News Today Wayanad

News Updates..

ക്ഷേമപെന്‍ഷന്‍ കൂട്ടും ; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

1 min read

ക്ഷേമപെന്‍ഷന്‍ കൂട്ടും ; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്ബത്തിക വർഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

നിലവില്‍ സാമൂഹ്യക്ഷേമ പെൻഷനുകളുടെ അഞ്ചുഗഡുക്കള്‍ കുടിശ്ശികയാണ്. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നല്‍കണമെന്ന കാര്യത്തില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്ബത്തിക വർഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

മറ്റ് പ്രഖ്യാപനങ്ങള്‍:

 

തനത് ഫണ്ട് ഉപയോഗിച്ച്‌ പെൻഷൻ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോർഡുകള്‍

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് (അണ്‍അറ്റാച്ച്‌ഡ്), കേരള പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളില്‍ 2024 മേയ് മാസം വരെയുളള പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡില്‍ 2023 മെയ് വരെയാണ് പെൻഷൻ നല്‍കിയിട്ടുള്ളത്. കെട്ടിട നിർമ്മാതാക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന സെസ് തുകയില്‍ നിന്നുമാണ് കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ വിതരണം ചെയ്യുന്നത്. സെസ് കാര്യക്ഷമമായി പിരിച്ചെടുത്ത് കുടിശ്ശിക നിവാരണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താൻ സർക്കാർ തലത്തില്‍ പ്രത്യേക ഇടപെടല്‍ ഉണ്ടാകും.

 

ആധാരം എഴുത്തുകാരുടെയും പകർപ്പ് എഴുത്തുകാരുടെയും സ്റ്റാമ്ബ് വെണ്ടർമാരുടെയും പെൻഷനുകള്‍ നല്‍കുന്നത് ക്ഷേമനിധിയുടെ തനത് ഫണ്ടില്‍ നിന്നാണ്. ഈ ആനുകൂല്യങ്ങള്‍ക്ക് നിലവില്‍ കുടിശ്ശികയില്ല.

 

ഖാദി ഇൻകം സപ്പോർട്ട് സ്കീം

 

ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് സർക്കാർ നല്‍കിവരുന്ന ഇൻകം സപ്പോർട്ട് സ്കീം ഖാദി വസ്ത്രങ്ങള്‍ക്കുള്ള റിബേറ്റ്, ഖാദി നൂല്‍പ്പ്കാർക്കും നെയ്ത്തുകാർക്കും നല്‍കുന്ന ഉല്‍പ്പാദക ബോണസ്സും ഉത്സവ ബത്തയും നിലവില്‍ കുടിശ്ശികയാണ്. 2024 മെയ് വരെ ഇൻകം സപ്പോർട്ട് ഇനത്തില്‍ 38 കോടി രൂപയാണ് കുടിശ്ശിക. പ്രൊഡക്ഷൻ ഇൻസെന്റീവ് ഇനത്തില്‍ 7 കോടിയും റിബേറ്റ് ഇനത്തില്‍ 35 കോടി രൂപയും കുടിശ്ശികയാണ്. ആകെ 80 കോടി രൂപ കുടിശ്ശികയാണ്. ഇത് കൊടുത്ത് തീർക്കാനുള്ള നടപടി സ്വീകരിക്കും.

 

കേരള അംഗൻവാടി വർക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി

 

കേരള അംഗൻവാടി വർക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോർഡില്‍ നിന്ന് 8,219 വർക്കർമാർക്കും 8,946 ഹെല്‍പ്പർമാർക്കുമായി ആകെ 17,165 പേർക്ക് അംശാദായ പെൻഷൻ നല്‍കിവരുന്നു. 2010 മുതല്‍ 2022 വരെ വിരമിച്ച വർക്കർമാർക്ക് 2024 മെയ്, ജൂണ്‍ മാസങ്ങളിലെ പെൻഷൻ നല്‍കുന്നതിനായി 6.10 കോടി രൂപയും 2023 ഏപ്രിലില്‍ വിരമിച്ചവർക്ക് 11 മാസത്തെ കുടിശ്ശിക നല്‍കുന്നതിന് 4.18 കോടി രൂപയും 2024 ല്‍ വിരമിച്ചവർക്ക് പെൻഷൻ കുടിശ്ശികയായി 94.35 ലക്ഷം രൂപയും ഉള്‍പ്പെടെ 11.22 കോടി രൂപ കുടിശ്ശികയുണ്ട്. ഇത് അനുവദിക്കാൻ നടപടി സ്വീകരിക്കും.

