News Today Wayanad

News Updates..

പടിക്കല്‍ കലമുടച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് : സെമി കാണാതെ പുറത്ത്

1 min read

 

ഭുവനേശ്വർ : ഐഎസ്‌എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വിയോടെ സെമി കാണാതെ പുറത്ത്. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പാലിച്ച മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ ഒഡീഷ വിജയ ഗോള്‍ നേടിയത്. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം രണ്ടാം പകുതിയിലിറങ്ങിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും ഇത്തവണ ബ്ലാസ്റ്റേഴ്‌സിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.

 

പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഒഡിഷ എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് പിന്നീട് കളി കൈവിടുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 67ാം മിനിറ്റില്‍ ഫെദോർ ചെർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്‌കോർ ചെയ്ത ഒഡിഷ ജയവുമായി മടങ്ങുകയായിരുന്നു. സെമിയില്‍ മോഹൻ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.

 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 67-ാം മിനിറ്റില്‍ ഫെഡോർ സിർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് 87-ാം മിനിറ്റ് വരെ ലീഡ് നിലനിർത്തി വിജയത്തിന് അടുത്ത് എത്തിയെങ്കിലും 87-ാം മിനിറ്റില്‍ ഡിയാഗോ മൗറീഷ്യയുടെ ഗോളില്‍ സമനില പിടിച്ച ഒഡീഷ ജീവൻ നീട്ടിയെടുത്തു. പിന്നീട് എക്‌സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ഇസാക് വാൻലാല്‍റൈട്‌ഫെലയിലൂടെ ലീഡെടുത്ത ഒഡീഷക്കെതിരെ ഗോള്‍ തിരിച്ചടിക്കാൻ മഞ്ഞപ്പടക്കായില്ല. തോല്‍വിയോടെ സെമി കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്‌എല്‍ കിരീടമെന്നത് ഒരിക്കല്‍ കൂടി കിട്ടാക്കനിയായി.

 

ആദ്യ പകുപതിയില്‍ ഇരു ടീമുകള്‍ക്കും ഒട്ടേറെ തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തതോടെ ആരാധകർ പ്രതീക്ഷയിലായി. മിഡ്ഫീല്‍ഡില്‍ നിന്ന് ഐമൻ നീട്ടി നല്‍കിയ പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിച്ച സിർനിച്ചിന്റെ ഇടങ്കാലനടിയാണ് ഒഡീഷ വലയില്‍ കയറിയത്.

 

78ാം മിനിറ്റില്‍ സിർനിച്ചിന്റെ പകരക്കാരനായാണ് ലൂണ ഗ്രൗണ്ടിലിറങ്ങിയത്. കളി ബ്ലാസ്റ്റേഴ്‌സ് കൈക്കലാക്കിയെന്ന് ഉറപ്പിച്ചിരിക്കെയാണ് പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോ മഞ്ഞപ്പടയെ ഞെട്ടിച്ച്‌ സമനില ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ വഴങ്ങിയില്ലെങ്കിലും എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ തന്നെ ഒഡീഷ വീണ്ടും ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചു.

 

ജാഹോ നല്‍കിയ പാസില്‍ റോയ് കൃഷ്ണ നീട്ടി നല്‍കിയ പന്താണ് ഇസാക് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്ബ് ബ്ലാസ്റ്റേഴ്‌സിന് സമനിലക്ക് സുവർണാവസരം ലഭിച്ചെങ്കിലും രാഹുല്‍ കെ പിയുടെ ഹെഡ്ഡർ ഒഡീഷ ഗോള്‍ കീപ്പർ അമ്രീന്ദർ സിങ് അവിശ്വസനീയമായി തട്ടിയകറ്റി. ലീഡെടുത്തതിന്റെ ആത്മവിശ്വാസത്തില്‍ ആരാധക പിന്തുണയോടെ ഇരമ്ബിക്കയറിയ ഒഡീഷ പിന്നീട് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരവിന് അവസരം നല്‍കിയില്ല.

 

ബ്ലാസ്റ്റേഴ്സിനായി സന്ദീപ് സിങ്, മാർക്കോ ലെസ്‌കോവിച്ച്‌, മിലോസ് ഡ്രിൻസിച്ച്‌, ഹോർമിപാം എന്നിവർ പ്രതിരോധത്തിലും ദയ്സുകെ സകായ്, ഫ്രെഡി, വിബിൻ മോഹൻ, സൗരവ് മണ്ഡല്‍ എന്നിവർ മധ്യനിരയിലും മുഹമ്മദ് ഐമനും ഫെദോർ ചെർനിച്ചും മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശർമയായിരുന്നു ബാറിന് കീഴില്‍.

 

കളിയുടെ തുടക്കത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മികവ് പുലർത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തോടെ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ ആദ്യ 10 മിനിറ്റിന് ശേഷം ഒഡിഷ കളിയില്‍ താളം കണ്ടെത്തി. 13-ാം മിനിറ്റില്‍ ഒരു കോർണറില്‍ നിന്നുള്ള അഹമ്മദ് ജാഹുവിന്റെ ഹെഡർ പുറത്തേക്ക് പോയി. പിന്നാലെ 18-ാം മിനിറ്റില്‍ മികച്ചൊരു സേവിലൂടെ ലാറ ശർമ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്കെത്തി.

