News Today Wayanad

News Updates..

രാജസ്ഥാനെ കീഴടക്കി 3-ാം സ്ഥാനത്ത് ; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ

1 min read

 

ചെന്നൈ : ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചില്‍ രാജസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പർ കിങ്സ്. രാജസ്ഥാൻ ഉയർത്തിയ 142 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ജയത്തോടെ 13 കളികളില്‍ നിന്ന് 14 പോയന്റുമായി ഋതുരാജും സംഘവും മൂന്നാം സ്ഥാനത്തെത്തി.

 

ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ നങ്കൂരമിട്ട് കളിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദാണ് സൂപ്പർ കിങ്സിന്റെ വിജയശില്‍പി. 41 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഒരു ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്നു.

 

രചിൻ രവീന്ദ്ര (18 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (13 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. മോയിൻ അലി (10), ശിവം ദുബെ (18), രവീന്ദ്ര ജഡേജ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇതില്‍ ജഡേജ ഫീല്‍ഡ് തടസപ്പെടുത്തിയ കുറ്റത്തിന് പുറത്താകുകയായിരുന്നു. സമീർ റിസ്വി 15 റണ്‍സോടെ പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി അശ്വിൻ രണ്ടു വിക്കറ്റ് വീഴ്ത്തി.

 

നേരത്തേ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടാനായത്. നാല് ഓവറില്‍ 26 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ സിമർജീത് സിങ്ങാണ് ചെന്നൈ ബൗളർമാരില്‍ തിളങ്ങിയത്. തുഷാർ ദേശ്പാണ്ഡെയും മഹീഷ് തീക്ഷണയും ശാർദുല്‍ താക്കൂറും രവീന്ദ്ര ജഡേജയുമെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ രാജസ്ഥാൻ സ്കോർ 141-ല്‍ ഒതുങ്ങി.

 

റിയാൻ പരാഗിന്റെ ചെറുത്തുനില്‍പ്പാണ് രാജസ്ഥാൻ സ്കോർ 140 കടത്തിയത്. 35 പന്തുകള്‍ നേരിട്ട താരം മൂന്നു സിക്സും ഒരു ഫോറുമടക്കം 47 റണ്‍സോടെ പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്ന് 28 റണ്‍സടിച്ച ധ്രുവ് ജുറെലും തിളങ്ങി. സഞ്ജുവിനൊപ്പം മൂന്നാം വിക്കറ്റില്‍ 42 റണ്‍സും ജുറെലിനൊപ്പം നാലാം വിക്കറ്റില്‍ 40 റണ്‍സും ചേർക്കാൻ പരാഗിനായി.

 

ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ബാറ്റർമാരെ തുടക്കത്തില്‍ തന്നെ ചെന്നൈ ബൗളർമാർ പൂട്ടി. യശസ്വി ജയ്സ്വാള്‍ 21 പന്തില്‍ നിന്ന് 24 റണ്‍സോടെ ഏഴാം ഓവറില്‍ തന്നെ പുറത്ത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. സ്കോർ ചെയ്യാൻ നന്നേ പാടുപെട്ട ജോസ് ബട്ട്ലർ ഒമ്ബതാം ഓവറില്‍ വീണു. 25 പന്തില്‍ നിന്ന് 21 റണ്‍സ് മാത്രമായിരുന്നു ബട്ട്ലറുടെ സമ്ബാദ്യം. രണ്ടു ബൗണ്ടറികള്‍ മാത്രമടങ്ങിയ ഇന്നിങ്സ്.

 

തുടർന്നെത്തിയ ക്യാപ്റ്റൻ സഞ്ജുവിനും സ്കോറിങ് ബുദ്ധിമുട്ടായി. 19 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത സഞ്ജു 15-ാം ഓവറില്‍ മടങ്ങുമ്ബോള്‍ രാജസ്ഥാൻ 100 കടന്നിരുന്നില്ല. ഒരു ബൗണ്ടറി പോലും ഇല്ലായിരുന്നു രാജസ്ഥാൻ ക്യാപ്റ്റന്റെ ഇന്നിങ്സില്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.