News Today Wayanad

News Updates..

വയനാട്ടിൽ ചികിത്സാപ്പിഴവ് : 14 മാസം അബോധാവസ്ഥയിലായ വീട്ടമ്മ മരിച്ചു

1 min read

 

കൽപ്പറ്റ : ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. നടവയല്‍ ചീങ്ങോട് വരിക്കാനയില്‍ ജെറില്‍ ജോസിന്റെ ഭാര്യ അഖില (27) ആണ് മരിച്ചത്. 2023 മാര്‍ച്ചില്‍ ഹെര്‍ണിയയുടെ അസുഖവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ അഖിലയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. അവിടെ വെച്ചുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് അനസ്‌തേഷ്യ നല്‍കിയതിലുള്ള പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

 

അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവതിക്ക് ബോധം വന്നു. തുടർന്ന് വീണ്ടും അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ തുടർന്നു. ഇതിനിടെ അഖിലയ്ക്ക് അപസ്മാരം ഉണ്ടായി, അബോധാവസ്ഥയിലാവുകയുമായിരുന്നു. ഒന്നരവര്‍ഷമായി ഇതേ നിലയിൽ തുടരുകയായിരുന്നു. അഖിലയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതിവന്നില്ല. ഡിസ്ചാർജ് ചെയ്തെത്തി വയനാട്ടിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ അഖിലയ്ക്ക് ഛർദ്ദി അനുഭവപ്പെട്ട് കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

ചികിത്സാപ്പിഴവ് സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയും കേസ് നിലനില്‍ക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 9.30ന് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മക്കള്‍: ജെറോം, ജെറോണ്‍.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.