News Today Wayanad

News Updates..

യൂറോ കപ്പ് : ഫ്രാൻസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ പരാജയപ്പെടുത്തി സ്‌പെയിൻ ഫൈനലില്‍

1 min read

 

ഫ്രാൻസിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ യൂറോ കപ്പ് സെമി പോരാട്ടം ജയിച്ച്‌ സ്പാനിഷ് സംഘം ഫൈനലില്‍. രണ്ടാം പകുതിയില്‍ തകർത്തുകളിച്ച ഫ്രാൻസിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം. ഒമ്ബതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്പെയിൻ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്പെയിനിന്റെ തുടർച്ചയായ ആറാം ജയമായിരുന്നു ഇത്. യൂറോ കപ്പ് ചരിത്രത്തില്‍ തുടർച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്പെയിനിന്റെ ഫൈനല്‍ പ്രവേശനം. ഒമ്ബതാം മിനിറ്റില്‍ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെതിരേ ലമിൻ യമാലിലൂടെയും ഡാനി ഓല്‍മോയിലൂടെയും സ്പെയിൻ തിരിച്ചടിക്കുകയായിരുന്നു.

 

മാസ്ക് മാറ്റിയിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതർലൻഡ്സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച രാത്രി ബെർലിനില്‍ നടക്കുന്ന ഫൈനലില്‍ സ്പെയിൻ നേരിടും.

 

ജർമനിക്കെതിരായ ക്വാർട്ടർ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് സ്പെയിൻ ഇറങ്ങിയത്. സസ്പെൻഷൻ കാരണം പുറത്തിരിക്കുന്ന റൈറ്റ് ബാക്ക് ഡാനി കാർവഹാലിനും സെന്റർ ബാക്ക് റോബിൻ ലെ നോർമൻഡിനും പകരം ജെസ്യൂസ് നവാസും നാച്ചോയുമെത്തി. മധ്യനിരയില്‍ പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒല്‍മോ ഇറങ്ങി.

 

ഫ്രഞ്ച് ടീമില്‍ സസ്പെൻഷൻ കഴിഞ്ഞ് അഡ്രിയൻ റാബിയോട്ട് തിരിച്ചെത്തിയപ്പോള്‍ അന്റോയിൻ ഗ്രീസ്മാന് പകരം ഉസ്മാൻ ഡെംബലെയും ആദ്യ ഇലവനില്‍ ഇടംനേടി.

 

കളിയുടെ തുടക്കം മുതല്‍ പതിവുപോലെ സ്പെയിൻ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. മൂന്നാം മിനിറ്റില്‍ തന്നെ ഫ്രഞ്ച് ബോക്സ് വിറപ്പിച്ച സ്പാനിഷ് മുന്നേറ്റമെത്തി. പിന്നാലെ അഞ്ചാം മിനിറ്റില്‍ ലമിൻ യമാലിന്റെ ക്രോസില്‍ നിന്ന് മുന്നിലെത്താനുള്ള അവസരം ഫാബിയാൻ റൂയിസ് പുറത്തേക്കടിച്ചുകളഞ്ഞു.

 

 

പിന്നാലെ ഫ്രാൻസിന്റെ ഗോളെത്തി. കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു മത്സരത്തിലെ ആദ്യ ഗോളിന്റെ പിറവി. ഒമ്ബതാം മിനിറ്റില്‍ ബോക്സിന്റെ ഇടതുഭാഗത്തു നിന്ന് സമയമെടുത്ത് കിലിയൻ എംബാപ്പെ ഉയർത്തി നല്‍കിയ പന്ത് ഹെഡറിലൂടെ കോലോ മുവാനി വലയിലാക്കുകയായിരുന്നു. ഇത്തവണത്തെ യൂറോയില്‍ ഓപ്പണ്‍ പ്ലേയില്‍നിന്ന് ഫ്രാൻസ് നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

 

 

