News Today Wayanad

News Updates..

സ്വർണം തട്ടിയെടുത്തതിലുള്ള വിരോധം: ഗുണ്ടാസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി ; ആറുപേർ അറസ്സിൽ

1 min read

 

വൈത്തിരി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആയുധങ്ങളുമായി നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പോലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കൽ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷമീർ (34), കരിയാട്ട്പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർമഠം വീട്ടിൽ മുബഷിർ (31), ഒളിയമട്ടത്തിൽ വീട്ടിൽ സൈജു (41) എന്നിവരാണ് പിടിയിലായത്.

 

 

മലപ്പുറം സ്വദേശിയായ ശിഹാബിൽനിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈ യിൽനിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് ഏറ്റുമുട്ടലിനുപിന്നിൽ. സ്വർണം തട്ടിയത് ചോദിക്കാൻ മലപ്പുറത്തുനിന്നെത്തിയ ശിഹാബും സംഘവും റാഷിദും കൂട്ടാളികളുമായി സംഘർഷമു ണ്ടായി. വെള്ളിയാഴ്ച രാവിലെ പൊഴുതന യിലായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ പരിക്കേറ്റ അരീക്കോട്, മൂർക്കനാട്, നടുത്തൊടിക വീട്ടിൽ എൻ. ടി. ഹാരിസിൻ്റെ (29) പരാതിപ്രകാരം റാഷിദിനെയും കൂട്ടാളികളെയുമാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. റാഷിദിൻ്റെ പരാതിയിൽ മലപ്പുറത്തുനിന്നെത്തിയ ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള നടപടി തുടങ്ങിയതായി പോലീസ് പറഞ്ഞു.

 

റാഷിദ് സഞ്ചരിച്ച കാറിനെ ഏട്ടംഗസംഘം മറ്റു രണ്ടുകാറുകളിലായി പിന്തുടർന്ന് തടഞ്ഞുനിർത്തി ആയുധം ഉപയോഗിച്ചാണ് ആക്രമണം തുടങ്ങിയത്. അപ്പോഴേക്കും റാഷിദിൻ്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവിൽ ശിഹാബും കൂട്ടാളികളും പിൻവലിഞ്ഞ് ഓടിപ്പോയി. കാറോടിച്ചിരുന്ന എൻ.ടി. ഹാരിസിനെ (29) റാഷിദും സംഘവും ഡ്രൈവർ സീറ്റിൽനിന്ന് വലിച്ചിറക്കി കാർ തല്ലിപ്പൊളി ച്ചു. തുടർന്ന്, ഇയാളെ കാറിൽ കയറ്റി ക്കൊണ്ടുപോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പുവടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മർദിച്ചെന്നാണ് പരാതി. പരിക്കുപറ്റിയ ഹാരിസിനെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുകൂട്ടരുടെയും പേരിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു.

 

ഒളിവിൽപ്പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ടി. ഉത്തം ദാസ്, എസ്.ഐ.മാരായ പ്രശോഭ്, എൻ. കെ. മണി, അഷ്റഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാലു ഫ്രാൻ സിസ്, അയ്യൂബ്, സുജേഷ്, സുരേഷ്, സാബിത്, നാസർ, ഷൈജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.