News Today Wayanad

News Updates..

യൂറോ കപ്പ് : നെതർലൻഡ്സിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഇംഗ്ലണ്ട് ഫൈനലില്‍

1 min read

 

90-ാം മിനിറ്റില്‍ പകരക്കാരൻ ഒലി വാറ്റ്കിൻസ് നേടിയ ഗോളില്‍ നെതർലൻഡ്സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ജയം. ഇംഗ്ലീഷ് ടീമിന്റെ തുടർച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. വിദേശ മണ്ണില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടൂർണമെന്റ് ഫൈനലിലെത്തുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

 

ഇതോടെ യൂറോ കപ്പില്‍ സെമിയിലെത്തിയ ആറാം തവണയും നെതർലൻഡ്സിന് ഫൈനല്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ മുന്നിലെത്തിയ ഡച്ച്‌ ടീമിനെതിരേ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നാലെ മത്സരം അധികസമയത്തേക്ക് പോകുമെന്ന ഘട്ടത്തില്‍ നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേടിയ ഗോളില്‍ ഒലി വാറ്റ്കിൻസ് ഇംഗ്ലണ്ടിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

 

തുർക്കിക്കെതിരായ ക്വാർട്ടറില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് റൊണാള്‍ഡ് കോമാൻ നെതർലൻഡ്സിനെ കളത്തിലിറക്കിയത്. സ്റ്റീവൻ ബെർഗ്വിന് പകരം ഡോണ്‍യെല്‍ മാലെൻ ആദ്യ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമില്‍ സസ്പെൻഷൻ കഴിഞ്ഞ് മാർക് ഗുഹി തിരിച്ചെത്തിയപ്പോള്‍ എസ്രി കോൻസയ്ക്ക് സ്ഥാനം നഷ്ടമായി.

 

നെതർലൻഡ്സ് ടീമിന്റെ തുടർസമ്മർദങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഡോണ്‍യെല്‍ മാലെനും സാവി സിമോണ്‍സും കോഡി ഗാക്പോയും ചേർന്നുള്ള മുന്നേറ്റങ്ങള്‍ തുടക്കത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തെ സമ്മർദത്തിലാക്കി. എന്നാല്‍ പെട്ടെന്ന് കളിയില്‍ താളം കണ്ടെത്തിയ ഇംഗ്ലണ്ട് തിരിച്ചും ആക്രമണമാരംഭിച്ചു. ബുകായോ സാക്കയും ഫില്‍ ഫോഡനും ജൂഡ് ബെല്ലിങ്ങാമുമായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത്.

 

 

എന്നാല്‍ ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച്‌ സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ ഡച്ച്‌ ടീം മുന്നിലെത്തി. ഡെക്ലാൻ റൈസില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോണ്‍സിന്റെ കിടിലൻ ലോങ് റേഞ്ചർ തടയാൻ ഇംഗ്ലീഷ് ഗോളി ജോർദൻ പിക്ഫോർഡിനായില്ല. ഗോളിയുടെ വിരലിലുരുമ്മി പന്ത് വലതുളച്ചു.

 

ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ഉണർന്നുകളിച്ചു. 13-ാം മിനിറ്റില്‍ കെയ്നിന്റെ ഷോട്ട് ഡച്ച്‌ ഗോളി വെർബ്രുഗ്ഗൻ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ സാക്കയുടെ മുന്നേറ്റം ഡച്ച്‌ ബോക്സ് വിറപ്പിച്ചു. സാക്കയുടെ ഈ മുന്നേറ്റത്തിനിടെ ലഭിച്ച പന്തില്‍ നിന്ന് ഒരു വോളിക്കുള്ള ശ്രമത്തിനിടെ ഹാരി കെയ്നിനെതിരായ ഡെൻസെല്‍ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. ഏറെ നേരത്തേ വാർ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം. പിന്നാലെ കിക്കെടുത്ത കെയ്ൻ 18-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

 

 

