ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഇനി യുപിഐ ഇടപാട് നടത്താം ; പുതിയ ഫീച്ചർ

ഇന്ത്യയെ ഡിജിറ്റല്‍ ഇന്ത്യയായി മാറ്റുന്നതിനുള്ള യജ്ഞത്തിന് കരുത്തുപകർന്നുകൊണ്ട് ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുപിഐ സർക്കിള്‍ (UPI Circle) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെയും യുപിഐ ഇടപാടുകള്‍ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കും വിധത്തിലാണ് യുപിഐ സർക്കിള്‍ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരാള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താം എന്നതാണ് യുപിഐ സർക്കിളിന്റെ പ്രത്യേകത. യുപിഐ സർക്കിളില്‍ ചുരുങ്ങിയത് രണ്ട് പേർ ഉണ്ടാകും.
യുപിഐ അക്കൗണ്ടിന്റെ യഥാർഥ ഉടമയെ പ്രൈമറി യൂസറെന്നും അദ്ദേഹത്തോടൊപ്പം ആ അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കുന്ന രണ്ടാമത്തെയാളെ സെക്കൻഡറി യൂസറെന്നും വിളിക്കുന്നു. ഈ സെക്കൻഡറി യൂസർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും പ്രൈമറി യൂസറുടെ അക്കൗണ്ട് ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താൻ സാധിക്കും എന്നതാണ് യുപിഐ സർക്കിള്‍ ഫീച്ചറിന്റെ പ്രത്യേകത.
എന്നാല്‍ പ്രൈമറി യൂസർ നിശ്ചയിക്കുന്ന അത്രയും തകയുടെ ഇടപാടുകള്‍ നടത്താൻ മാത്രമേ സെക്കൻഡറി യൂസർക്ക് അനുവാദം ഉണ്ടാകുകയുള്ളൂ. ഡിജിറ്റല്‍ പേയ്‌മെൻ്റുകള്‍ നടത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കും സ്വന്തമായി യുപിഐ ആക്ടിവേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ സർക്കിള്‍ ഫീച്ചർ അനുയോജ്യമാണ് എന്നാണ് വിലയിരുത്തല്‍.
യുപിഐ സർക്കിള്‍ ഫീച്ചർ ഉപയോഗിച്ച് ഒരു ഗൃഹനാഥന് തന്റെ ഭാര്യയെയോ മക്കളെയോ സെക്കൻഡറി യൂസറാക്കാൻ സാധിക്കും. അതുവഴി ഗൃഹനാഥൻ അനുവദിച്ചിട്ടുള്ള അത്രയും തുകയുടെ പർച്ചേസുകള്‍ നടത്താൻ സെക്കൻഡറി യൂസറായ മക്കള്‍ക്കോ ഭാര്യക്കോ അല്ലെങ്കില്‍ അദ്ദേഹം ആരെയാണോ ഈ ഫീച്ചർ വഴി ചുമതലപ്പെടുത്തുന്നത് ആ വ്യക്തിക്കോ സാധിക്കും.
വേണ്ടപ്പെട്ടവരുടെ പണ ഉപയോഗം നിയന്ത്രിക്കാൻ ഈ ഫീച്ചർ അനുയോജ്യമാണ്. എങ്കിലും ഈ ഫീച്ചർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കൂടുതല്‍ ആളുകളെ യുപിഐ പേയ്മെന്റ് ഇടപാടുകളിലേക്ക് കൊണ്ടുവരിക എന്നതാണ്. യുപിഐ പേയ്മെന്റിലൂടെ ഇടപാടുകള്‍ നടത്താനുള്ള സംവിധാനം ഇന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ട്. എങ്കിലും പണം നല്‍കി ഇടപാടുകള്‍ നടത്തുന്നവർ ഇപ്പോഴുമുണ്ട്.
ഇപ്പോഴും പണം നല്‍കി വ്യാപാര ഇടപാടുകള്‍ നടത്തുന്നവരെയാണ് യുപിഐ സർക്കിള്‍ ഫീച്ചറിലൂടെ എൻപിസിഐ ലക്ഷ്യം വയ്ക്കുന്നത്. പ്രാഥമിക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആക്‌സസ്സ് ഇല്ലാതെ തന്നെ അക്കൗണ്ട് ഉടമ ചുമതലപ്പെടുത്തുന്നവർക്ക് പേയ്‌മെൻ്റുകള്‍ നടത്താൻ UPI സർക്കിള്‍ സൗകര്യമൊരുക്കുന്നു. ഇത് കൂടാതെ അടുത്തിടെ മറ്റൊരു ഫീച്ചർ കൂടി ആർബിഐയും എൻപിസിഐയും ചേർന്ന് അവതരിപ്പിച്ചിട്ടുണ്ട്.
കാർഡുകളുടെയോ മറ്റേതെങ്കിലും ഫിസിക്കല്‍ കാർഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാൻ സാധിക്കുന്ന യുപിഐ ഇൻ്റർഓപ്പറബിള്‍ ക്യാഷ് ഡെപ്പോസിറ്റ് (UPI-ICD) എന്ന ഫീച്ചർ ആണ് പുതിയതായി അവതരിപ്പിക്കപ്പെട്ട ആ ഫീച്ചർ. പണം നിക്ഷേപിക്കാനും പിൻവലിക്കാനും (കാഷ്-റീസൈക്ലർ മെഷീനുകള്‍) ഉപയോഗിക്കാവുന്ന എടിഎമ്മുകളില്‍ മാത്രമേ UPI-ICD ഫീച്ചർ ലഭ്യമാകൂ.
ഉപയോക്താവിൻ്റെ മൊബൈല്‍ നമ്ബർ, യുപിഐ, വെർച്വല്‍ പേയ്‌മെൻ്റ് അഡ്രസ് (വിപിഎ), അക്കൗണ്ട് ഐഎഫ്‌എസ്‌സി എന്നിവയുമായി ബന്ധിപ്പിച്ച്, അവരുടെ സ്വന്തം അക്കൗണ്ടിലോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലോ പണം നിക്ഷേപിക്കാൻ യുപിഐ-ഐസിഡി ഫീച്ചറിന് സാധിക്കും. പണം നിക്ഷേപിക്കുന്നതിന് പുറമെ, ബാങ്ക് ആപ്പുകള്‍ ഹോസ്റ്റുചെയ്യുന്നതിനുള്ള ഏറ്റവും പുതിയ ശേഷിയുള്ള എടിഎമ്മുകളെ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളായി (ഡിബിയു) മാറ്റാനും നീക്കമുണ്ട്.
എടിഎം കൗണ്ടറുകള്‍ വഴി ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യാനും ക്രെഡിറ്റ് കാർഡുകള്‍ക്ക് അപേക്ഷിക്കാനും ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാനും സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ക്കായി അപേക്ഷിക്കാനും ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്താനാകും. അങ്ങനെ എടിഎമ്മുകള്‍ മിനി ബാങ്കുകളായി മാറും. രാജ്യത്തെ പണമിടപാടുകള്‍ കൂടുതല്‍ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനങ്ങള്‍ ഒരുക്കുന്നത്.