News Today Wayanad

News Updates..

ബെംഗളൂരു പുറത്ത് ; നാല് വിക്കറ്റിന് തകർത്ത് സഞ്ജുവും സംഘവും ക്വാളിഫയറിൽ 

1 min read

 

അഹമ്മദാബാദ് : ആറ് തുടർ വിജയങ്ങളോടെ പ്ലേ ഓഫ് ഉറപ്പിച്ച്‌ എലിമിനേറ്റർ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് കീഴടക്കി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍. ആർസിബി ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവർ ബാക്കി നിർത്തി രാജസ്ഥാൻ മറികടന്നു. യശസ്വി ജയ്‌സ്വാള്‍ 30 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ റിയാൻ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്‌മെയർ 14 പന്തില്‍ 26ഉം റണ്‍സെത്തു.

 

8 പന്തില്‍ 16 റണ്‍സുമായി റൊവ്മാൻ പവല്‍ പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ആർസിബിക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെർഗൂസനും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റെടുത്തു. വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

 

സ്‌കോർ ആർസിബി 20 ഓവറില്‍ 172-8, രാജസ്ഥാൻ 19 ഓവറില്‍ 174-6.

 

ലീഗ് ഘട്ടത്തില്‍ അവസാനത്തെ ആറു മത്സരം തുടർച്ചയായി വിജയിച്ച്‌ പ്ലേഓഫില്‍ കടന്ന ആർസിബിക്ക് പക്ഷേ തുടർച്ചയായ 17ാം സീസണിലും കപ്പില്ലാതെ മടങ്ങേണ്ടി വന്നു. എലിമിനേറ്ററില്‍, ആർസിബി ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്.

 

ആർസിബി വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് ആദ്യ രണ്ടോവറില്‍ യശസ്വി ജയ്‌സ്വാളും ടോം കോഹ്ലക് കാഡ്‌മോറും ചേർന്ന് പതിഞ്ഞ തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. താളം കണ്ടെത്താൻ പാടുപെട്ട കാഡ്‌മോർ ഡോട്ട് ബോളുകള്‍ കളിച്ച്‌ സമ്മർദ്ദമാക്കിയപ്പോള്‍ മൂന്നാം ഓവറില്‍ യാഷ് ദയാലിനെതിരെ കൂറ്റനടികളടിച്ച് യശസ്വി ആണ് രാജസ്ഥാന്റെ സ്‌കോറുയർത്തിയത്. സിറാജ് എറിഞ്ഞ നാലാം ഓവറില്‍ കാഡ്‌മോറും രണ്ട് ബൗണ്ടറി പറത്തി. പിന്നാലെ കാഡ്‌മോർ നല്‍കിയ അനായാസ ക്യാച്ച്‌ ഗ്ലെൻ മാക്‌സ്വെല്‍ അവിശ്വസീനയമായി നിലത്തിട്ടു. യശസ്വിയും സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്റെ പറക്കും ഡൈവില്‍ നിന്ന് രക്ഷപ്പെട്ടു.

 

പവർപ്ലേയിലെ അവസാന ഓവറില്‍ കാഡ്‌മോർ(15 പന്തില്‍ 20) ലോക്കി ഫെർഗൂസന് മുന്നില്‍ വീണു. സ്വപ്നില്‍ സിംഗിനെ സിക്‌സ് അടിച്ച്‌ തുടങ്ങിയ സഞ്ജുവും യശസ്വിയും ചേർന്ന് രാജസ്ഥാനെ അനായാസം ലക്ഷ്യത്തിലെത്തിക്ക് നയിച്ചപ്പോഴാണ് കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ യശസ്വി പുറത്തായത്. 30പന്തില്‍ 45 റണ്‍സെടുത്ത യശസ്വി മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ സഞ്ജുവും വീണു. കരണ്‍ ശർമയെ ഫ്രണ്ട് ഫൂട്ടിലിറങ്ങി സിക്‌സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം വൈഡ് ബോളെറിഞ്ഞ് കരണ്‍ ശർമ തടഞ്ഞു. ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിനെ ദിനേശ് കാർത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പന്ത്രണ്ടാം ഓവറില്‍ സ്‌കോർ 100 കടന്നതിന് പിന്നാലെ വിരാട് കോലിയുടെ ഫീല്‍ഡിങ് ബ്രില്യൻസില്‍ പതിനാലാം ഓവറില്‍ ധ്രുവ് ജുറെല്‍ റണ്ണൗട്ടായതോടെ രാജസ്ഥാൻ പതറി.