ഗോള്‍ നേടിയതിനു പിന്നാലെ ഇംഗ്ലണ്ടിനായിരുന്നു മത്സരത്തില്‍ ആധിപത്യം. ഫില്‍ ഫോഡനും ഫോമിലേക്കെത്തിയതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് മൂർച്ച കൂടി. 23-ാം മിനിറ്റില്‍ ഇത്തരമൊരു അതിവേഗ മുന്നേറ്റത്തിനു ശേഷമുള്ള ഫോഡന്റെ ഷോട്ട് ഡംഫ്രീസ് ഗോള്‍ലൈനില്‍വെച്ച്‌ അദ്ഭുതകരമായി രക്ഷപ്പെടുത്തി.

 

 

തുടർന്ന് ഒരു കോർണറില്‍ നിന്നുള്ള ഡംഫ്രീസിന്റെ ഹെഡർ ക്രോസ്ബാറിലിടിച്ച്‌ മടങ്ങി. രണ്ടു മിനിറ്റിനു ശേഷം ഒരു തകർപ്പൻ മുന്നേറ്റം നടത്തിയ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ച്‌ മടങ്ങുകയും ചെയ്തു.

 

തുടർന്ന് ആദ്യ പകുതിയില്‍ തന്നെ മെംഫിസ് ഡീപേ പരിക്കേറ്റ് മടങ്ങിയത് ഡച്ച്‌ ടീമിന് തിരിച്ചടിയായി. ജോയ് വീർമൻ പകരമിറങ്ങി.

 

നെതർലൻഡ്സ് മാലെനു പകരം വുട്ട് വെഗ്രോസ്റ്റിനെയും ഇംഗ്ലണ്ട് ട്രിപ്പിയറിനു പകരം ലൂക്ക് ഷോയേയും കളത്തിലിറക്കിയാണ് രണ്ടാം പകുതിക്കിറങ്ങിയത്.

 

പന്ത് കൈവശംവെച്ച്‌ കളിക്കാനാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ശ്രമിച്ചത്. ഡച്ച്‌ ടീമാകട്ടെ പ്രതിരോധം ശക്തമാക്കി. 65-ാം മിനിറ്റില്‍ വാൻഡൈക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പിക്ക്ഫോർഡ് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെ കാത്തു. 75 മിനിറ്റിന് ശേഷമാണ് രണ്ടാം പകുതിയില്‍ ഡച്ച്‌ ആക്രമണങ്ങള്‍ കടുപ്പിച്ചത്.

 

പിന്നാലെ 79-ാം മിനിറ്റില്‍ ഫോഡനും കൈല്‍ വാക്കറും ചേർന്നുള്ള മുന്നേറ്റത്തിനൊടുവില്‍ സാക്ക പന്ത് വലയിലാക്കിയെങ്കിലും വാല്‍ക്കർ ഓഫ്സൈഡായിരുന്നതിനാല്‍ ഗോള്‍ നിഷേധിച്ചു. 80 മിനിറ്റിനു ശേഷം കോച്ച്‌ ഗാരെത് സൗത്ത് ഗേറ്റിന്റെ ധീരമായ രണ്ട് മാറ്റങ്ങളാണ് മത്സരത്തിന്റൈ ഫലം നിർണയിച്ചത്. ഗോള്‍ ലക്ഷ്യമിട്ട് ഫോഡനെയും കെയ്നിനെയും പിൻവലിച്ച്‌ കോള്‍ പാല്‍മറെയും ഒലി വാറ്റ്കിൻസിനെയും കളത്തിലിറക്കി.

 

കളിയവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പാല്‍മറുടെ പാസ് ബോക്സിനുള്ളില്‍ സ്വീകരിച്ച്‌ വെട്ടിത്തിരിഞ്ഞുള്ള വാറ്റ്കിൻസിന്റെ ഷോട്ട് വലയില്‍. ഒപ്പം ഇംഗ്ലണ്ടിന് ഫൈനല്‍ ബർത്തും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.