News Today Wayanad

News Updates..

വളര്‍ത്തുമൃഗം മാന്തിയാലും കടിച്ചാലും പേവിഷ പ്രതിരോധകുത്തിവെപ്പ് എടുക്കണം, നിസ്സാരമാക്കുന്നത് അപകടം

1 min read

 

ശാരീരികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിനു പിന്നില്‍ പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. മണ്ണാർക്കാട് നിന്നുള്ള റംലത്തിന്റെ മരണത്തിലാണ് ഇവരെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ പോലീസിന് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. രണ്ടുമാസം മുമ്ബ് വളർത്തുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ റംലത്തിന്റെ വലതുകൈയുടെ മുകളില്‍ പോറലേറ്റതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നുമില്ല. പോറലേല്‍പ്പിച്ച നായ പിന്നീട് ചത്തതായാണ് വിവരം.

 

തെരുവുനായ്ക്കളില്‍ നിന്നുമാത്രമല്ല വളർത്തുമൃഗങ്ങളില്‍ നിന്നും പേവിഷബാധയേല്‍ക്കാം. വീട്ടില്‍ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കണം. പേ ലക്ഷണമുള്ള നായ ചത്താല്‍ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പില്‍ അറിയിക്കുകയും വേണം. മാത്രമല്ല വളർത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നിർബന്ധമായും എടുക്കണം.

 

മനുഷ്യരില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍

 

പനി, തലവേദന, വിശപ്പില്ലായ്മ, ഛർദി, മുറിവില്‍ വേദന, ചൊറിച്ചില്‍ എന്നിവയാണ് പ്രഥമിക ലക്ഷണങ്ങള്‍.

 

രോഗം മൂർച്ഛിച്ചാല്‍ പിച്ചും പേയും പറയല്‍, വിഭ്രാന്തി കാട്ടല്‍, ഉമനീർ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്ബോള്‍ പേടി, കടുത്ത ദാഹം. ഒടുവില്‍ വായില്‍നിന്ന് നുരയും പതയും വരും.

 

പ്രതിവിധി

 

പേവിഷബാധ മരണകാരണമാണെങ്കിലും പ്രതിരോധ കുത്തിവെപ്പ് അതിനെ നിസ്സാരമാക്കിമാറ്റുന്നു. അതായത് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന ആളില്‍ റാബീസ് വൈറസ് അപ്പോള്‍ നശിക്കുന്നുവെന്നർഥം.

 

മൃഗങ്ങളുടെ കടിയേറ്റ ഉടൻ മുറിവില്‍ 10 മിനിറ്റുനേരം വെള്ളം ശക്തമായി ഒഴിച്ച്‌ സോപ്പിട്ട് കഴുകണം. നഗ്നമായ കൈകൊണ്ടു മുറിവ് തൊടരുത്. എണ്ണ, മഞ്ഞള്‍, ചെറുനാരങ്ങ, ഉപ്പ്, മുളക് എന്നിവയൊന്നും മുറിവില്‍ പുരട്ടരുത്. കഴുകിയശേഷം മുറിവിന്റെ നനവ് മാറ്റി ഏതെങ്കിലും അണുനാശിനി പുരട്ടുക. തുടർന്ന് പ്രതിരോധ കുത്തിവെപ്പ്.

 

മുൻപ് പൊക്കിളിന് ചുറ്റുമായിരുന്നു കുത്തിവെയ്ക്കല്‍. ഇപ്പോഴത് തോള്‍ ഭാഗത്തിന് താഴെയാണ് കുത്തിവെക്കുന്നത്.

 

ആദ്യ കുത്തിവെപ്പ് കഴിഞ്ഞാല്‍ മൂന്നാം ദിവസവും ഏഴാം ദിവസവും 28-ാം ദിവസവും തുടർകുത്തിവെപ്പും നടത്തണം. പേവിഷബാധയുള്ള മൃഗങ്ങള്‍ വളർത്തുമൃഗങ്ങളെ കടിച്ചാല്‍ അവയ്ക്കും കുത്തിവെപ്പ് നടത്താൻ മടിക്കരുത്.

 

പകരുന്നതെങ്ങനെ ?

 

പേവിഷബാധയുള്ള വന്യമൃഗങ്ങള്‍, വളർത്തുമൃഗങ്ങള്‍ എന്നിവയുടെ ഉമിനീരില്‍നിന്നാണ് രോഗം പകരുന്നത്. റാബീസ് വൈറസുകള്‍ മനുഷ്യരിലേക്ക് മാത്രമല്ല, കടിയേല്‍ക്കുന്ന മറ്റു മൃഗങ്ങളിലും ബാധിക്കും.

 

കടിയേല്‍ക്കണമെന്ന് നിർബന്ധമില്ല, പേവിഷബാധയേറ്റ മൃഗങ്ങള്‍ നക്കിയാലും മതി. പൂച്ചയും അണ്ണാനും മാന്തിയാലും രോഗം പകരും. കാരണം നഖം എപ്പോഴും നക്കി വൃത്തിയാക്കുന്ന ജന്തുക്കളാണിവ. ഇവയുടെ ഉമനീര് നഖങ്ങളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. 96 ശതമാനവും പട്ടികളില്‍നിന്നാണ് പേവിഷബാധ പകരുന്നത്.

 

പേവിഷബാധയേറ്റ മനുഷ്യരില്‍നിന്ന് മറ്റൊരാള്‍ക്ക് റാബീസ് വൈറസുകള്‍ പകരാനുള്ള സാധ്യത കുറവാണ്.

 

എന്നാല്‍ പേവിഷബാധയേറ്റ രോഗിയുടെ അവയവം മാറ്റിവെക്കുന്നതിലൂടെ രോഗം പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തെരുവില്‍ അലഞ്ഞുതിരിയുന്ന നായയ്ക്കും പൂച്ചയ്ക്കും ഇവയുമായി ഇടപഴകുന്ന വളർത്തുമൃഗങ്ങള്‍ക്കുമാണ് കൂടുതലും പേവിഷബാധ പകരുന്നത്. പേടിച്ച്‌ ഓടുക, അമിതമായി ഉമിനീർ ഒലിപ്പിക്കുക, അക്രമിക്കുക, ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുക എന്നീ ലക്ഷണങ്ങളാണ് പേവിഷബാധയേറ്റ മൃഗങ്ങള്‍ കാണിക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.