തേറ്റമലയിലെ കുഞ്ഞാമിയുടേത് കൊലപാതകം ; അയൽ വാസിയായ യുവാവ് അറസ്റ്റിൽ

മാനന്തവാടി : തേറ്റമലയിൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തിൽ അയൽവാസിയായ തേറ്റമല കൂത്തുപറമ്പ്‌കുന്ന് ചോലയിൽ വീട്ടിൽ ഹക്കീം (42) നെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്‌തു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കിയത്. സെപ്‌തംബർ നാലിനാണ് തേറ്റമലയിലെ വീട്ടിൽ നിന്ന് തേറ്റമല വിലങ്ങിൽ വീട്ടിൽ കുഞ്ഞാമി (75) യെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് സെപ്‌തംബർ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്.
മാതാവിനെ കാണാനില്ലെന്ന് കാണിച്ച് കുഞ്ഞാമിയുടെ മകൻ്റെ പരാതി ലഭിച്ചയുടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയ ശേഷം മരണത്തിൽ സംശയം തോന്നിയ പോലീസ് പരിസരവാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. പരിസരം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണവും നടത്തി. കിണറിൻ്റെ പരിസരത്ത് വിരലടയാള വിദഗ്‌ധരടക്കമുള്ള സംഘം പരിശോധന നടത്തി.
അയൽവാസിയായ ഹക്കീം ബാങ്കിൽ സ്വർണം പണയം വെച്ചിട്ടുണ്ടെന്ന നിർണായക വിവരം ലഭിച്ച പോലീസ് വീണ്ടും ഹക്കീമിനെ ചോദ്യം ചെയ്‌തു. സി.സി. ടിവി ദൃശ്യങ്ങളും സാഹചര്യതെളിവുകളും ശേഖരിച്ച ശേഷമുള്ള പഴുതടച്ച ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.