News Today Wayanad

News Updates..

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; കോഴിക്കോട് 14 കാരൻ മരിച്ചു : രണ്ടു മാസത്തിനിടെ 3 മരണം

1 min read

 

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ഇരുമൂളിപ്പറമ്ബ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്ബതികളുടെ മകനാണ് മൃദുല്‍. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്.

 

ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതർ അടപ്പിച്ചിരുന്നു.

 

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുല്‍ മരിച്ചത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ മിലൻ. സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.

 

 

കേരളത്തില്‍ മൂന്ന് കുട്ടികളാണ് രണ്ട് മാസത്തിനുള്ളില്‍ മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിക്കുന്നത്.

 

എന്താണ് മസ്തിഷ്ക ജ്വരം

 

നെയ്ഗ്ലേരിയ ഫൗളറി അഥവാ ബ്രെയിൻ ഈറ്റിങ് അമീബ മൂലമുണ്ടാകുന്ന അപൂർവ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) ബാധിച്ചാണ് കേരളത്തില്‍ മൂന്ന് കുട്ടികള്‍ മരണപ്പെട്ടത്. മുമ്ബും അപൂർവവും മാരകവുമായ ഈ അണുബാധ നിരവധി ജീവനുകള്‍ അപഹരിച്ചിട്ടുണ്ട്.

 

എന്താണ് പ്രാഥമിക അമീബിക് മെനിംഗോ എൻസെഫലൈറ്റിസ്?

 

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. ഇത് സ്വതന്ത്രമായി ജീവിക്കുന്ന അമീബ അല്ലെങ്കില്‍ ഏകകോശ ജീവിയാണ്. ലോകമെമ്ബാടുമുള്ള ചൂടുള്ള ശുദ്ധജലത്തിലും മണ്ണിലുമാണ് നെഗ്ലേരിയ ഫൗളേരി ജീവിക്കുന്നത്. ഇത് മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരെ ബാധിക്കുന്നത്.

 

115°F (46°C) വരെയുള്ള ഉയർന്ന ഊഷ്മാവ് അതിൻ്റെ വളർച്ചയ്ക്ക് അനുകൂലമാണ്. ചൂടുള്ള ചുറ്റുപാടുകളില്‍ ഇതിന് ഹ്രസ്വകാലത്തേക്ക് അതിജീവിക്കാൻ കഴിയും. തടാകങ്ങള്‍, നദികള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പ്ലാഷ് പാഡുകള്‍, സർഫ് പാർക്കുകള്‍ അല്ലെങ്കില്‍, മോശമായി പരിപാലിക്കപ്പെടാത്തതോ കുറഞ്ഞ അളവില്‍ ക്ലോറിനേറ്റ് ചെയ്തതോ ആയ മറ്റ് വിനോദ പാർക്കുകള്‍ എന്നിവിടങ്ങളിലെ ചൂടുള്ള ശുദ്ധജലത്തില്‍ ഈ അപകടകാരിയായ അമീബയെ കാണാം.

 

പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസിൻ്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

പ്രാരംഭ ഘട്ടത്തില്‍ തലവേദന, പനി, ഓക്കാനം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. പിന്നീട്, രോഗിക്ക് കഴുത്ത് ഞെരുക്കം ഉണ്ടാകുകയും ആശയക്കുഴപ്പം, അപസ്മാരം, ഭ്രമാത്മകത എന്നിവ അനുഭവപ്പെടുകയും കോമ അവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യാം. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് പ്രകാരം, “പിഎഎം ഉള്ള മിക്ക ആളുകള്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ച്‌ ഒന്നു മുതല്‍ 18 ദിവസത്തിനുള്ളില്‍ മരിക്കുന്നു. ഇത് സാധാരണയായി 5 ദിവസത്തിന് ശേഷം കോമയിലേക്കും മരണത്തിലേക്കും നയിക്കുന്നു,” എന്നാണ് കണ്ടെത്തല്‍.

 

പ്രാഥമിക അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് ചികിത്സ എന്താണ്?

 

നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, രോഗത്തിനുള്ള ഫലപ്രദമായ ചികിത്സകളൊന്നും ഇതുവരെ ശാസ്ത്രജ്ഞർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിലവില്‍, ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോള്‍, റിഫാംപിൻ, മില്‍റ്റെഫോസിൻ, ഡെക്സമെതസോണ്‍ എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സംയോജിപ്പിച്ചാണ് ഡോക്ടർമാർ ചികിത്സിക്കുന്നത്.

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.