News Today Wayanad

News Updates..

ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം ; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ പടരുന്നതായി റിപ്പോര്‍ട്ട്

1 min read

 

ജപ്പാനില്‍ അപൂര്‍വ്വ ബാക്ടീരിയ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. മാംസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനകം മരണം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്ക് രാജ്യം അയവ് വരുത്തിയതിന് പിന്നാലെയാണ് ഈ അപൂര്‍വ്വ രോഗം പടരുന്നത്.

 

ബാക്ടീരിയ മൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (എസ്ടിഎസ്‌എസ്) ആണ് രാജ്യത്ത് വ്യാപിക്കുന്നത്. ജൂണ്‍ രണ്ട് വരെ 977 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം 941 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച്‌ പഠനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെഷ്യസ് ഡിസീസാണ് രോഗബാധയുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്.

 

നീര്‍ക്കെട്ട്, തൊണ്ടവേദന എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നവര്‍ക്ക് കൈകാലുകള്‍ക്ക് വേദന, പനി, കുറഞ്ഞ രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കും. അവയവങ്ങള്‍ തകരാറിലായി ഒടുവില്‍ രോഗിയ്ക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ട്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാൻ സാധ്യത ഏറെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

”ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന്,” ടോക്കിയോ വുമണ്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെന്‍ കികുചി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് രോഗബാധ വര്‍ധിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജപ്പാനില്‍ ഈ വര്‍ഷം 2500 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തുന്നത്. 30 ശതമാനമാണ് ഈ രോഗത്തിന്റെ മരണനിരക്ക്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.