September 24, 2024

ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 56,000 രൂപയില്‍.!! ഈമാസം കൂടിയത് 2640 രൂപ

1 min read
Share

 

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച്‌ 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയും കൂടി. ഇതില്‍ പവന് 1,400 രൂപയും കൂടിയത് കഴിഞ്ഞ 5 ദിവസത്തിനിടെയാണ്. ഗ്രാമിന് 5 ദിവസംകൊണ്ട് 175 രൂപയും ഉയർന്നു.

 

ഇന്ന് സ്വർണാഭരണം വാങ്ങണമെങ്കില്‍ പവന് കുറഞ്ഞത് 60,618 രൂപ കൊടുക്കണം. ഗ്രാമിന് 7,577 രൂപയുമാകും. സ്വർണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. പുറമേ ഹോള്‍മാർക്ക് (HUID) ഫീസും ജ്വല്ലറികള്‍ ഈടാക്കും. ഇത് 45 രൂപയും അതിന്റെ 18% വരുന്ന ജിഎസ്ടിയുമാണ്. അതായത് 53.10 രൂപ. കൂടാതെ ഓരോ ആഭരണത്തിനും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികള്‍ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ചിലർ പണിക്കൂലിയില്‍ വൻതോതില്‍ ഡിസ്കൗണ്ടും നല്‍കാറുണ്ട്. മിനിമം 5% പണിക്കൂലിയാണ്. വിവാഹാവശ്യത്തിനും മറ്റും വലിയ അളവില്‍ ആഭരണം വാങ്ങുന്നവർക്കാണ് ഇത് തിരിച്ചടി.

 

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയും അനുദിനം റെക്കോർഡ് തകർക്കുന്നത്. രാജ്യാന്തര വില ഔണ്‍സിന് 2,636.16 ഡോളർ എന്ന സർവകാല റെക്കോർഡിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 2,632 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയായി.

 

അടിസ്ഥാന പലിശനിരക്ക് കുറച്ച യുഎസ് കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസർവിന്റെ നടപടിയാണ് സ്വർണ വിലവർധനയ്ക്ക് കാരണമായത്. മറ്റൊരു കാരണം, ഇസ്രയേല്‍ നടത്തുന്ന യുദ്ധമാണ്. റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വൻതോതില്‍ സ്വർണം വാങ്ങിച്ചേർക്കുന്നതും വില വർധനയ്ക്ക് മറ്റൊരു കാരണമായി. ലോകത്തെ മുൻനിര ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ആഭരണ ഡിമാൻഡ് കൂടുന്നതാണ്. നവരാത്രി, ദസ്സറ, ദീപാവലി, വിവാഹ സീസണ്‍ എന്നിവയാണ് അടുത്തെത്തിയിട്ടുള്ളത്. സ്വർണാഭരണങ്ങള്‍ക്ക് വലിയ വില്‍പന നടക്കുന്ന സീസണ്‍ ആണിത്.

 

സ്വർണ വില മുന്നേറ്റത്തിന്റെ ട്രാക്കിലാണെന്നത് ചില നിക്ഷേപകരെയെങ്കിലും ലാഭമെടുത്ത് പിന്മാറാൻ പ്രേരിപ്പിക്കും. അങ്ങനെ സംഭവിച്ചാല്‍ വില ഇടിയും. ഇത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.