News Today Wayanad

News Updates..

സഞ്ജുവും കൂട്ടരും ഫൈനലില്‍ കടക്കുമോ ? രാജസ്ഥാനും ഹൈദരാബാദിനും ഇന്ന് ജീവന്മരണ പോരാട്ടം

1 min read

 

ചെന്നൈ : ഐപിഎല്‍ പ്ലേഓഫിലെ രണ്ടാമത്തെ ക്വാളിഫയർ മത്സരത്തില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് ഏഴര മുതല്‍ ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ക്വാളിഫയർ ജയിച്ച കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെ ഫൈനലില്‍ ഇടം ഉറപ്പിച്ചിരുന്നു.

 

ഉയർന്ന ടീം ടോട്ടലുകളുടെ റെക്കോഡ് ഈ സീസണില്‍ മൂന്നു വട്ടം മാറ്റിയെഴുതിയ ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും സിക്സറുകളുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുമ്ബോള്‍, ഈ വർഷം ലോകത്തെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റർ എന്നു വിശേഷിപ്പിക്കാവുന്ന ഹെൻറിച്ച്‌ ക്ലാസൻ മധ്യനിരയ്ക്കു കരുത്തു പകരുന്നു. ഷഹബാസ് അഹമ്മദ്, അബ്ദുള്‍ സമദ്, ഈ സീസണിന്‍റെ കണ്ടെത്തലായ നിതീഷ് കുമാർ റെഡ്ഡി എന്നീ ബിഗ് ഹിറ്റർമാരും ഹൈദരാബാദ് ബാറ്റിങ് നിരയ്ക്കു കരുത്തു പകരുന്നു.

 

ബാറ്റിങ്ങില്‍ ഹൈദരാബാദിനോളം വിസ്ഫോടന ശേഷി അവകാശപ്പെടനില്ലെങ്കിലും, ബൗളിങ് നിരയുടെ കാര്യത്തില്‍ ഒരുപടി മുന്നിലാണ് രാജസ്ഥാൻ റോയല്‍സ്. പവർപ്ലേയില്‍ ട്രെന്‍റ് ബൗള്‍ട്ടിന്‍റെ ഇടങ്കയ്യൻ സ്വിങ് പവർ ഹിറ്റർമാർക്കു വെല്ലുവിളിയായിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ആവേശ് ഖാനും സന്ദീപ് ശർമയുമുണ്ട്. തുടക്കത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ആർ. അശ്വിനും ഫോമിലേക്കുയർന്നു. യുസ്വേന്ദ്ര ചഹല്‍ കൂടി ഫോമിലെത്തിയാല്‍ രാജസ്ഥാൻ ബൗളിങ് നിരയ്‌ക്കെതിരേ സ്കോറിങ് ഒട്ടും എളുപ്പമായിരിക്കില്ല.

 

അതേസമയം, സണ്‍റൈസേഴ്സിന്‍റെ കാര്യത്തില്‍ ഭുവനേശ്വർ കുമാർ, ടി. നടരാജൻ, പാറ്റ് കമ്മിൻസ് എന്നിങ്ങനെ നിലവാരമുള്ള ബൗളർമാരുണ്ടെങ്കിലും ആരും സ്ഥിരത പുലർത്തുന്നില്ല. ബാറ്റിങ് നിര ഉയർത്തുന്ന പടുകൂറ്റൻ സ്കോറുകളുടെ ബലത്തിലായിരുന്നു പ്രധാനമായും ടീമിന്‍റെ മുന്നേറ്റം. ഇങ്ങനെയൊരു സാഹചര്യത്തില്‍ സണ്‍റൈസേഴ്സിന്‍റെ ബാറ്റർമാരും രാജസ്ഥാന്‍റെ ബൗളർമാരും തമ്മിലുള്ള മത്സരമായിരിക്കും രണ്ടാം ക്വാളിഫയർ എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ജോസ് ബട്‌ലർ മടങ്ങിപ്പോയ ഒഴിവില്‍ മറ്റൊരു മികച്ച ഓപ്പണറെ കണ്ടെത്താൻ രാജസ്ഥാന് ഇനിയും സാധിച്ചിട്ടില്ല. യശസ്വി ജയ്സ്വാള്‍ തന്‍റെ മികച്ച ഫോമിന്‍റെ അടുത്തു പോലും ഇനിയും എത്തിയിട്ടില്ല. ക്യാപ്റ്റൻ സഞ്ജു സാംസണെയും റിയാൻ പരാഗിനെയും ആശ്രയിച്ചാണ് മധ്യനിരയുടെ പ്രകടനം. മികച്ച അടിത്തറ കിട്ടിയാല്‍ ആഞ്ഞടിക്കാൻ ശേഷിയുള്ള ഷിമ്രോണ്‍ ഹെറ്റ്‌മെയർ, റോവ്മാൻ പവല്‍ എന്നിവരും ടീമിലുണ്ട്.

 

ചെന്നൈയിലെ വേഗം കുറഞ്ഞ വിക്കറ്റാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന ഒരു ഘടകം. ഇവിടെ സ്പിന്നർമാർ മികവ് പുലർത്താൻ സാധ്യത കൂടുതലായതിനാല്‍ ബൗള്‍ട്ടുമായി ന്യൂബോള്‍ പങ്കുവയ്ക്കാൻ അശ്വിനെ നിയോഗിച്ചാലും അദ്ഭുതപ്പെടാനില്ല. അന്താരാഷ്ട്ര പരിചയമുള്ള സ്പിന്നർമാരുടെ അഭാവം സണ്‍റൈസേഴ്സ് നിരയില്‍ പ്രകടവുമാണ്.

 

ചെന്നൈയില്‍ ടോസ് നേടുന്ന ക്യാപ്റ്റൻ ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. സീസണില്‍ ഇവിടെ നടത്തിയ ഏഴു മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.