News Today Wayanad

News Updates..

നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ് ലഖ്‌നൗ ; രാജസ്ഥാൻ പ്ലേ ഓഫില്‍

1 min read

 

ഡല്‍ഹി : പ്ലേ ഓഫ് ബർത്തിനായുള്ള ജീവൻമരണ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് തോല്‍വി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 19 റണ്‍സിനാണ് ലഖ്നൗ തോറ്റത്. ലഖ്നൗവിന്റെ പരാജയത്തോടെ രാജസ്ഥാൻ റോയല്‍സ് പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 20 ഓവറില്‍ ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

 

നിർണായക മത്സരത്തില്‍ മുൻനിര പരാജയമായപ്പോള്‍ നിക്കോളാസ് പുരന്റെയും അവസാന ഓവറുകളില്‍ തകർത്തടിച്ച്‌ ആവേശമുയർത്തിയ അർഷാദ് ഖാന്റെയും പ്രകടനങ്ങളാണ് ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 27 പന്തില്‍ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത പുരനാണ് ടീമിന്റെ ടോപ് സ്കോറർ. കൈവിട്ട മത്സരത്തെ ആവേശത്തിലാക്കി 33 പന്തുകള്‍ നേരിട്ട് അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 58 റണ്‍സോടെ പുറത്താകാതെ നിന്ന അർഷാദ് ഖാനും പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

 

ജയത്തോടെ 14 മത്സരങ്ങള്‍ പൂർത്തിയാക്കിയ ഡല്‍ഹി 14 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഒരു മത്സരം ബാക്കിയുള്ള ലഖ്നൗ 12 പോയന്റുമായി ഏഴാം സ്ഥാനത്താണ്. ഇരു ടീമിനും ഇനി പ്ലേ ഓഫിലെത്തുക എന്നത് വിദൂര സാധ്യത മാത്രമാണ്.

 

209 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്നൗവിന്റെ തുടക്കം തന്നെ പാളി. ആദ്യ ഓവറില്‍ ക്യാപ്റ്റൻ കെ.എല്‍ രാഹുല്‍ (5), മൂന്നാം ഓവറില്‍ ഓപ്പണർ ക്വിന്റണ്‍ ഡിക്കോക്ക് (12), നാലാം ഓവറില്‍ മാർക്കസ് സ്റ്റോയ്നിസ് (5), അഞ്ചാം ഓവറില്‍ ദീപക് ഹൂഡ (0) എന്നിവർ മടങ്ങിയതോടെ ടീം കൂട്ടത്തകർച്ച മുന്നില്‍ കണ്ടു. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന നിക്കോളാസ് പുരൻ സ്കോർ ചലിപ്പിച്ചു. എന്നാല്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ച ആയുഷ് ബധോനിയും (6) പുറത്തായതോടെ 7.3 ഓവറില്‍ അഞ്ചിന് 71 റണ്‍സെന്ന നിലയിലേക്ക് ലഖ്നൗ കൂപ്പുകുത്തി. 12-ാം ഓവറില്‍ പുരന്റെ ചെറുത്തുനില്‍പ്പും അവസാനിച്ചതോടെ ലഖ്നൗ കനത്ത തോല്‍വി മുന്നില്‍ക്കണ്ടു.

 

എന്നാല്‍ ക്രുണാല്‍ പാണ്ഡ്യ (18), യുധിർ സിങ് (14) എന്നിവരെ കൂട്ടുപിടിച്ച്‌ അവസാന ഓവറുകളില്‍ തകർത്തടിച്ച അർഷാദ് ഖാൻ മത്സരം ആവേശകരമാക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഡല്‍ഹിക്കായി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുമായി തിളങ്ങി.

 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു.

 

വമ്ബനടിക്കാരൻ ജെയ്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ നഷ്ടമായെങ്കിലും അഭിഷേക് പോറെല്‍, ഷായ് ഹോപ്പ്, ക്യാപ്റ്റൻ ഋഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്ബ്സ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

 

ആദ്യ ഓവറില്‍ തന്നെ മക്ഗുർക് വീണെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പോറെല്‍ – ഷായ് ഹോപ്പ് സഖ്യം 92 റണ്‍സ് ചേർത്തതോടെ ഡല്‍ഹി ഇന്നിങ്സ് ട്രാക്കിലായി. 27 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത ഹോപ്പിനെ മടക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ പോറെലിനെയും ഡല്‍ഹിക്ക് നഷ്ടമായി. അർധ സെഞ്ചുറി നേടിയ പോറെല്‍ 33 പന്തില്‍ നിന്ന് നാല് സിക്സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്ബടിയോടെ 58 റണ്‍സെടുത്തു.

 

പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് – ട്രിസ്റ്റൻ സ്റ്റബ്ബ്സ് സഖ്യവും മികച്ച കൂട്ടുകെട്ട് കാഴ്ചവെച്ചതോടെ മധ്യ ഓവറുകളിലും ഡല്‍ഹി സ്കോർ കുതിച്ചു. 47 റണ്‍സാണ് ഇരുവരും ഡല്‍ഹി സ്കോർ ബോർഡിലെത്തിച്ചത്. 23 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 33 റണ്‍സെടുത്ത പന്ത് 17-ാം ഓവറില്‍ നവീൻ ഉള്‍ ഹഖിനു മുന്നില്‍ വീണു.

 

തുടർന്ന് അവസാന ഓവറുകളില്‍ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച്‌ അടിച്ചു തകർത്ത സ്റ്റബ്ബ്സ് ഡല്‍ഹി സ്കോർ 200 കടത്തി. 22 പന്തില്‍ നിന്ന് 50 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 25 പന്തുകള്‍ മാത്രം നേരിട്ട സ്റ്റബ്ബ്സ് നാല് സിക്സും മൂന്ന് ഫോറുമടക്കം 57 റണ്‍സോടെ പുറത്താകാതെ നിന്നു. അക്ഷർ പട്ടേല്‍ 10 പന്തില്‍ നിന്ന് 14 റണ്‍സ് നേടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.