News Today Wayanad

News Updates..

ജയപരാചയങ്ങൾ മാറിമറിഞ്ഞു : അവസാന പന്തിൽ ഒരു റണ്ണിന് വിജയിച്ച് ഹൈദരാബാദ് ; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി

1 min read

 

ഹൈദരാബാദ് : ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

 

മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാൻ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാൻ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തോല്‍വിയോടെ രാജസ്ഥാൻ പ്ലേ ഓഫിന് വേണ്ടി കാത്തിരിക്കണം. 10 മത്സരങ്ങളില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഹൈദരാബാദിന് ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറാനായി.

 

അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് രാജസ്ഥാൻ ജയിക്കാൻ വേണ്ടിയിരുന്നത്. പാറ്റ് കമ്മിൻസിന്റെ ആദ്യ പന്തില്‍ ധ്രുവ് ജുറല്‍ (1) മടങ്ങി. രണ്ടാം പന്തില്‍ അശ്വിൻ ഒരു റണ്‍ നേടി. മൂന്നാം പന്ത് റോവ്മാൻ പവലിന് തൊടാൻ കഴിഞ്ഞില്ല. നാലാം പന്തില്‍ റണ്‍സില്ല. അഞ്ചാം പന്തിലും റണ്‍ നേടാൻ പവലിന് സാധിച്ചില്ല. അവസാന പന്തില്‍ സിക്‌സ്. ശേഷിക്കുന്ന ഒരോവറില്‍ ജയിക്കാൻ വേണ്ടത് 13 റണ്‍സ്. ഭുവനേശ്വർ എറിഞ്ഞ അവാസന ഓവറിലെ ആദ്യ പന്തില്‍ അശ്വിൻ റണ്‍സെടുത്തു. പിന്നാലെ പവല്‍ രണ്ട് റണ്‍ ഓടിയെടുത്തു. അവസാന നാല് പന്തില്‍ ജയിക്കാൻ 10 റണ്‍സ്. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. പിന്നീട് ജയിക്കാൻ മൂന്ന് പന്തില്‍ ആറ് റണ്‍സ്. നാലാം പന്തില്‍ പവല്‍ രണ്ട് റണ്‍ ഓടിയെടുത്തു. അഞ്ചാം പന്തിലും രണ്ട് റണ്‍. എന്നാല്‍ പവലിന്റെ പോരാട്ടത്തിന് അവസാന പന്തില്‍ അവസാനമായി. ഭുവനേശ്വർ ഹൈദരാബാദിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, ടി നടരാജൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

 

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ സ്ലിപ്പില്‍ മാർകോ ജാൻസന് ക്യാച്ച്‌ നല്‍കി. സഞ്ജുവാകട്ടെ നേരിട്ട മൂന്നാം പന്തില്‍ ബൗള്‍ഡായി. പിന്നീട് ജയ്‌സ്വാള്‍ – പരാഗ് സഖ്യം 133 റണ്‍സ് കൂട്ടിചേർത്തു. ടീമിന് വിജയപ്രതീക്ഷയുമായി. എന്നാല്‍ 14-ാം ഓവറില്‍ ജയ്‌സ്വാള്‍

മടങ്ങി. രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. 16-ാം ഓവറില്‍ പരാഗും കൂടാരം കയറി. നാല് സിക്‌സും എട്ട് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയർ (13), ധ്രുവ് ജുറല്‍ (1) നിരാശപ്പെടുത്തി. പവലിന് അശ്വിൻ (2) എല്ലാ പിന്തുണയും നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല.

 

മോശം തുടക്കമാണ് ഹൈദരാബാദിനും ലഭിച്ചത്. ആറ് ഓവറില്‍ രണ്ടിന് 37 എന്ന നിലയിലായിരുന്നു ആതിഥേയർ. തുടക്കത്തില്‍ തന്നെ അഭിഷേക് ശർമ (12), അൻമോല്‍പ്രീത് സിംഗ് (5) എന്നിവരെ മടക്കാൻ രാജസ്ഥാൻ ബൗളർമാർക്കായി. അഭിഷേകിനെ ആവേഷ് ഖാൻ മടക്കി. അൻമോലിന്റെ വിക്കറ്റ് സന്ദീപ് ശർമയ്ക്കായിരുന്നു. തുടർന്ന് നാലാം വിക്കറ്റില്‍ ഹെഡ് – റെഡ്ഡി സഖ്യം 96 റണ്‍സ് കൂട്ടിചേർത്തു. ഇതില്‍ ഹെഡിന്റെ ആദ്യ പന്തില്‍ തന്നെ റിയൻ പരാഗ് പാഴാക്കിയിരുന്നു. അതിന് കനത്ത വില കൊടുക്കേണ്ടിവന്നു. എന്നാല്‍ 15-ാം ഓവറില്‍ ഹെഡിനെ, ആവേശ് ബൗള്‍ഡാക്കി. 44 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. തുടർന്നത്തിയ ഹെന്റിച്ച്‌ ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത്. 18 പന്തുകള്‍ നേരിട്ട താരം 40 റണ്‍സുമായി റെഡ്ഡിക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്‌സും ഫോറും ക്ലാസൻ നേടിയിരുന്നു. 42 പന്തുകള്‍ നേരിട്ട റെഡ്ഡിയുടെ ഇന്നിംഗ്‌സില്‍ എട്ട് സിക്‌സും മൂന്ന് ഫോറും നേടി. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.