News Today Wayanad

News Updates..

ഗുജറാത്ത് ടൈറ്റന്‍സിനെ നിഷ്പ്രഭമാക്കി : ആര്‍സിബിക്ക് നാലു വിക്കറ്റ് ജയം

1 min read

 

ബംഗളൂരു : ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് നാലു വിക്കറ്റ് ജയം. ഗുജറാത്ത് കുറിച്ച 148 റണ്‍സ് ചെറിയ വിജയലക്ഷ്യം ബംഗളൂരു ആറു വിക്കറ്റ് നഷ്ടത്തില്‍ 38 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. നായകൻ ഫാഫ് ഡുപ്ലെസിസിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ബംഗളൂരുവിന്‍റെ ജയം അനായാസമാക്കിയത്.

 

സ്കോർ: 19.3 ഓവറില്‍ 147ന് ഓള്‍ ഔട്ട്. ബംഗളൂരു -13.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 152.

 

23 പന്തില്‍ മൂന്നു സിക്സും 10 ഫോറുമടക്കം 64 റണ്‍സെടുത്താണ് ഡുപ്ലെസിസ് പുറത്തായത്. 18 പന്തിലാണ് താരം അർധ സെഞ്ച്വറി കുറിച്ചത്. വിരാട് കോഹ്ലി 27 പന്തില്‍ 42 റണ്‍സെടുത്തു. നാലു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. കോഹ്ലി ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മറു ഭാഗത്ത് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിനെ പ്രതിരോധത്തിലാക്കി. 19 റണ്‍സ് കൂടി കൂട്ടിചേർക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

 

വില്‍ ജാക്സ് (മൂന്നു പന്തില്‍ ഒന്ന്), രജത് പട്ടീദാർ (മൂന്നു പന്തില്‍ രണ്ട്), ഗ്ലെൻ മാക്സ് വെല്‍ (മൂന്നു പന്തില്‍ നാല്), കാമറൂണ്‍ ഗ്രീൻ (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് മടങ്ങിയത്. ദിനേഷ് കാർത്തിക് (12 പന്തില്‍ 21), സ്വപ്നില്‍ സിങ് (ഒമ്ബത് പന്തില്‍ 15) എന്നിവർ ചേർന്നാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. ഗുജറാത്തിനായി ജോഷ് ലിറ്റില്‍ നാലും നൂർ അഹ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി. ബംഗളൂരുവിനായി ഒന്നാം വിക്കറ്റില്‍ കോഹ്ലിയും ഡുപ്ലെസിസും 5.5 ഓവറില്‍ 92 റണ്‍സാണ് അടിച്ചുകൂട്ടിയത്. 19 പന്തിലാണ് ടീം സ്കോർ അർധ സെഞ്ച്വറിയിലെത്തിയത്.

 

നേരത്തെ, ബംഗളൂരുവിന്‍റെ തകർപ്പൻ ബൗളിങ്ങാണ് ഗുജറാത്ത് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഷാറൂഖ് ഖാനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. 24 പന്തില്‍ 37 റണ്‍സെടുത്താണ് താരം പുറത്തായത്. ബംഗളൂരുവിനായി സിറാജും യാഷ് ദയാലും വിജയ്കുമാർ വൈശാകും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗുജറാത്തിന്‍റെ ബാറ്റിങ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയെയും (ഏഴു പന്തില്‍ ഒന്ന്) ശുഭ്മൻ ഗില്ലിനെയും (ഏഴു പന്തില്‍ രണ്ട്) മുഹമ്മദ് സിറാജ് അടുത്തടുത്ത ഓവറുകളില്‍ മടക്കി. 3.5 ഓവറില്‍ 10 റണ്‍സെടുക്കുന്നതിനിടെ വിലപ്പെട്ട രണ്ടു വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. തൊട്ടുപിന്നാലെ സായി സുദർശനും (14 പന്തില്‍ ആറ്) മടങ്ങി.

 

കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച്‌ നല്‍കിയാണ് താരം പുറത്തായത്. ടീം മൂന്നു വിക്കറ്റിന് 19 റണ്‍സിലേക്ക് തകർന്നു. പവർ പ്ലേയില്‍ മൂന്നു വിക്കറ്റിന് 24 റണ്‍സാണ് ഗുജറാത്തിന് നേടാനായത്. തുടർന്ന് ഷാറൂഖ് ഖാനും ഡേവിഡ് മില്ലറും നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ തകർച്ചയില്‍നിന്ന് കരകയറ്റിയത്. ബംഗളൂരു ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും നാലാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിചേർത്താണ് പിരിഞ്ഞത്. 20 പന്തില്‍ 30 റണ്‍സെടുത്ത മില്ലർ കരണ്‍ ശർമയുടെ പന്തില്‍ ഗ്ലെൻ മാക്സ് വെല്ലിന് ക്യാച്ച്‌ നല്‍ലകി മടങ്ങി. അധികം വൈകാതെ ഷാറൂഖും പുറത്തായി.

 

കോഹ്ലിയുടെ കിടിലൻ ത്രോയില്‍ താരം റണ്ണൗട്ടാകുകയായിരുന്നു. 21 പന്തില്‍ 35 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയയെയും 14 പന്തില്‍ 18 റണ്‍സെടുത്ത റാഷിദ് ഖാനെയും 18ാം ഓവറില്‍ മടക്കി യാഷ് ദയാല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. വിജയ് ശങ്കർ (ഏഴു പന്തില്‍ 10), മാനവ് സുതാർ (രണ്ടു പന്തില്‍ ഒന്ന്), മോഹിത് ശർമ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ബംഗളൂരുവിനായി കാമറൂണ്‍ ഗ്രീൻ, കാണ്‍ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.