 

ആരോഗ്യമേഖലയിലെ കുടിശ്ശിക

 

കാരുണ്യ പദ്ധതിയുടെ ഭാഗമായും മരുന്ന് വിതരണത്തിനുള്ള ബില്ലുകളിലും വന്ന കുടിശ്ശിക സമയബന്ധിതമായി 2024-25 സാമ്ബത്തിക വർഷത്തില്‍ തന്നെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. സർക്കാർ ആശുപത്രികളില്‍ മരുന്നുലഭ്യതയ്ക്കും മറ്റും ഈ കുടിശ്ശിക തടസ്സമാകരുതെന്ന് സർക്കാരിന് നിർബന്ധമുള്ളതിനാല്‍ ഇത് പൂർണ്ണമായും കൊടുത്തുതീർക്കുന്നതാണ്.

 

സപ്ലൈകോ

 

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയ്ക്കുള്ള സഹായം, നെല്ല് സംഭരണം, നെല്ലുല്പാദനം എന്നിവയ്ക്ക് നല്‍കേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകള്‍ എന്നിവയിലെ കുടിശ്ശിക 2024-25 സാമ്ബത്തിക വർഷം തന്നെ വിതരണം ചെയ്യുന്നതാണ്.

 

169 ത്രിവേണി സ്റ്റോറുകളെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മെഗാ ത്രിവേണി മാർക്കറ്റുകള്‍ ആരംഭിക്കാനും നീതി സ്റ്റോറുകളുടെ വാതില്‍പ്പടി വിതരണം പുനരുജ്ജീവിപ്പിക്കാനും ഉദ്ദേശിക്കുന്നു. ത്രിവേണി/ നീതി വിഭാഗത്തില്‍ ഓണം ഉള്‍പ്പെടെയുള്ള ഉത്സവ കാലങ്ങളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സബ്സിഡി വിപണികള്‍ നടത്തും.

 

കരാറുകാർക്കുള്ള കുടിശ്ശിക

 

ബില്‍ ഡിസ്ക്കൗണ്ടിംഗ് സ്കീം വഴി ലഭ്യമാക്കിയിട്ടുള്ള തുകയുടെ കുടിശ്ശിക 2024-25 സാമ്ബത്തിക വർഷത്തില്‍ തന്നെ വിതരണം ചെയ്യുന്നതാണ്. ഈ ഇനത്തില്‍ 2,500 കോടി രൂപയുടെ തുകയാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്.

 

സ്കോളർഷിപ്പ് വിതരണം

 

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്കും, മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ടവർക്കും ഉള്ള വിദ്യാർത്ഥികള്‍ക്കുള്ള സ്കോളർഷിപ്പ് ആനുകൂല്യങ്ങളുടെ കുടിശ്ശിക 2024-25 സാമ്ബത്തികവർഷം തന്നെ വിതരണം ചെയ്യുന്നതാണ്.

 

മറ്റ് ധനസഹായങ്ങള്‍

 

വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം, ക്യാൻസർ, ക്ഷയം, ലെപ്രസി രോഗികള്‍ക്കുള്ള ധനസഹായം, പമ്ബിംഗ് സബ്സിഡി, യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറിത്തൊഴിലാളികള്‍ക്കുള്ള കൂലിയും റിബേറ്റും, മിശ്രവിവാഹിതർക്കുള്ള ധനസഹായം, തണല്‍ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ആചാര്യസ്ഥാനീയർ, കോലധികാരികള്‍ക്കുള്ള ധനസഹായം, മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയില്‍ നിന്നുള്ള വിവാഹധനസഹായം എന്നീ ഇനങ്ങളില്‍ ഈ സാമ്ബത്തിക വർഷാവസാനത്തോടെ ഒരു കുടിശ്ശികയും നിലവിലില്ലായെന്ന് സർക്കാർ വകുപ്പുകള്‍ ഉറപ്പുവരുത്തും. ഈ ഇനത്തിലെ കുടിശ്ശിക വിതരണത്തില്‍ 103.91 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

 

മേല്‍ പറഞ്ഞ കുടിശ്ശിക തുകകള്‍ 2024-25 സാമ്ബത്തിക വർഷത്തില്‍ തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

 

ലൈഫ് മിഷൻ

 

അഞ്ചുവർഷത്തിനുള്ളില്‍ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഓരോ വീടുകള്‍ക്കും നാലു ലക്ഷം രൂപ വീതമാണ് സർക്കാർ നല്‍കുന്നത്. ഇപ്രകാരം ഇതുവരെ അനുവദിച്ച 5,78,025 വീടുകളില്‍ 4,04,529 വീടുകള്‍ പൂർത്തിയാക്കിയിട്ടുണ്ട്.