എന്നാല്‍ ഗോള്‍വീണതോടെ സ്പാനിഷ് ആക്രമണങ്ങള്‍ക്ക് മൂർച്ചയേറി. 21-ാം മിനിറ്റില്‍ കിടിലൻ ഷോട്ടിലൂടെ 16-കാരൻ ലമിൻ യമാല്‍ സ്പെയിനിനെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് ഡിഫൻഡർമാരെ ഡ്രിബിള്‍ ചെയ്ത് യമാല്‍ തൊടുത്ത ഇടംകാലനടി ഫ്രഞ്ച് പോസ്റ്റിലിടിച്ച ശേഷം വലയില്‍ കയറുകയായിരുന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററെന്ന നേട്ടവും സ്പെയിനിന്റെ യുവതാരം സ്വന്തമാക്കി.

 

ഗോളടിച്ചിട്ടും തുടർന്ന സ്പാനിഷ് ആക്രമണങ്ങള്‍ 25-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഒരു മുന്നേറ്റത്തിനൊടുവില്‍ വലതുഭാഗത്തുനിന്ന് ജെസ്യുസ് നവാസ് നല്‍കിയ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയില്‍ നിന്ന് പന്ത് ബോക്സില്‍ ഡാനി ഓല്‍മോയുടെ പക്കല്‍. വെട്ടിത്തിരിഞ്ഞ് ഓല്‍മോ അടിച്ച പന്ത് തടയാൻ യൂള്‍സ് കുണ്‍ഡെ കാലുവെച്ചിട്ടും ഫലമുണ്ടായില്ല. പന്ത് വലയില്‍. ഇത്തവണത്തെ യൂറോയില്‍ താരത്തിന്റെ മൂന്നാം ഗോള്‍.

 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ തിരിച്ചടിച്ച്‌ ഒപ്പമെത്താനുള്ള വ്യഗ്രതയിലായിരുന്നു ഫ്രാൻസ്. വിങ്ങുകളിലൂടെ ഫ്രഞ്ച് നിര തുടർച്ചയായി സ്പാനിഷ് ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു.

 

58-ാം മിനിറ്റില്‍ പേശീവലിവ് അനുഭവപ്പെട്ട ജെസ്യൂസ് നവാസിന് പകരം സ്പെയിനിന് ഡാനി വിവിയനെ ഇറക്കേണ്ടിവന്നു. ഇതോടെ നാച്ചോയ്ക്ക് തന്റെ സെന്റർ ബാക്ക് പൊസിഷനില്‍ നിന്ന് വലതുവിങ്ങിലേക്ക് മാറേണ്ടിവന്നത് സ്പെയിനിന്റെ പ്രതിരോധത്തെ ബാധിച്ചു. പിന്നാലെ എഡ്വാർഡോ കമവിംഗ, അന്റോയ്ൻ ഗ്രീസ്മാൻ, ബ്രാഡ്ലി ബാർക്കോള എന്നിവരെ ഇറക്കി ഫ്രാൻസ് ആക്രമണം ശക്തമാക്കുകയും ചെയ്തു. തുടർച്ചയായി ഫ്രഞ്ച് ആക്രമണങ്ങളെത്തിയതോടെ സ്പെയിൻ ഇടയ്ക്ക് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു.

 

എംബാപ്പെയും ഡെംബലെയും ബാർക്കോളയുമെല്ലാം തുടർച്ചയായി സ്പെയിൻ ബോക്സിലേക്ക് ഇരച്ചെത്തിയതോടെ പ്രതിരോധിക്കാൻ സ്പാനിഷ് പ്രതിരോധം ബുദ്ധിമുട്ടി. 86-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ എംബാപ്പെയ്ക്ക് ലക്ഷ്യം കാണാനുമായില്ല. എന്നാല്‍ മികച്ച പ്രതിരോധമുയർത്തിയ സ്പെയിൻ ഫ്രഞ്ച് പടയെ പിടിച്ചുകെട്ടി ഫൈനലിലേക്ക് മുന്നേറി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.