വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു : കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഗംഭീര തിരിച്ചുവരവ്

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ വിജയം. കൊച്ചിയിലെ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തൻ വമ്ബന്മാരായ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. സമനിലയില്‍ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം, മൂന്ന് ഗോളുകള്‍ പിറന്ന ആവേശപൂർണമായ രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി വിഷ്ണു പിവിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദൗയിയും ക്വമെ പെപ്രയും ഗോളുകള്‍ നേടി. നോഹയാണ് കളിയിലെ താരം. സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നോർത്ത്‌ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ്. ഈസ്റ്റ് ബംഗാളാകട്ടെ അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയില്‍ എഫ്‌സി ഗോവക്ക് എതിരെയിറങ്ങും.
നാല് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ പതിനൊന്നിന്റെ ഭാഗമായിരുന്ന മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, ക്വമെ പെപ്ര, ഫ്രഡ്‌ഡി ലല്ലാവ്മമ എന്നിവർക്ക് പകരം വിബിൻ മോഹനൻ, കഴിഞ്ഞ മത്സരത്തില്‍ ആശ്വാസ ഗോള്‍ നേടിയ ജീസസ് ജിമിനെസ്, ഡാനിഷ് ഫാറൂഖ്, നവോച്ച സിംഗ് എന്നിവർ കളത്തിലിറങ്ങി. ഈസ്റ്റ് ബംഗാളിലാകട്ടെ ഹിജാസി മഹെർ, ലാല്‍ ചുങ്‌നുംഗ, സൗവിക് ചക്രവർത്തി എന്നിവർക്ക് പകരം അൻവർ അലി, മദിഹ് തലാല്‍, മാർക്ക് സോതൻപുയ ആദ്യ ലൈനപ്പിലെത്തി.
ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ നിന്നും ട്രാന്സിസ്ഷനിലൂടെ ബ്ലാസ്റ്റേഴ്‌സ് കളം പിടിച്ചു. എട്ടാം മിനിറ്റില്‍ ലഭിച്ച സുവർണാവസരം ലക്ഷ്യത്തില്‍ എത്തിക്കാൻ പക്ഷെ ടീമിന് കഴിഞ്ഞില്ല. മധ്യനിരയില്‍ നിന്ന് വണ്‍ ടച്ച് പാസുകളിലൂടെ മുന്നേറിയ ടീമില്‍ നിന്ന് പന്ത് ഡാനിഷിലേക്കും അവിടെ നിന്ന് ബോക്സിനുള്ളില്‍ ജീസസിനും ലഭിച്ചു. വലത്തേക്ക് മുറിച്ചു കടന്ന് വലം കാലുകൊണ്ട് വലത്തേ പോസ്റ്റിലേക്ക് ഷോട്ട് എടുത്തെങ്കിലും ക്രോസ് ബാറില്‍ തട്ടി മടങ്ങി.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. വിങ്ങുകളില്‍ നിന്ന് തുടർ ക്രോസുകള്‍ ഈസ്റ്റ് ബംഗാള്‍ ബോക്സിലേക്ക് എത്തി. പക്ഷെ, ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ കൊമ്ബന്മാർക്ക് കഴിഞ്ഞില്ല. അൻപത്തിയൊമ്ബതാം മിനിറ്റില്‍ മഹേഷിന്റെ പകരക്കാരനായി കളിക്കളത്തിലിറങ്ങിയ മലയാളി താരം വിഷ്ണു പിവി മത്സരത്തിന്റെ ഗതി മാറ്റിയെഴുതി. ബ്ലാസ്റ്റേഴ്സിന്റെ ഓഫ് കെണി തകർത്തുകൊണ്ട് പന്തുമായി കുതിച്ച ഡിമി ഡയമന്റക്കൊസ്, ബോക്സിലേക്ക് നല്‍കിയ പന്ത് മലയാളി യുവതാരം വിഷ്ണു പിവി പിഴവില്ലാതെ വലയിലേക്ക് എത്തിച്ചു. സ്കോർ 0-1.