 

പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 83,261 വീടുകള്‍ക്ക് 1,50,000 രൂപ വീതവും പി.എം.എ.വൈ (റൂറല്‍) പ്രകാരം 33,375 വീടുകള്‍ക്ക് 72,000 രൂപ വീതവും കേന്ദ്ര ഫണ്ട് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തോടെ നിർമ്മിച്ച 1,16,636 വീടുകള്‍ക്ക് ആകെ കേന്ദ്ര സഹായം 1,489.2 കോടി രൂപയാണ്. ഇത്രയും വീടുകള്‍ക്ക് ആവശ്യമായ ബാക്കി തുകയായ 3,176.2 കോടി രൂപ സംസ്ഥാന സർക്കാരാണ് അനുവദിച്ചത്. കേന്ദ്ര വിഹിതത്തോടൊപ്പം സംസ്ഥാന സർക്കാർ നല്‍കുന്ന വിഹിതം കൂടി വിനിയോഗിച്ചാണ് ഈ വീടുകള്‍ പൂർത്തിയാക്കിയിട്ടുള്ളത്.

 

2,87,893 വീടുകള്‍ നിർമ്മിക്കാനുള്ള മുഴുവൻ തുകയും നല്‍കിയത് സംസ്ഥാന സർക്കാരാണ്. ലൈഫ് പദ്ധതിക്കായി 14,692.4 കോടി രൂപയാണ് ഇതിനകം സംസ്ഥാന സർക്കാർ ചെലവഴിച്ചത്. എന്നാല്‍, ഈ ഇനത്തില്‍ കേന്ദ്ര സർക്കാർ വിഹിതം 1,489.2 കോടി രൂപ മാത്രമാണ്. അതായത്, ലൈഫ് പദ്ധതി പ്രകാരം അനുവദിക്കുന്ന ഭൂരിപക്ഷം വീടുകള്‍ക്കും സംസ്ഥാന സർക്കാരാണ് മുഴുവൻ തുകയും അനുവദിക്കുന്നത്. എന്നാല്‍, ഇപ്രകാരം നിർമ്മിക്കുന്ന എല്ലാ വീടുകളെയും കേന്ദ്ര സർക്കാരിന്റേതാക്കി ബ്രാന്റ് ചെയ്യണമെന്നും പി.എം.എ.വൈയുടെ ലോഗോ വീടുകളില്‍ പ്രദർശിപ്പിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകള്‍ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കൂടാതെ, പുനർഗേഹം പദ്ധതിയുടെ നടത്തിപ്പിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ ലക്ഷ്യമിടുന്നു.

 

പെൻഷൻ പരിഷ്കരണ കുടിശ്ശിക

 

11-ാം ശമ്ബള പരിഷ്കരണ കമ്മീഷന്റെ ഭാഗമായി നടപ്പിലാക്കിയ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശ്ശിക തുകയായ 600 കോടി രൂപ 2024-25 സാമ്ബത്തിക വർഷം തന്നെ വിതരണം ചെയ്യുന്നതാണ്.

 

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നല്‍കുവാനുള്ള ഡി.എ/ഡി.ആർ/ശമ്ബള പരിഷ്കരണ കുടിശ്ശിക

 

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കോവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും മെച്ചപ്പെട്ട ശമ്ബള പരിഷ്ക്കരണം നടപ്പാക്കുകയും, ഡി.എ ഉറപ്പാക്കുകയും, ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ 2021-22 സാമ്ബത്തിക വർഷത്തിന്റെ തുടക്കത്തില്‍ തന്നെ പണമായി നല്‍കുകയും ചെയ്തു. പക്ഷെ തുടക്കത്തില്‍ തന്നെ വിശദീകരിച്ച കേന്ദ്രത്തിന്റെ പ്രതികൂല സമീപനം കാരണം കേരളം നേരിട്ട അസാധാരണമായ പണഞെരുക്കം ശമ്ബള-പെൻഷൻ പരിഷ്ക്കരണ കുടിശ്ശികകളും ജീവനക്കാർക്കുള്ള ക്ഷാമബത്ത, പെൻഷൻകാർക്കുള്ള ഡിയർനെസ്സ് റിലീഫ് എന്നിവയുടെ വിതരണത്തില്‍ കുടിശ്ശിക വരാൻ ഇടയാക്കിയിട്ടുണ്ട്. ഈ കുടിശ്ശിക നിവാരണം ചെയ്യണമെന്ന് സർക്കാർ ലക്ഷ്യമിടുന്നു.

