പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം

കൽപ്പറ്റ : ഓണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. വയനാട് ദുരന്തത്തിന്‍റെ വേദനയില്‍ ഈ ഓണക്കാലം അതിജീവനത്തിന്‍റെ ഉയർത്തെഴുന്നേല്‍പ് കൂടിയാണ്. പൊലിമ കുറച്ച്, കൂട്ടായ്മകള്‍ ചേർത്തുപിടിച്ച്, ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാട്.
അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് പൂക്കളം ഒരുങ്ങും. പണ്ടൊക്കെ നാടന്‍ പൂക്കളാണ് ഉപയോഗിച്ചിരുന്നത്. തുമ്ബയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവുമെല്ലാം നിറഞ്ഞുനിന്ന കാലം. എന്നാല്‍, അവ ഇന്ന് ഇറക്കുമതി പൂക്കളായ ജമന്തിക്കും ചെണ്ടുമല്ലിക്കുമെല്ലാം വഴിമാറി.
ഓരോ നാളിലും പല തരത്തിലാണ് പൂക്കളം ഒരുക്കുന്നത്. ചിത്തിരനാളില്‍ വെളുത്ത പൂക്കളാണിടുക. ചോതി നാള്‍ മുതല്‍ നിറമുള്ളവ ഇടാം. പ്രത്യേകിച്ചും ചെമ്ബരത്തിയടക്കമുള്ള ചുവന്ന പൂക്കള്‍. ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും.
ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ തീര്‍ക്കുന്നവരുമുണ്ട്. ചോതി മുതല്‍ നടുക്ക് വക്കുന്ന കുട നാല് ഭാഗത്തേക്കും വെക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂ കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെക്കുന്ന ചടങ്ങ് തെക്കൻ ജില്ലകളിലുണ്ട്.
പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തുനിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും അന്നാണ്. തിരുവോണത്തിന് തുമ്ബക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെയും വെക്കും. തൃക്കാക്കരയപ്പനെ തുമ്ബക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. വടക്ക് മാതേവരെ വെക്കുകയെന്നും പറയാറുണ്ട്.