എന്നാല്‍, ഈസ്റ്റ് ബംഗാളിന്റെ ആഘോഷങ്ങള്‍ അധികനേരം നീണ്ടു നിന്നില്ല. നാള്‍ മിനിറ്റുകളില്‍ കേരളം സമനില ഗോള്‍ നേടി. നോഹ സദൗയിലൂടെ അതിഗംഭീരമായി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരികെയെത്തി. നവോച്ചയില്‍ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ കുതിച്ച നോഹ, ബംഗാളിന്റെ പ്രതിരോധ താരം രാകിപ്പിനെ വെട്ടിയൊഴിഞ്ഞ് പ്രയാസമേറിയ ഒരു ആംഗിളില്‍ മുൻ ഗോള്‍ഡൻ ബൂട്ട് ജേതാവ് പ്രഭ്‌സുഖൻ സിംഗ് ഗില്ലിനെ നിഷ്പ്രഭമാക്കി വലയിലേക്കെത്തിച്ചു. സ്കോർ 1-1 ഗോളിന് ശേഷം, സന്ദീപ് സിങ്ങിനെയും ഡാനിഷ് ഫറൂഖിനെയും മാറ്റി ഐബാനെയും മുന്നേറ്റത്തില്‍ ഐമനെയും കളിക്കളത്തിലേക്ക് എത്തിച്ചു. ഈസ്റ്റ് ബംഗാളാകട്ടെ ഡിമിത്രിയോസ് ഡയമന്റാകോസിനെ പിൻവലിച്ച് ക്‌ളീറ്റൻ സില്‍വയെ ഇറക്കി. രണ്ടാം പകുതിയില്‍ പരുക്കേറ്റ വിബിന് പകരം അസർ മധ്യനിരയിലെത്തി, ജീസസിന് പകരം പെപ്രയുമെത്തി.
76-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിക്കാൻ ഐമാണ് സുവർണാവസരം ലഭിച്ചു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലെ വിടവ് മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് നടത്തിയ ആക്രമണം എത്തിയത് ഐമന്റെ കാലുകളില്‍. പക്ഷെ, താരമെടുത്ത ഷോട്ട് ബോക്സിനു സമീപത്തുകൂടി അപകടമേതും കൂടാതെ കടന്നുപോയി. ആക്രമണത്തിന് മൂർച്ചകൂട്ടി മത്സരത്തിന്റെ ഗതി തിരികെ പിടിക്കാനായി 82-ാം മിനിറ്റില്‍ മൂന്ന് മാറ്റങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നടത്തി. ജീക്സണ്‍ സിങ്, നന്ദകുമാർ ശേഖർ, മാർക്ക് സോതൻപുയ എന്നിവർക്ക് പകരം സൗവിക് ചക്രബർത്തി, അമൻ സികെ, ഗുർസിമ്രത് ഗില്‍ എന്നിവർ കളത്തിലിറങ്ങി. 88-ാം മിനിറ്റില്‍ പെപ്ര കേരളത്തിന്റെ രക്ഷകനായി ഉദിച്ചു. മുഹമ്മദ് ഐമനില്‍ നിന്നും ലഭിച്ച പന്ത് ഗോള്‍ കീപ്പർക്ക് അനങ്ങാൻ പോലുമുള്ള അവസരമുണ്ടാക്കാതെ പെപ്ര ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോർ 2-1. മത്സരത്തിലാകെ കേരളത്തിന്റെ താരങ്ങള്‍ എടുത്ത ആകെ രണ്ട് ഷോട്ടുകളും അവസാനിച്ചത് ഗോളിലാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്റ്റാറേയുടെ പകരക്കാർ മത്സരത്തിന്റെ ഗതി തിരിച്ചുവിടുന്നതിനാണ് കൊച്ചിയിലെ കാണികള്‍ സാക്ഷ്യം വഹിച്ചത്.