News Today Wayanad

News Updates..

സിംബാബ്‌വെയോട് ഇന്ത്യയുടെ മധുരപ്രതികാരം : 100 റണ്‍സിന്‌ തോൽപ്പിച്ചു

1 min read

 

കഴിഞ്ഞ മത്സരത്തില്‍ നാണംകെടുത്തിയതിന് സിംബാബ്വെയോട് മധുരപ്രതികാരം ചെയ്ത് ഇന്ത്യ. 100 റണ്‍സിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്.നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ സ്കോറുയർത്തിയത്. ഋതുരാജ് ഗെയ്ക്ക്വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിഭിന്നമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

കഴിഞ്ഞ കളിയിലെ ടോപ് സ്കോറർ ശുഭ്മാൻ ഗില്ലൊഴികെ ഇന്ത്യൻ നിരയില്‍ ബാക്കി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. 47 പന്തില്‍ എട്ട് സിക്സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് അഭിഷേക് ശർമ നേടിയത്. ഋതുരാജ് ഗെയ്ക്ക്വാദ് 47 പന്തില്‍ ഒരു സിക്സും 11 ഫോറും സഹിതം 77 നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 48 റണ്‍സ് നേടിയ റിങ്കു സിങ്ങായിരുന്നു ഗെയ്ക്ക്വാദിനൊപ്പം ക്രീസില്‍. സിംബാബ്വെയ്ക്കായി ബ്ലെസ്സിങ് മുസറബനി, വെല്ലിങ്ടണ്‍ മസാകദ്സ എന്നിവർക്കാണ് വിക്കറ്റ്. സിംബാബ്വെയ്ക്കായി വെസ്ലി മധ്വരെയും (39 പന്തില്‍ 43) വാലറ്റത്ത് ലൂക്ക് ജോങ്വെയും (26 പന്തില്‍ 33) പൊരുതിനോക്കി.

 

അവസാന പത്തോവറില്‍ 160 റണ്‍സാണ് ഇന്ത്യ നേടിയത്. ടി20-യില്‍ ഇന്ത്യ അവസാന പത്തോവറില്‍ നേടുന്ന റെക്കോഡ് സ്കോറാണിത്. 2007-ല്‍ കെനിയക്കെതിരേ നേടിയ 159 റണ്‍സാണ് ഇതിനു മുൻപത്തെ ടോപ് സ്കോർ. സിക്സോടെ തുടങ്ങി സിക്സോടെ അർധ സെഞ്ചുറി കടന്ന് സിക്സോടെ തന്നെ സെഞ്ചുറിയും പൂർത്തിയാക്കിയായിരുന്നു അഭിഷേക് ശർമ മടങ്ങിയത്. 33 പന്തില്‍നിന്ന് അർധ സെഞ്ചുറി പൂർത്തിയാക്കിയ താരം തുടർന്ന് സെഞ്ചുറിയിലെത്താൻ എടുത്തത് വെറും 14 പന്തുകള്‍.

 

രോഹിത് ശർമ വിരമിച്ച ഉടനെത്തന്നെ രോഹിത്തിന്റെ റെക്കോഡും തകർത്തു ഈ ഓപ്പണിങ് ബാറ്റർ. ഒരു കലണ്ടർ വർഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോഡാണ് അഭിഷേക് മറികടന്നത്. ഐ.പി.എലിലും ദേശീയ ജഴ്സിയിലുമായി 50 സിക്സുകളാണ് ഈ കലണ്ടർ വർഷം അഭിഷേക് നേടിയത്. 46 സിക്സുകള്‍ നേടിയ രോഹിത്തായിരുന്നു ഇതുവരെ ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്. ഡിയോണ്‍ മിയേഴ്സ് എറിഞ്ഞ 12-ാം ഓവറില്‍ 28 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. മസാകദ്സയുടെ 14-ാം ഓവറില്‍ 21 റണ്‍സും ചതാരയുടെ 18-ാം ഓവറില്‍ 20 റണ്‍സും ജോങ്വെ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സും നേടി.

 

ഇന്ത്യക്ക് അതേ നാണയത്തില്‍ മറുപടി പറയാൻ ഇറങ്ങിയ സിംബാബ്വെയ്ക്ക് ഇടവേളകളിലെ വിക്കറ്റുവീഴ്ച്ച വിലങ്ങുതടിയായി. അഭിഷേക് ശർമ എറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ സിംബാബ്വെ നയം വ്യക്തമാക്കിയതാണ്. ഓവറില്‍ 19 റണ്‍സ് വഴങ്ങി. തുടർന്നുള്ള മുകേഷ് കുമാറിന്റെ ഓവറിലും അടിച്ചെടുത്തു 16 റണ്‍സ്. പക്ഷേ, ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. പവർപ്ലേയില്‍ 58 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി.

 

39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയ്ക്ക് മാത്രമേ കാര്യമായി പിടിച്ചുനില്‍ക്കാനായുള്ളൂ. ബ്രയാൻ ബെന്നറ്റ് (9 പന്തില്‍ 26) തകർപ്പനടികള്‍ നടത്തിയെങ്കിലും മുകേഷ് കുമാർ പുറത്താക്കി. ലൂക്ക് ജോങ്വെ (21 പന്തില്‍ 23) അവസാനം വരെ പൊരുതി. ജോനാഥൻ കോംപ്ബെലും (10) രണ്ടക്കംകടന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.