തി. വെള്ളി വിലയും ഉയരുകയാണ്. ഗ്രാമിന് രണ്ടുരൂപ വർധിച്ച് വില 98 രൂപയായി. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിക്കുന്നതാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇന്നലെ കുറിച്ച ഔണ്‍സിന് 2,636 ഡോളർ എന്ന റെക്കോർഡ് തകർത്ത രാജ്യാന്തര സ്വർണവില ഇന്ന് 2,668 ഡോളർ വരെ എത്തി. അമേരിക്കയില്‍ വീണ്ടും പലിശ കുറയാനുള്ള സാധ്യത, ഇസ്രയേല്‍-ഹിസ്ബുല്ല സംഘർഷം എന്നിവയാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്.