News Today Wayanad

News Updates..

പരാജയകാരണം മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ പെരുമാറ്റം ; സി.പി.ഐ ജില്ലാ എക്‌സിക്യുട്ടിവില്‍ രൂക്ഷവിമര്‍ശനം

1 min read

 

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പരാജയത്തില്‍ സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടിവില്‍ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. എല്‍.ഡി.എഫിന്റെ പരാജയത്തിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കള്‍ വിമർശിച്ചു. ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു.

 

തിരഞ്ഞെടുപ്പിന് മുമ്ബ് പൗരത്വനിയമത്തെ മുൻനിർത്തി നടത്തിയ യോഗങ്ങളില്‍ എല്ലാ ജില്ലകളിലും മുസ്‌ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ ഈ സമുദായത്തിന്റെ വോട്ട് എല്‍.ഡി.എഫിന് ലഭിച്ചില്ല. ഹിന്ദുക്കളടക്കമുള്ള മറ്റ് സമുദായങ്ങള്‍ എല്‍.ഡി.എഫില്‍നിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച്‌ നിർത്തുന്നതില്‍ സർക്കാർ പരാജയപ്പെട്ടു.

 

എല്‍.ഡി.എഫിന്റെ വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി. ഈഴവ സമുദായം എല്‍.ഡി.എഫില്‍ നിന്ന് അകന്നു. എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബി.ജെ.പി.ക്ക് വോട്ട് കൂടിയിട്ടുണ്ട്. ഇത് പരിശോധിക്കണം. സർക്കാർ പുനർവിചിന്തനം ചെയ്യണം. എല്‍.ഡി.എഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച്‌ കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

 

ക്ഷേമ പെൻഷനുകള്‍ മുടങ്ങിയതും സപ്ലൈകോയില്‍ സാധനങ്ങളില്ലാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചു. മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. മുതിർന്ന പൗരൻമാരുടെ ബാലറ്റ് പേപ്പർ വോട്ടുകളില്‍ വന്ന വോട്ടു വ്യതിയാനം ഇതിന് തെളിവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത് കണ്ട് സർക്കാർ തിരുത്തണമെന്നും മണ്ഡലം തലത്തിലുള്ള വിശദമായ റിപ്പോർട്ടുകള്‍ക്ക് ശേഷം ചർച്ചകള്‍ തുടരാമെന്നും ജില്ലാ എക്‌സിക്യുട്ടീവ് തീരുമാനിച്ചു.

 

പന്ന്യൻ രവീന്ദ്രനെ പോലെ മുൻ എം.പി.യെ നിർത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു കുറഞ്ഞത് സി.പി.ഐ.യെ പ്രതിരോധത്തിലാക്കിയിരുന്നു. പല സ്ഥലത്തും പ്രതീക്ഷിച്ച വോട്ടുപോലും തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ.ക്ക് ലഭിച്ചില്ല.

 

ആറ്റിങ്ങലിലും സമാന സ്ഥിതിയുണ്ടായിരുന്നു. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പി. നടത്തിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയായിരുന്നുവിമർശനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.