News Today Wayanad

News Updates..

റെയില്‍വേയില്‍ എസ്.ഐ./കോണ്‍സ്റ്റബിള്‍ തസ്തികയിൽ 4660 ഒഴിവ് : മേയ് 14 വരെ അപേക്ഷിക്കാം

1 min read

 

റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിലെയും റെയില്‍വേ പ്രൊട്ടക്ഷൻ സ്പെഷ്യല്‍ ഫോഴ്സിലെയും സബ് ഇൻസ്പെക്ടർ, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4660 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡാണ് (ആർ.ആർ.ബി.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

തസ്തികകളും ഒഴിവും: സബ് ഇൻസ്പെക്ടർ 452 (പുരുഷൻ-384, വനിത-68), കോണ്‍സ്റ്റബിള്‍-4208 (പുരുഷൻ-3577, വനിത-631)

 

വിദ്യാഭ്യാസ യോഗ്യത: സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം. കോഴ്സിന്റെ അവസാനവർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

 

ശാരീരികയോഗ്യത: പുരുഷന്മാർക്ക് 165 സെ.മീ.യും (എസ്.സി., എസ്.ടി.-160 സെ.മീ.) വനിതകള്‍ക്ക് 157 സെ.മീ.യും ഉയരം (എസ്.സി., എസ്.ടി.-152) വേണം. പുരുഷന്മാർക്ക് നെഞ്ചളവ് വികസിപ്പിക്കാതെ 80 സെ.മീ.യും (എസ്.സി., എസ്.ടി.-76.2 സെ.മീ.), വികസിപ്പിച്ച നെഞ്ചളവ് 85 സെ.മീ.യും (എസ്.സി., എസ്.ടി.- 81.2 സെ.മീ.) ഉണ്ടായിരിക്കണം.

 

തിരഞ്ഞെടുപ്പ്; കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

 

ശമ്ബളം: സബ് ഇൻസ്പെക്ടർക്ക് 35,400 രൂപയും കോണ്‍സ്റ്റബളിന് 21,700 രൂപയുമാണ് തുടക്ക ശമ്ബളം.

 

പ്രായം: സബ് ഇൻസ്പെക്ടർക്ക് 20-28 വയസ്സ്, കോണ്‍സ്റ്റബിളിന് 18-28 വയസ്സ്. 01.07.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എല്‍.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിധവകള്‍ക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും രണ്ട് വർഷത്തെ ഇളവ് (എസ്.സി., എസ്.ടി.-7 വർഷം, ഒ.ബി.സി.എൻ.സി.എല്‍.-അഞ്ച് വർഷം) ലഭിക്കും. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

 

പരീക്ഷ: കോണ്‍സ്റ്റബിളിന് പത്താംതലത്തിലെയും സബ് ഇൻസ്പെക്ടർക്ക് ബിരുദതലത്തിലെയും ചോദ്യങ്ങളാണ് ഉണ്ടാവുക. ആകെ 120 ചോദ്യങ്ങളുണ്ടാവും. അരിത്മാറ്റിക്-35, ജനറല്‍ ഇന്റലിജൻസ് ആൻഡ് റീസണിങ് -35 , ജനറല്‍ അവേർനെസ്-50 എന്നിങ്ങനെയാണ് ഓരോ വിഷയത്തിനുമുള്ള മാർക്ക്. 90 മിനിറ്റാണ് ആകെ പരീക്ഷാസമയം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ലഭിക്കും. ഒബ്ജക്ടീവ്, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യപേപ്പർ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 30 ശതമാനവും മറ്റുള്ളവർക്ക് 35 ശതമാനവുമാണ് പാസ് മാർക്ക്. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.

 

ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങള്‍ക്കും വിമുക്തഭടന്മാർക്കും 250 രൂപയാണ് ഫീസ്. ഇവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാല്‍ ബാങ്ക് ചാർജ് ഒഴികെയുള്ള തുക മടക്കിനല്‍കും. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലൊന്നും പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർക്ക് 400 രൂപ തിരികെ നല്‍കും. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.

 

അപേക്ഷ: തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് ആർ.ആർ.ബി.യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും വെബ്സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14. അപേക്ഷയോടൊപ്പം ഒപ്പും ഫോട്ടോയും വിജ്ഞാപനത്തില്‍ നിർദേശിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവർക്ക്, മേയ് 15 മുതല്‍ 24 വരെ സമയമനുവദിക്കും. എന്നാല്‍ ഇതിന് ഫീസ് ഈടാക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.