 

ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ/ഡി.ആർ ഏപ്രില്‍ 2024ല്‍ വിതരണം ചെയ്തിട്ടുണ്ട്. 2021 ജനുവരി 1 മുതല്‍ 2024-25 സാമ്ബത്തിക വർഷത്തിന്റെ തുടക്കം വരെ ഏഴ് ഗഡു ഡിഎ/ഡിആർ ആണ് കുടിശ്ശികയായി വന്നിട്ടുള്ളത്. ശമ്ബള പരിഷ്ക്കരണ കുടിശ്ശികയും സർക്കാർ ജീവനക്കാർക്ക് നല്‍കാനുണ്ട്. ഡി.എ/ഡി.ആർ/ ശമ്ബളപരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച്‌ വിശദമായ സർക്കാർ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്. 2024-25 സാമ്ബത്തിക വർഷം മുതല്‍ പ്രതിവർഷം രണ്ടു ഗഡു ഡി.എ/ ഡി ആർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

 

വയനാട്, ഇടുക്കി, കാസർഗോഡ്, കുട്ടനാട് പാക്കേജുകള്‍

 

സംസ്ഥാനത്തെ ചില ജില്ലകളിലെയും പ്രദേശങ്ങളിലെയും സവിശേഷ സാഹചര്യം കണക്കിലെടുത്ത് അവയുടെ വികസനത്തിനായാണ് മേല്‍പറഞ്ഞ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മേല്‍പറയുന്ന വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

 

കാർഷിക മേഖലയുടെ വളർച്ചയ്ക്കും കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനും വേമ്ബനാട് കായല്‍ വ്യവസ്ഥയെ പാരിസ്ഥിതികാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായുള്ള കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുന്നതാണ്. ഇതിനായി 2024-25 സാമ്ബത്തിക വർഷം 203 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 

ഇടുക്കി ജില്ലയില്‍ 16,621 ഹെക്ടറിലുള്ള ഏലം കൃഷിക്ക് സംഭവിച്ചിട്ടുള്ള കൃഷിനാശം കണക്കിലെടുത്ത് ഈ വിഷയം ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. 2024-25 സാമ്ബത്തിക വർഷത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനായുള്ള സ്കീമുകള്‍ സമയബന്ധിതമായി തയ്യാറാക്കി തുക വിനിയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

 

എൻഡോസള്‍ഫാൻ ദുരിതബാധിതരായ 1,031 പേരെ കാസർഗോഡ് പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

 

ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം

 

പ്രകൃതിക്ഷോഭങ്ങള്‍ കാരണം ബാധിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിനായി ബജറ്റില്‍ വകയിരുത്തിയ 1,000 കോടി രൂപ ഈ സാമ്ബത്തിക വർഷം തന്നെ സമയബന്ധിതമായ പരിപാടികള്‍ തയ്യാറാക്കി ചെലവ് ചെയ്യാൻ ഉദ്ദേശിക്കുന്നു.

 

ജലജീവൻ മിഷൻ

 

ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിനുള്ള ആകെ ചെലവ് 42,000 കോടി രൂപയാണ്. ഇതില്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉള്‍പ്പെടെ 21,000 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. ഇതുവരെയുള്ള പ്രവൃത്തികള്‍ നടത്തിയ വകയില്‍ കരാറുകാർക്കുള്ള കുടിശ്ശിക നല്‍കാൻ നടപടി സ്വീകരിക്കും. നിലവില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ 2025 ഒക്ടോബറോടുകൂടി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് ഭാരിച്ച സാമ്ബത്തിക ബാധ്യതയാണ് സർക്കാരിനു മേല്‍ വന്നുചേരുന്നത്. പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഈ പദ്ധതിയുടെ അടങ്കലിനായുള്ള തുകയുടെ സംസ്ഥാന സർക്കാർ വിഹിതം കണ്ടെത്തുന്നതിനായി നിലവിലെ കടപരിധിയില്‍ തുകയ്ക്ക് തുല്യമായ തുക ഇളവ് നല്‍കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

 

തരംമാറ്റം അനുവദനീയമായ ഭൂമിയില്‍ 1,291 ച. അടി വരെ വീട് നിർമ്മിക്കുന്നതിന് അനുമതിക്ക് നടപടിക്രമങ്ങളില്‍ ഇളവ്

 

