March 16, 2025

പടിഞ്ഞാറത്തറ – പൂഴിത്തോട്‌ റോഡ്‌ ; ജലസേചന വകുപ്പ്‌ 0.0167 ഹെക്‌ടര്‍ വിട്ടുനല്‍കും

Share

 

കല്‍പ്പറ്റ : പടിഞ്ഞാറത്തറ – പൂഴിത്തോട്‌ റോഡ്‌ വികസനത്തിന്‌ ജലസേചന വകുപ്പ്‌ 0.0167 ഹെക്‌ടര്‍ ഭൂമി വിട്ടുനല്‍കും. പടിഞ്ഞാറത്ത വില്ലേജില്‍ സര്‍വേ നമ്ബര്‍ 242/4 ല്‍പ്പെട്ട ഭൂമിയാണ്‌ വിട്ടു നല്‍കുക. ഇതിന്‌ അനുമതി നല്‍കി കഴിഞ്ഞ ദിവസം ഉത്തരവായി. പടിഞ്ഞാറത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാലന്‍ 2023 നവംബര്‍ 10ന്‌ സമര്‍പ്പിച്ച നിവേദനവും ജലസേചന വകുപ്പ്‌ ചീഫ്‌ എന്‍ജിനിയറുടെ 2024 ഓഗസ്‌റ്റ് ഏഴിലെ കത്തും കണക്കിലെടുത്താണ്‌ നടപടി.

 

ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ ഡിവിഷന്‍ കാര്യാലയങ്ങള്‍ക്കു സമീപമുള്ളതാണ്‌ റോഡിനു വിട്ടുകൊടുക്കുന്ന സ്‌ഥലം. പൂഴിത്തോട്‌ റോഡ്‌ തുടങ്ങുന്ന ഭാഗത്ത്‌ ജലസേചന വകുപ്പിന്റെ ഉമസ്‌ഥതയിലുള്ള സ്‌ഥലത്തെ മതില്‍ പൊളിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ കഴിഞ്ഞവര്‍ഷം പടിഞ്ഞാറത്തറയില്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ക്ക്‌ ഉറപ്പുനല്‍കിയിരുന്നു. വയനാടിനെ കോഴിക്കോട്‌ ജില്ലയുമായി ബന്ധിപ്പിക്കുന്നതാണ്‌ പടിഞ്ഞാറത്തറ-പൂഴിത്തോട്‌ റോഡ്‌. ഇതിന്റെ പ്രവൃത്തി മൂന്നു പതിറ്റാണ്ടുമുമ്ബു തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാനായില്ല.

 

റോഡില്‍ ഏതാനും കിലോമീറ്റര്‍ വനത്തിലൂടെയാണ്‌ കടന്നുപോകേണ്ടത്‌. ഈ ഭാഗത്ത്‌ റോഡ്‌ നിര്‍മിക്കാന്‍ വനം മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ജലസേചന വകുപ്പ്‌ ഭൂമി വിട്ടുനല്‍കിയത്‌ ചുരം ബദല്‍ റോഡിനായി പരിശ്രമിക്കുന്നവരെ ആഹ്ലാദത്തിലാക്കി. വനഭൂമി വിട്ടുകിട്ടുന്നതിനു നീക്കം ഊര്‍ജിതമാക്കാനാണ്‌ പടിഞ്ഞാറത്തറ-പൂഴിത്തോട്‌ റോഡ്‌ കര്‍മ സമിതി തീരുമാനം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.