News Today Wayanad

News Updates..

മീനങ്ങാടിയിൽ ലഹരിക്കടത്തുകാരനെ പിടികൂടിയ സംഭവം : മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയും പിടിയിൽ

1 min read

 

മീനങ്ങാടി : എം.ഡി.എം.എ.യുമായി ബസ് യാത്രക്കാരനായ യുവാവിനെ പിടികൂടിയ സംഭവത്തിലെ കൂട്ടുപ്രതിയെയും മണിക്കൂ റുകൾക്കുള്ളിൽ പോലീസ് പിടികൂടി. കോഴിക്കോട് പൂളക്കൂൽ പള്ളിയത്ത് നൊച്ചാട്ട് വീട്ടിൽ എൻ.എ. ഉബൈദ് (29) ആണ് അറസ്റ്റിലായത്.

 

ശനിയാഴ്ച രാവിലെ തമിഴ്‌നാട് കോൺട്രാക്ട് കാരിയർ ബസിൽ യാത്രചെയ്യുകയായിരുന്ന കണ്ണൂർ കാടാച്ചിറ വാഴയിൽ വീട്ടിൽ കെ.വി. സുഹൈറി(24)നെ എം.ഡി.എം.എ.യുമായി പിടികൂടിയ സംഭവത്തിൻ്റെ തുടരന്വേഷണത്തിലാണ് കൂട്ടുപ്രതിയായ ഉബൈദ് പിടിയിലായത്.

 

സുഹൈറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഉബൈദിനെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. ഉബൈദിന് കൈമാറാനാണ് സുഹൈർ എം.ഡി.എം.എ. കടത്തിയത്. ഇയാൾ കോഴിക്കോട് ജില്ലയിലെ പ്രാദേശിക വിതരണക്കാരനാണെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്രയിൽനിന്നാണ് ജില്ലാ

പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് ഉബൈദിനെ കസ്റ്റഡിയിലെടുത്തത്.

 

പോലീസിന്റെ കെണിയിലകപ്പെട്ടെന്ന് മനസ്സിലായതോടെ ഉബൈദ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന തമിഴ്‌നാട് കോൺട്രാക്ട് കാരിയർ ബസ് മീനങ്ങാടിയിൽ ശനിയാഴ്ച രാവിലെ പരിശോധിച്ചപ്പോഴാണ് സുഹൈറിൽനിന്ന് എം.ഡി.എം.എ. പിടികൂടിയത്. പ്ലാസ്റ്റിക് കവറിലാക്കി അരയിൽ ഒളിപ്പിച്ചാണ് സുഹൈർ 113.57 ഗ്രാം എം.ഡി.എം.എ. കടത്താൻ ശ്രമിച്ചത്.

 

മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. പി.ജെ. കുര്യാക്കോസിൻ്റെ നേതൃത്വത്തിലാണ് ഉബൈദിനെയും പിടികൂടിയത്. എസ്.ഐ.മാരായ വിനോദ്‌കുമാർ, കെ.ടി. മാത്യു, സി.പി.ഒ.മാരായ ക്ലിന്റ്, ഖാലിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.