 

തുടർന്ന് 27-ാം മിനിറ്റില്‍ സ്റ്റേഡിയം ഏറ്റവും മോശം റഫറിയിങ്ങിനും സാക്ഷിയായി. കോർണർ എടുത്ത ശേഷം കോർണർ ഫ്ളാഗിനടുത്ത് ഓഫ് സൈഡ് പൊസിഷനില്‍ നിന്ന് പന്ത് സ്വീകരിച്ച്‌ അഹമ്മദ് ജാഹു നല്‍കിയ പാസ് ഓഫ് സൈഡ് പൊസിഷനിലായിരുന്ന മുർത്താത ഫാള്‍ ബാക്ക് ഹീലിലൂടെ വലയിലാക്കി. റഫറി ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധവുമായെത്തി. തുടർന്ന് ലൈൻ റഫറിയുമായി ചർച്ച ചെയ്ത് മുഖ്യ റഫറി ഗോള്‍ പിൻവലിക്കുകയായിരുന്നു. ഒന്നിലേറെ ഒഡിഷ താരങ്ങള്‍ ഓഫ്സൈഡായിരുന്നപ്പോഴാണ് ഫാള്‍ പന്ത് വലയിലെത്തിക്കുന്നത്.

 

റോയ് കൃഷ്ണയെ കൃത്യമായി പൂട്ടാൻ ഡ്രിൻസിച്ചിനും ലെസ്‌കോവിച്ചിനും സാധിച്ചതോടെ ഫൈനല്‍ തേർഡില്‍ ഒഡിഷ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. എന്നാല്‍ ഇടതുവിങ്ങിലൂടെയുള്ള ജെറിയുടെ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.

 

ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. ഒഡിഷ ഗോളി അമരീന്ദറിന്റെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. എന്നാല്‍ ചെർനിച്ചിന്റെ ഷോട്ട് പുറത്തേക്ക് പോയി.

 

53-ാം മിനിറ്റില്‍ ലഭിച്ച മികച്ചൊരു അവസരം അയ്മനും വലയിലെത്തിക്കാനായില്ല. ചെർനിച്ച്‌ ഫ്ളിക്ക് ചെയ്ത് നല്‍കിയപന്തുമായി മുന്നേറിയ അയ്മന്റെ ഗ്രൗണ്ട് ഷോട്ട് ഗോളി അമരീന്ദറിന്റെ കാലില്‍ തട്ടി പോസ്റ്റിലിടിച്ച്‌ മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടുനിന്നത്.

 

എന്നാല്‍ 67-ാം മിനിറ്റില്‍ ചെർനിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലപ്പൂട്ട് പൊളിച്ചു. മിഡ്ഫീല്‍ഡില്‍ നിന്ന് വിബിൻ മോഹൻ നല്‍കിയ പന്തുമായി മുന്നേറി ഐമൻ കിറുകൃത്യമായി നല്‍കിയ പന്ത് ചെർനിച്ച്‌ തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

 

ഗോള്‍വീണതോടെ ആക്രമണം കടുപ്പിച്ച ഒഡിഷ താരങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൃത്യമായി പൂട്ടി. ഇതിനിടെ 72-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഷോട്ട് തടുത്തിട്ട് ലാറ വീണ്ടും രക്ഷകനായി. പരിക്കിനെ തുടർന്ന് ദീർഘനാളുകള്‍ക്ക് ശേഷം 81-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ അഡ്രിയാൻ ലൂണയെ നിറഞ്ഞ കൈയടികളോടെ സ്റ്റേഡിയം സ്വീകരിക്കുകയും ചെയ്തു.

 

പിന്നാലെ ഡീഗോ മൗറീസിയോയെ കളത്തിലിറക്കിയ ഒഡിഷ കോച്ച്‌ സെർജി ലൊബേറയുടെ തന്ത്രം ഫലംകണ്ടു. 87-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലേക്ക് വന്ന പാസില്‍ സമ്മർദം ചെലുത്തുന്നതില്‍ സന്ദീപ് സിങ് വരുത്തിയ അലംഭാവമാണ് ഒഡിഷയുടെ ഗോളില്‍ കലാശിച്ചത്. ആരാലും മാർക്ക് ചെയ്യപ്പെടാതെ പോസ്റ്റിന്റെ വലതുമൂലയില്‍ നിന്ന് പന്ത് സ്വീകരിച്ച്‌ കൃഷ്ണ നല്‍കിയ ക്രോസ് ഒന്ന് ടാപ് ചെയ്ത് വലയിലാക്കേണ്ട കാര്യമേ ഡീഗോ മൗറീസിയോയ്ക്കുണ്ടായുള്ളൂ.

 

ഇതോടെ മത്സരം അധികസമയത്തേക്ക്. തളർന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരേ വിജയഗോള്‍ നേടാൻ പിന്നീട് എട്ടു മിനിറ്റ് മാത്രമേ ഒഡിഷയ്ക്ക് കാത്തിരിക്കേണ്ടിവന്നുള്ളൂ. ആദ്യ ഗോളിന്റെ കാർബണ്‍ കോപ്പിയായിരുന്നു അവരുടെ രണ്ടാം ഗോളും. ജാഹു കൃഷ്ണയെ ലക്ഷ്യമാക്കി വലതുഭാഗത്തേക്ക് ഉയർത്തി നല്‍കിയ പന്ത് ഒന്ന് പ്രതിരോധിക്കാൻ പോലും ശ്രമിക്കാതിരുന്ന സന്ദീപിനെ കാഴ്ചക്കാരനാക്കി കൃഷ്ണയുടെ വക സമാനമായ ക്രോസ്. ഇത്തവണ പക്ഷേ മൗറീസിയോക്ക് പകരം ഐസക്കായിരുന്നു ആ സ്ഥാനത്ത്. അനായാസം പന്ത് വലയിലെത്തിച്ച ഐസക്ക് ഒഡീഷയുടെ സെമി ബർത്ത് ഉറപ്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.