News Today Wayanad

News Updates..

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം മേയ് രണ്ട് മുതല്‍ ; ഗതാഗത മന്ത്രിയുടെ പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു

1 min read

 

തിരുവനന്തപുരം : കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം നിലവില്‍വരും. ഇനി മുതല്‍ റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും ‘H’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ റോഡ് ടെസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ രീതിയിലേക്ക് മാറുക. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

 

സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ് എന്നതും ഒപ്പം റോഡ് ടെസ്റ്റില്‍ കര്‍ശന രീതികള്‍ എന്നിവയുമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ആദ്യം നല്‍കിയ നിര്‍ദേശം.

 

മന്ത്രിയുടെ ഈ തീരുമാനത്തില്‍ ഇളവ് വരുത്തിയാണ് പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 30ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാന്‍ ‘H’ ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി മോട്ടാര്‍വാഹന വകുപ്പ് പരീക്ഷയും നടത്തിച്ചു.

 

15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇത്തരത്തില്‍ പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഐമാരെയാണ് തിരുവനന്തപുരം മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. സമയക്രമം സംബന്ധിച്ച്‌ ഇവര്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് മന്ത്രി തന്നെ ആരോപിച്ചിരുന്നത്. അതേസമയം പരസ്യപരീക്ഷയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗംപേരും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെടുകയും ചെയ്തു.

 

 

അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. മെയ് 2 മുതല്‍ ഏർപ്പെടുത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സിഐടിയു പ്രതിഷേധ ധർണ നടത്തിയിരുന്നു.

 

പ്രതിഷേധങ്ങളെ അവഗണിച്ചാണ് മന്ത്രി സർക്കുലറുമായി മുന്നോട്ട് പോയത്. എച്ച്‌ ടെസ്റ്റ് മാറ്റി പുതിയ ട്രാക്കില്‍ ഡൈവിംഗ് ടെസ്റ്റ് നടത്താനായിരുന്നു പുതിയ തീരുമാനം. എന്നാല്‍ മാവേലിക്കര ഒഴിച്ച്‌ മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുകള്‍ നടപ്പിലായില്ല. അതിനിടെ ടെസ്റ്റില്‍ നിഷ്‌കർഷിച്ചിരുന്ന പരിഷ്‌കാരത്തില്‍ ചില ഇളവുകള്‍ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.

 

റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച്‌ ടെസ്റ്റ് നടക്കുക. നിലവിലെ രീതിയില്‍ നിന്ന് റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടാകും. പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആയി കുറച്ചിരുന്നു. 40 പുതിയ അപേക്ഷകർക്കും റീ ടെസ്റ്റിന് അപേക്ഷിച്ച 20 പേർക്കും അവസരം നല്‍കാനാണ് തീരുമാനം. നേരത്തെ ഇറക്കിയ സർക്കുലർ പൂർണമായും പിൻവലിച്ചാല്‍ മെയ് 2 മുതലുള്ള പരിഷ്‌കരണവുമായി സഹകരിക്കും. നിർബന്ധമായി ടെസ്റ്റില്‍ പങ്കെടുപ്പിച്ചാല്‍ അത് തടയുമെന്നും സിഐടിയു വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.