News Today Wayanad

News Updates..

കാറുകളില്‍ കാൻസറിന് കാരണമാകുന്ന കെമിക്കലുകള്‍, ചൂടുകാലത്ത് കൂടുതല്‍ ; കരുതല്‍ വേണമെന്ന് പഠനം

1 min read

 

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച്‌ പഠനം നടത്തി ഗവേഷകർ. കാറിനുള്ളില്‍ ഇരിക്കുമ്ബോള്‍ ആളുകള്‍ കാൻസറിനിടയാക്കുന്ന രാസവസ്തുക്കള്‍ ശ്വസിക്കുകയാണെന്നും കരുതല്‍വേണമെന്നും എൻവയോണ്‍മെന്റല്‍ സയൻസ് ആന്റ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.2015-നും 2022-നും ഇടയില്‍ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് 99 ശതമാനം കാറുകളിലും TCIPP എന്ന ഫ്ലെയിം റിട്ടാർഡന്റ് അഥവാ തീപടരുന്നത് തടയാനും മന്ദഗതിയിലാക്കാനും ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിലെ നാഷണല്‍ ടോക്സിക്കോളജി പദ്ധതിയുടെ ഭാഗമായി കാൻസർ സാധ്യതാ ഘടകങ്ങളുടെ പരിധിയില്‍ അന്വേഷണം നടത്തുന്ന കെമിക്കലാണിത്.

 

മിക്ക കാറുകളിലും , TDCIPP and TCEP എന്നീ രണ്ട് ഫ്ലെയിം റിട്ടാർഡന്റുകളുണ്ടെന്നും ഇവ കാൻസറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയയിലെ ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

 

ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കാറിനുള്ളില്‍ സമയം ചെലവഴിക്കുന്നത് കണക്കിലെടുത്താല്‍ തന്നെ ഇതൊരു പൊതുജനാരോഗ്യ പ്രശ്നമായി സമീപിക്കണമെന്ന് ഡ്യൂക് സർവകലാശാലയിലെ ഗവേഷകനും ടോക്സിക്കോളജി സയന്റിസ്റ്റുമായ റെബേക്ക ഹോയിൻ പറഞ്ഞു. ദീർഘദൂര യാത്രകള്‍ നടത്തുന്നവരിലും കുട്ടികളിലുമാണ് അപകടസാധ്യത കൂടുതല്‍.

 

ചൂടുകൂടുമ്ബോള്‍ കാറിലെ മെറ്റീരിയലുകളില്‍ നിന്ന് കെമിക്കല്‍സ് പുറപ്പെടുവിക്കുന്നത് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് വിഷമയമായ ഈ ഫ്ലെയിം റിട്ടാർഡന്റുകളുടെ തോത് കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ക്യാബിൻ എയറിലുള്ള കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ ഉറവിടം സീറ്റ് ഫോമില്‍ നിന്നാണെന്നും ഗവേഷകർ പറയുന്നുണ്ട്. തീപിടിത്ത സാധ്യത ഒഴിവാക്കാനാണ് നിർമാതാക്കള്‍ സീറ്റ് ഫോമുകളില്‍ ഈ കെമിക്കലുകള്‍ ചേർക്കുന്നത്.

 

അഗ്നിശമനാ സേനാംഗങ്ങള്‍ക്കിടയിലെ കാൻസർ നിരക്കുകള്‍ വർധിക്കുന്നതില്‍ ഫ്ലെയിം റിട്ടാർഡന്റുകള്‍ക്ക് പങ്കുണ്ടോയെന്ന് ആശങ്കപ്പെടുന്നുവെന്ന് ഇന്റർനാഷണല്‍ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേഴ്സിലെ ആരോഗ്യവിഭാഗം ഡയറക്ടർ പാട്രിക് മോറിസണ്‍ പറയുന്നു. ഇത്തരം കെമിക്കലുകള്‍ തീപിടിത്ത സാധ്യത കുറയ്ക്കാൻ വളരെകുറച്ച്‌ മാത്രമേ സഹായിക്കൂ എന്നും മിക്ക സാഹചര്യങ്ങളിലും പുക കൂടുതല്‍ വമിക്കാനും വിഷമയമാകാനുമാണ് കാരണമാകുക എന്നും അദ്ദേഹം പറഞ്ഞു.

 

ഇത്തരം ടോക്സിക്കായ ഫ്ലെയിം റിട്ടാർഡെന്റുകള്‍ യഥാർഥത്തില്‍ കാറിനുള്ളില്‍ പ്രത്യേക ഗുണങ്ങളൊന്നും നല്‍കുന്നില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. ഈ കെമിക്കലുകളില്‍ നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷനേടാനുള്ള വഴിയേക്കുറിച്ചും ഗവേഷകർ പറയുന്നുണ്ട്. കാറിലെ വിൻഡോകള്‍ തുറന്നുവച്ചും തണലുകളിലോ ഗാരേജുകളിലോ പാർക്ക് ചെയ്തുമൊക്കെ മേല്‍പ്പറഞ്ഞ കെമിക്കലുകളുടെ പ്രവാഹം കുറയ്ക്കാമെന്നാണ് പറയുന്നത്. അപ്പോഴും ഇവയുടെ സാന്നിധ്യം കാറുകളില്‍ നിലനില്‍ക്കുന്നുവെന്നതാണ് യഥാർഥത്തില്‍ പരിഹാരം കാണേണ്ട പ്രശ്നമെന്നും അവർ പറയുന്നുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.