 

അവസാന അഞ്ചോവറില്‍ 57 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന രാജസ്ഥാന് വേണ്ടി റിയാൻ പരാഗും ഷിമ്രോണ്‍ ഹിറ്റ്‌മെയറും ചേർന്ന് തകർത്തെറിഞ്ഞ കാമറൂണ്‍ ഗ്രീനിനെതിരെ തന്നെ തകർത്തടിച്ച്‌ ആർസിബിയുടെ പ്രതീക്ഷകള്‍ അടിച്ചകറ്റി. വിജയത്തിനരികെ പരാഗിനെയും(26 പന്തില്‍ 36) ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും(14 പന്തില്‍ 26) മടക്കി മുഹമ്മദ് സിറാജ് രാജസ്ഥാനെ ഞെട്ടിച്ചെങ്കിലും പവലും(8 പന്തില്‍ 16*) അശ്വിനും ചേർന്ന് രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.

 

ആദ്യം ബാറ്റ് ചെയ്ത ആർസിബി, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാൻ, ഒരോവറില്‍ തന്നെ രണ്ടു വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ എന്നിവരുടെ ബോളിങ് മികവിലാണ് ആർസിബിയെ രാജസ്ഥാൻ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. രജത് പാട്ടീദാർ (22 പന്തില്‍ 34), വിരാട് കോലി (24 പന്തില്‍ 33), മഹിപാല്‍ ലോംറോർ (17 പന്തില്‍ 32) എന്നിവരുടെ ബാറ്റിങ്ങാണ് ആർസിബിക്ക് തുണയായത്.

 

ഓപ്പണർമാരായ വിരാട് കോലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും (14 പന്തില്‍ 17) ചേർന്ന് മികച്ച തുടക്കമാണ് ബെംഗളൂരുവിന് നല്‍കിയത്. അഞ്ചാം ഓവറില്‍ ഡുപ്ലസിയെ പുറത്താക്കി ട്രെന്റ് ബോള്‍ട്ടാണ് ആർസിബിക്ക് ആദ്യ പ്രഹരം നല്‍കിയത്. പിന്നീടെത്തിയ കാമറൂണ്‍ ഗ്രീൻ (21 പന്തില്‍ 27) കോലിക്ക് മികച്ച പിന്തുണ നല്‍കി. എന്നാല്‍ എട്ടാം ഓവറില്‍ കോലിയെ ചെഹല്‍ പുറത്താക്കി.

 

മൂന്നാം വിക്കറ്റില്‍ ഗ്രീൻ – പാട്ടീദാർ സഖ്യമാണ് ആർസിബിയെ മുന്നോട്ടു നയിച്ചത്. 13ാം ഓവറില്‍ ഗ്രീനിനെയും പിന്നാലെയെത്തിയ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ അശ്വിൻ പുറത്താക്കിയതോടെയാണ് ബെംഗളൂരു ഇന്നിങ്‌സിന്റെ താളം നഷ്ടപ്പെട്ടത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ വൻ സ്‌കോറിലേക്ക് ബെംഗളൂരുവിന് എത്താനായില്ല. ദിനേശ് കാർത്തിക് (13 പന്തില്‍ 11) നിറംമങ്ങിയപ്പോള്‍, ലോംറോർ, സ്വപ്നില്‍ സിങ് (4 പന്തില്‍ 9*), കരണ്‍ ശർമ (4 പന്തില്‍ 5*) എന്നിവരാണ് ആർസിബി സ്‌കോർ 170 കടത്തിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.