News Today Wayanad

News Updates..

കോവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍

1 min read

 

കോഴിക്കോട് : കോവിഡ് പ്രതിരോധത്തിന് കേരളത്തിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക കോടതിയില്‍ റിപ്പോർട്ട് നല്‍കിയെന്ന വാർത്ത വാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാഴ്ത്തി. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമാകാമെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചെന്നാണ് കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കേരളത്തിലടക്കം ഇന്ത്യൻ നിർമിത കോവാക്സിൻ അടക്കമുള്ള വാക്സിനുകള്‍ വിതരണം ചെയ്തിരുന്നെങ്കിലും കോവിഷീല്‍ഡ് വാക്സിനായിരുന്നു ആവശ്യക്കാർ ഏറെ. കോവിഡ് വാക്സിൻ സ്വീകരിച്ചവരില്‍ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നീ സാധ്യതകള്‍ കൂടുതലാണെന്നും രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തണമെന്നുമുള്ള വ്യാജപ്രചാരണം കെട്ടടങ്ങിയ ഉടനെ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നതാണ് കോവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ചവരില്‍ ആശങ്ക ഉളവാക്കിയത്. ഇന്ത്യയില്‍ 70 ശതമാനത്തോളം പേരും കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. എന്നാല്‍, വിഷയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

ഇന്ത്യയില്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും ഇത്തമൊരു ആശങ്കക്ക് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് മേധാവി പ്രഫ. ഡോ. എസ്.എസ്. ലാല്‍ അഭിപ്രായപ്പെട്ടു. വാക്സിനെടുത്ത ലക്ഷത്തില്‍ ഒരാള്‍ മരിച്ചിരിക്കാം. അയാള്‍ക്ക് മറ്റ് അസുഖങ്ങളും ഉണ്ടായെന്നുവരും. എന്നാല്‍, വാക്സിൻ എടുക്കാതിരുന്നാല്‍ കോവിഡ് ബാധിച്ച്‌ 500ഓ അതിലധികമോ പേർ മരണത്തിന് കീഴടങ്ങിയെന്നുവരും. വാക്സിൻ സ്വീകരിച്ചതിനുശേഷം ആളുകളില്‍ ഹൃദയാഘാതം അടക്കം വർധിക്കുന്നു എന്ന് ശാസ്ത്രീയ പഠനങ്ങളില്ലാതെ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ നല്‍കുന്നതിനുമുമ്ബ് കോവിഡ് ബാധിച്ചവരില്‍ ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയിരുന്നുവെന്നും വാക്സിൻ സ്വീകരിക്കാൻ തുടങ്ങിയ ശേഷം അത്തരം ഗുരുതര പ്രശ്നങ്ങള്‍ ഗണ്യമായി കുറഞ്ഞതായും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗത്തിലെ ഡോ. ഷമീർ പറഞ്ഞു.

 

വാക്സിൻ സ്വീകരിച്ചതിനുശേഷം വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ മരുന്നിന്‍റെ പാർശ്വ ഫലമാണെന്ന് പറയല്‍ ആളുകളില്‍ കണ്ടുവരുന്ന പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയാൻ ആസ്ട്രസെനെക യോഗ്യതയുള്ള ഏജൻസിയല്ലെന്നും മരുന്നിന്റെ പേറ്റന്റ്‌ കൈവശമുള്ളതിനാല്‍ ആസ്ട്രസെനെക കോടതിയില്‍ മൊഴികൊടുത്തതാകാമെന്നും ഡോ. ബി. ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് പേർ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. പ്രമേഹം അല്ലെങ്കില്‍ രക്തസമ്മർദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരില്‍ കോവിഡാനന്തര അവസ്ഥയുടെ ഭാഗമായി രക്തക്കട്ടകള്‍ ഉണ്ടാകാം. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തേ കോവിഡ്‌ വന്നിരിക്കാൻ സാധ്യതയുണ്ട്‌. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ്‌ ബാധിക്കാം. അതുകൊണ്ട്‌ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത്‌ വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.