കഫം പൂര്‍ണ്ണമായും കളയാൻ ചില വഴികള്‍

ഇപ്പോള്‍ കുട്ടികള്‍ മുതല്‍ മുതിർന്നവർക്കുവരെ നല്ല കഫക്കെട്ട് കണ്ടുവരുന്നുണ്ട്. മാറുന്ന കാലാവസ്ഥമൂലവും, അമിതമായി വിയർപ്പ് ഇറങ്ങുന്നതുമൂലമെല്ലാം കഫക്കെട്ട് വരാം. ഇത്തരത്തില്‍ കഫക്കെട്ട് വന്നാല്‍ ശ്വാസം മുട്ട് മുതല്‍, കുത്തിക്കുത്തിയുള്ള ചുമവരെ അനുഭവപ്പെടാം.
ചിലർക്ക് വരണ്ട ചുമയായിരിക്കും. എന്നാല്‍, മറ്റു ചിലർക്ക് കഫം പുറത്ത് പോകും, പക്ഷേ, എത്ര ചെയ്തിട്ടും കഫക്കെട്ട് മാറുന്നുണ്ടാവുകയില്ല. പ്രത്യേകിച്ച് നെഞ്ചില്‍ കഫം കെട്ടിക്കിടന്നാല്‍ അത് പൂർണ്ണമായും ഭേദമാകാൻ കുറച്ചധികം സമയമെടുക്കും. ഈ കഫത്തെ ഇംഗ്ലീഷ് മരുന്ന് കഴിക്കാതെ, തികച്ചും പ്രകൃതിദത്തമായ രീതിയില്‍, ചില ഒറ്റമൂലികളാല്‍ മാറ്റിയെടുക്കാൻ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.
ആടലോടകം
നെഞ്ചിലെ കഫം മാറ്റിയെടുക്കാനും, ചുമ മാറാനും ആടലോടകം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന്റെ ഇലയില്‍ വിറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ചുമ, കഫക്കെട്ട് എന്നിവ മാറ്റി എടുക്കാനും സാധിക്കും. നെഞ്ചിലെ കഫം അകറ്റാനായി ആടലോടകത്തിന്റെ നാല് ഇലകള്‍ എടുക്കുക, ഇതിലേയ്ക്ക്, ഒരു പിടി തുളസിയും ചേർത്ത് ആവി കയറ്റണം. ഒന്ന് ആവി കയറിയാല്‍ ഈ ഇലകള്‍ പുറത്തേയ്ക്കെടുത്ത് കുത്തിപ്പിഴിഞ്ഞ് നീരെടുക്കുക. ഈ നീര് മൂന്ന് നേരം പതിവായി കുടിക്കുന്നത് ചുമയും കഫക്കെട്ടും മാറാൻ സഹായിക്കും. പ്രത്യേകിച്ച് നെഞ്ചിലെ കഫം മാറാൻ ഈ മരുന്ന് ഉത്തമമാണ്. വീട്ടില്‍ തുളസി ഇല്ലെങ്കില്‍ ആടലോടകം മാത്രം ഉപയോഗിച്ചാലും നല്ല ഫലം ലഭിക്കുന്നതാണ്. ഇന്ന് മാർക്കറ്റില്‍ ആടലോടകത്തിന്റെ പൊടിയും വാങ്ങാൻ ലഭിക്കും. ഈ പൊടി ഒരു ടീസ്പൂണ്‍ എടുത്ത് ചെറു ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും നെഞ്ചിലെ കഫം അകറ്റാൻ സഹായിക്കും.
ഇഞ്ചിയും തേനും
ഇഞ്ചിയിലും തേനിലും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റി ബാക്റ്റീരിയല്‍, ആന്റി വൈറല്‍ ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ കഫക്കെട്ട് വേഗത്തില്‍ മാറ്റിയെടുക്കാൻ ഇവ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് നെഞ്ചില്‍ കെട്ടിക്കിടക്കുന്ന കഫം വേഗത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. കഫക്കെട്ട് മാറ്റിയെടുക്കാനായി ഒരു കഷ്ണം ഇഞ്ചി എടുക്കുക. നന്നായി ചതച്ച് നീരടുക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർത്ത് മിക്സ് ചെയ്യുക. രണ്ട് നേരം പതിവായി ഇത് കഴിക്കുന്നത് തൊണ്ടയ്ക്ക് ആശ്വാസം ലഭിക്കാനും, ചുമ ശമിക്കാനും, നെഞ്ചിലെ കഫം മാറാനും സഹായിക്കും.
തുളസി വെള്ളം
നല്ല കഫക്കട്ട് ഉള്ള സമയത്ത് തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. തുളസിയില്‍ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, ആന്റി ബാക്റ്റീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാല്‍, തുളസിയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നത് നെഞ്ചില്‍ നിന്നും കഫം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.
ചുക്കും കുരുമുളകും
ചുക്കിലും കുരുമുളകിലും ആന്റി ഇന്റഫ്ലനമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇവ കഫക്കെട്ട് കുറയ്ക്കാനും, നെഞ്ചില്‍ നിന്നും കഫം നീക്കം ചെയ്യാനും വളരെയധികം സഹായിക്കുന്നതാണ്. ഇതിനായി, ചുക്ക് ഒരു ചെറിയ കഷ്ണം നന്നായി പൊടിച്ച് വെയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് കുരുമുളക് പൊടിയും കുറച്ച് ശർക്കരയും കുറച്ച് ജീരകവും ചേർത്ത് ഇടയ്ക്ക് കഴിക്കുക. തൊണ്ടയിലെ കരകരപ്പ് കുറയ്ക്കാനും, നെഞ്ചില്‍ നിന്നും കഫം നീക്കം ചെയ്യാനും ഇത് സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍
നല്ല കഫക്കെട്ട് ഉള്ള സമയത്ത് അമിതമായി തണുത്ത ആഹാരങ്ങള്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, തണുത്ത ചോറ്, തണുത്ത വെള്ളം എന്നിവയെല്ലാം ഒഴിവാക്കുന്നത് നല്ലതാണ്. അതുപോലെ, ഇടയ്ക്കിടയ്ക്ക് ചെറു ചൂടുവെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് നെഞ്ചിലെ കഫം ഇളകി പോകുന്നതിന് സഹായിക്കും. ഉറങ്ങുമ്ബോള്‍ ഫാൻ ഒഴിവാക്കുക. കാലിലും തലയിലും തണുപ്പടിക്കാത്ത വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ കഫക്കെട്ട് വേഗത്തില്‍ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.