September 20, 2024

സാമ്പത്തിക പ്രതിസന്ധി രൂക്ഷം : സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ : അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറി നല്‍കില്ല

1 min read
Share

 

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നല്‍കില്ല. തൊട്ട് മുന്‍പ് 25 ലക്ഷമായിരുന്നു പരിധി.

 

തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. ബില്ലുകള്‍ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.

 

സാമ്ബത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പദ്ധതികള്‍ പലതും ഒഴിവാക്കേണ്ടിവരും. സര്‍ക്കാരിന് പണം നല്‍കാനാവാത്ത സാഹചര്യത്തില്‍ കരാറുകളുടെ ബില്ലുകള്‍ ബാങ്കുവഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍നിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചുലക്ഷം വരെ മാത്രമേ കിട്ടുകയുള്ളൂ. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാര്‍ക്കും ഇത് ബാധകമാണ്. പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ഇതിന് പലിശ കരാറുകാര്‍തന്നെ നല്‍കണം.

 

ബില്ലുകള്‍ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവര്‍ഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിയിരിക്കുകയാണ് ട്രഷറി. ഡിസംബര്‍വരെ ഇനി കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.