News Today Wayanad

News Updates..

ഓസീസിനോട് പകരം വീട്ടി : 24 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ

1 min read

 

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പില്‍ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റണ്‍സിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ഹ‍െഡിന്റെ ചുമലേറി ഇത്തവണയും വിജയം കൈപിടിയിലാക്കാമെന്ന മോഹത്തിനാണ് ഇന്ത്യൻ ബൗളർമാർ ഉശിരൻ മറുപടി നല്‍കിയത്. 206 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

 

ജയപരാജയ നിമിഷങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങളില്‍ ഇന്ത്യൻ സർവമേഖലകളിലെയും ആധിപത്യം കൊണ്ടാണ് ഇന്ത്യക്ക് ജയം നേടാനായത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തിലെ ഡേവിഡ് വാർണറെ നഷ്ടമായെങ്കിലും ഓസീസ് പതറിയില്ല. ട്രാവിസ് ഹെഡിന്റെ പോരാട്ടത്തിന് മിച്ചല്‍ മാർഷും പിന്തുണ നല്‍കിയതോടെ കങ്കാരുപ്പട കത്തിക്കയറി. ഇരുവരും ചേർന്ന് 81 റണ്‍സാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. പവർ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്.

 

പിന്നാലെ മാർഷ് (37) മടങ്ങിയെങ്കിലും ഹെഡ് ക്രീസില്‍ തകർത്തടിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 13-ാം ഓവറിലെ ആദ്യ പന്തില്‍ മാക്‌സ്വെല്ലിനെ മടക്കിയാണ് കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടരെ വിക്കറ്റുകള്‍ വീണതോടെ ഓസീസ് പ്രതിരോധത്തിലായി. 76 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഈ വിക്കറ്റാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. സ്റ്റോയിനിസിനെ പുറത്താക്കാൻ അക്സർ പട്ടേല്‍ ബൗണ്ടറിയിലെടുത്ത അത്ഭുത ക്യാച്ചും മത്സരത്തില്‍ നിർണായകമായി. ടിം ഡേവിഡ്(15), മാത്യു വെയ്ഡ്(1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

 

നേരത്തേ അർഹിച്ച സെഞ്ചുറിക്ക് എട്ടു റണ്‍സകലെ (92) പുറത്തായ രോഹിത്തിന്റെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. വെറും 41 പന്തില്‍ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. രോഹിത്തിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തില്‍ നിർണായകമായത്.

 

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സ്കോറാണിത്. ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിൻഡീസും ടി20 ലോകകപ്പില്‍ ഓസീസിനെതിരേ 205 റണ്‍സെടുത്തിട്ടുണ്ട്. 2012 ലോകകപ്പ് സെമിയിലായിരുന്നു അത്.

 

രണ്ടാം ഓവറില്‍ തന്നെ വിരാട് കോലിയെ (0) നഷ്ടമായ ശേഷമായിരുന്നു രോഹിത് സെന്റ് ലൂസിയയെ അക്ഷരാർഥത്തില്‍ പൂരപ്പറമ്ബാക്കിയത്. മിച്ചല്‍ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറില്‍ നാല് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 19 പന്തില്‍ 50 തികച്ചു. രോഹിത് വെടിക്കെട്ടില്‍ വെറും 8.4 ഓവറില്‍ ഇന്ത്യൻ സ്കോർ 100 കടന്നു. തുടർന്ന് 12-ാം ഓവറില്‍ സ്റ്റാർക്കിന്റെ പന്തില്‍ പുറത്താകും വരെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികളൊഴുകി.

 

ഇതിനിടെ രണ്ടാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 87 റണ്‍സും രോഹിത് ചേർത്തു. 14 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമായിരുന്നു പന്തിന്റെ സമ്ബാദ്യം. തുടർന്നെത്തിയ സൂര്യകുമാർ 16 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്തു. രോഹിത്തിനു പിന്നാലെ സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞു. 22 പന്തുകള്‍ നേരിട്ട ശിവം ദുബെയ്ക്ക് 28 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 17 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ഹാർദിക് പാണ്ഡ്യയാണ് സ്കോർ 200 കടത്തിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.