News Today Wayanad

News Updates..

സഞ്ജുവിൻ്റെ ബാറ്റിംഗ് കരുത്തിൽ ലഖ്നൗവിനെ 7 വിക്കറ്റിന് തകർത്തു : ഒന്നാംസ്ഥാനം കൈവിടാതെ രാജസ്ഥാൻ 

1 min read

 

ലഖ്നൗ : ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പർമാരായ ക്യാപ്റ്റൻമാരുടെ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയല്‍സിനൊപ്പം. റണ്‍ ചേസിങ്ങില്‍ കെ.എല്‍. രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ജയം. രണ്ട് ടീമിലും ഏറ്റവും മികച്ച പ്രകടനം നടത്തിയതും അതത് ക്യാപ്റ്റൻമാരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കെ.എല്‍. രാഹുലിന്റെ അർധ സെഞ്ചുറിയാണ് (48 പന്തില്‍ 76) ലഖ്നൗ ഇന്നിങ്സിനു കരുത്തായതെങ്കില്‍, സഞ്ജു സാംസന്റെ അർധ സെഞ്ചുറിയാണ് (33 പന്തില്‍ 71) രാജസ്ഥാൻ വിജയത്തില്‍ നിർണായകമായത്. അർധ സെഞ്ചുറിയുമായി (34 പന്തില്‍ 52) ധ്രുവ് ജുറേല്‍ സഞ്ജുവിന് കൂട്ടുനിന്നു.

 

ലഖ്നൗ ഉയർത്തിയ 196-നെതിരേ ബാറ്റേന്തിയ രാജസ്ഥാന് ജോഷ് ബട്ലറും യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ അഞ്ചോവറുകള്‍ അടിച്ചു തകർത്ത ഈ കൂട്ടുകെട്ട് യഷ് താക്കൂറെറിഞ്ഞ ആറാം ഓവറില്‍ പൊളിഞ്ഞു. താക്കൂറിന്റെ ലോ ഫുള്‍ടോസ് ആയി വന്ന പന്ത് ലെഗ്സ്റ്റമ്ബില്‍ ചെന്നുപതിച്ച്‌ ബട്ലറാണ് ആദ്യം മടങ്ങിയത്. 18 പന്തില്‍ 34 റണ്‍സാണ് ബട്ലർ നേടിയത്. ഇതോടെ പവർ പ്ലേ സ്കോർ 60-1.

 

മാർകസ് സ്റ്റോയിനിസ് എറിഞ്ഞ അടുത്ത ഓവറില്‍ യശസ്വി ജയ്സ്വാളും മടങ്ങി. 18 പന്തില്‍ 24 റണ്‍സാണ് സമ്ബാദ്യം. റിയാൻ പരാഗും (11 പന്തില്‍ 14) പ്രതീക്ഷയുയർത്തുന്ന ഇന്നിങ്സ് കാഴ്ചവെച്ചില്ല. തുടർന്ന് ധ്രുവ് ജുറേലും സഞ്ജു സാംസണും ചേർന്നു നടത്തിയ മികച്ച ഇന്നിങ്സാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഒൻപതാം ഓവറില്‍ ഒരുമിച്ച ഇരുവരും കളി ജയിക്കുംവരെ ക്രീസില്‍ തുടർന്നു. 121 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. നാല് സിക്സും ഏഴ് ഫോറും ചേർന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സെങ്കില്‍ രണ്ട് സിക്സും അഞ്ച് ഫോറും ചേർന്നതാണ് ജുറേലിന്റെ ഇന്നിങ്സ്. ലഖ്നൗവിനുവേണ്ടി യഷ് താക്കൂർ, മാർക്കസ് സ്റ്റോയ്നിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത മൊഹ്സിൻ ഖാനാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്.

 

നേരത്തേ ആദ്യം ബാറ്റുചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ക്യാപ്റ്റൻ കെ.എല്‍. രാഹുലിന്റെയും (76) ദീപക് ഹൂഡയുടെയും (50) അർധ സെഞ്ചുറികളാണ് ലഖ്നൗ സ്കോർ ഉയർത്തിയത്.

 

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ഓപ്പണർ ക്വിന്റൻ ഡി കോക്ക് (മൂന്ന് പന്തില്‍ എട്ട്) പുറത്തായി. സന്ദീപ് ശർമയെറിഞ്ഞ അടുത്ത ഓവറില്‍ മാർക്കസ് സ്റ്റോയ്നിസ് ഡക്കായി മടങ്ങി. പവർ പ്ലേയില്‍ രണ്ട് വിക്കറ്റില്‍ 46 റണ്‍സാണ് ലഖ്നൗവിന്റെ സമ്ബാദ്യം. തുടർന്ന് കെ.എല്‍. രാഹുലും ദീപക് ഹൂഡയും ചേർന്ന് മൂന്നാം വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 12-ാം ഓവറില്‍ ദീപക് ഹൂഡ പുറത്തായി. അപ്പോഴേക്കും 31 പന്തുകളില്‍ ഏഴ് ബൗണ്ടറികളോടെ 50 റണ്‍സ് നേടിയിരുന്നു താരം.

 

പിന്നാലെ നിക്കോളാസ് പുരാനെത്തിയെങ്കിലും സന്ദീപ് ശർമയുടെ പന്തില്‍ വിക്കറ്റ് കളഞ്ഞ് മടങ്ങി (11 പന്തില്‍ 11). 18-ാം ഓവറില്‍ കെ.എല്‍. രാഹുലും പുറത്തായി. ആവേശ് ഖാന്റെ പന്തില്‍ മടങ്ങുമ്ബോള്‍ 48 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറും സഹിതം 76 റണ്‍സ് നേടിയിരുന്നു. തുടർന്നുള്ള ഓവറുകളില്‍ ആയുഷ് ബദോനിയും (18) ക്രുണാല്‍ പാണ്ഡ്യയും (15) ചേർന്ന് സ്കോർ 196-ലെത്തിച്ചു. ഇരുവരും പുറത്താവാതെ നിന്നു.

 

രാജസ്ഥാൻ നിരയില്‍ സന്ദീപ് ശർമയാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രൻ അശ്വിൻ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നാലോവറില്‍ 41 റണ്‍സ് വഴങ്ങിയ യുസ്വേന്ദ്ര ചാഹലിന് വിക്കറ്റ് ലഭിച്ചില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.