15 വര്‍ഷം കഴിഞ്ഞാലും ഇനി വാഹനങ്ങള്‍ പൊളിക്കേണ്ടി വരില്ല ; പരിഷ്‌കാരത്തിന് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി : കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ടി വന്നേക്കില്ലെന്ന് റിപ്പോർട്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.കാലപ്പഴക്കം നിര്‍ണയിക്കാന്‍ വര്‍ഷത്തിന് പകരം മലിനീകരണ തോത് നിശ്ചയിക്കും. നിശ്ചിത പരിധിക്ക് മുകളില്‍ മലിനീകരണ തോത് ഉയര്‍ന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ഗതാഗത മന്ത്രാലയ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു. 2021ല്‍ പുതിയ പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വന്നശേഷം ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചത്. കേരളത്തിലാകട്ടെ 2,253 വാഹനങ്ങളും.
2021 ഓഗസ്റ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിക്ക് രൂപം നല്‍കിയത്. രാജ്യത്ത് കാലാവധി കഴിഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി പ്രഖ്യാപിച്ചത്. ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരും. ഇതോടെ നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാകേണ്ടിവരും.