News Today Wayanad

News Updates..

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍ കൂടി മരിച്ചു : കനത്ത ചൂടില്‍ മരണം ഏഴായി

1 min read

 

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യതാപമേറ്റ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കല്പണിക്കാരനാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

 

ഇന്നലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിൻ്റെയും മകൻ ആർ.ശബരീഷ് (27) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നില്‍ക്കുമ്പോള്‍ തളർച്ച അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

പാലക്കാട് സ്വദേശിനിയായ 56കാരി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. തെങ്കര സ്വദേശി സരോജിനിയാണ് മരിച്ചത്. സരോജിനി കുഴഞ്ഞുവീഴുന്നത് കണ്ട് സമീപവാസികള്‍ സരോജിനിയെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കഴിഞ്ഞ ദിവസം പാലക്കാട്ടും കണ്ണൂരും ആലപ്പുഴയിലും ഓരോരുത്തർ മരണപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ഇത് സൂര്യാഘാതം മൂലമാണെന്ന് തെളിഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.