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ സ്വന്തം ആവശ്യത്തിനായുള്ള 1,291 ചതുരശ്ര അടി വരെ വീട് നിർമ്മിക്കാൻ ഇളവ് ലഭ്യമാണ്. എന്നാല്‍, ഈ ഇളവ് ലഭ്യമാണെന്നത് അറിയാതെ, അപേക്ഷകർ ഈ ആവശ്യത്തിലേക്ക് തരംമാറ്റത്തിനായി റവന്യൂ അധികാരികളെ സമീപിക്കുന്നുണ്ട്. ഈ ആനുകൂല്യം നിലവിലുണ്ട് എന്ന കാര്യം എല്ലാവരിലേക്കും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് സ്പഷ്ടീകരണം നല്‍കി പ്രത്യേക നിർദ്ദേശം പുറപ്പെടുവിക്കും. ഈ ആനുകൂല്യത്തിന് അർഹതയുള്ള എല്ലാ അപേക്ഷകളും ഇപ്രകാരം തീർപ്പാക്കും.

 

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് സ്വന്തം പേരിലോ, കുടുംബാംഗങ്ങളുടെ പേരിലോ ജില്ലയില്‍ മറ്റൊരിടത്തും വീട് നിർമ്മിക്കാൻ ഭൂമി ഇല്ലെങ്കില്‍ വീട് നിർമ്മിക്കുന്നതിന് പഞ്ചായത്ത് പ്രദേശത്ത് 10 സെന്റും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പ്രദേശത്ത് 5 സെന്റും നെല്‍വയല്‍ നികത്തി വീട് നിർമ്മിക്കാൻ ഒറ്റത്തവണ അനുമതി നല്‍കാൻ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ നിലവിലുള്ള നടപടിക്രമം ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യും. ഇതിനായി ഒരു ഗ്രീൻ ചാനല്‍ സംവിധാനം ഏർപ്പെടുത്തും. ഇത്തരം കേസുകളില്‍ വീട് നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്നു എന്ന വ്യവസ്ഥ തടസ്സമാവില്ല. ഇതിനും പ്രത്യേകമായ ഉത്തരവ് പുറപ്പെടുവിക്കും.

 

വരുമാന വർദ്ധനയും ചെലവ് ചുരുക്കലും സംബന്ധിച്ച നടപടികള്‍

 

വരുമാനം വർദ്ധിപ്പിക്കുന്നതോടൊപ്പം ചിലവുകളില്‍ മിതവ്യയം പാലിക്കുകയും സർക്കാർ സേവനങ്ങള്‍ ജനങ്ങളില്‍ സുതാര്യമായും സങ്കീർണ്ണമല്ലാതെയും എത്തിക്കാനുള്ള പ്രത്യേക ഉത്തരവുകള്‍ 2024 ജൂലായ് 31-നകം ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്നതാണ്. ഇതിനു മേല്‍നോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണ്.

 

നികുതി-നികുതിയേതര വരുമാനം പരമാവധി വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നികുതിയേതര വരുമാന വർദ്ധനയ്ക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും.

 

സർക്കാർ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും.

 

സംസ്ഥാന സർക്കാർ സ്വയം നികുതി-നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമ്ബോള്‍ തന്നെ, പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് നമ്മുടെ നാടിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതോടൊപ്പം, ചെലവ് ചുരുക്കലിനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുന്നതാണ്.

 

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണെന്ന് കരുതുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. കേന്ദ്രസമീപനം മൂലമുണ്ടായ പണഞെരുക്കത്തിനിടയിലും വികസന – ക്ഷേമ പദ്ധതികളില്‍ നിന്നും സർക്കാർ പിന്നോട്ടു പോവുകയില്ല. കേന്ദ്രസർക്കാരിന്റെ സമീപനം സൃഷ്ടിച്ച പണഞെരുക്കത്തിന്റെ പ്രത്യാഘാതം നടപ്പു സാമ്ബത്തിക വർഷവും അടുത്ത സാമ്ബത്തിക വർഷവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരെ സാധ്യമായ നിയമനടപടികള്‍ തേടുന്നതോടൊപ്പംതന്നെ സ്വയംപരിശ്രമം നടത്തുന്ന കാര്യത്തിലും സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നതാണ്.

 

സാധാരണക്കാർക്കും സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങള്‍ക്കും നല്‍കാനുള്ള സർക്കാർ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതിലും കുടിശ്ശിക നിവാരണം ചെയ്യുന്നതിലും സംസ്ഥാന സർക്കാരിനുള്ള പ്രതിജ്ഞാബദ്ധത ഈ സഭയെ അറിയിക്കുകയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.