News Today Wayanad

News Updates..

ഗുണമേന്മ ഉറപ്പാക്കാൻ ഇനി എല്ലാവർഷവും ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കെല്ലാം നിര്‍ബന്ധിത പരിശീലനം

1 min read

 

തിരുവനന്തപുരം : ഹയർസെക്കൻഡറി വിദ്യാഭ്യാസത്തില്‍ ഗുണമേന്മ ഉറപ്പാക്കാൻ ഇനി എല്ലാവർഷവും എല്ലാ അധ്യാപകർക്കും നിർബന്ധിത പരിശീലനം.കൗമാരക്കാർ പഠിക്കുന്ന ക്ലാസ്മുറികളെ കാലത്തിനൊത്തു സജ്ജമാക്കാൻ നൂതന മനഃശാസ്ത്ര സമീപനവും പരിശീലനത്തില്‍ ഉള്‍പ്പെടുത്തി. ക്ലാസ് റൂം മാനേജ്മെന്റ് വൈദഗ്ധ്യം എല്ലാ അധ്യാപകർക്കും ഉറപ്പാക്കി അധ്യാപക-വിദ്യാർഥി ബന്ധം ദൃഢമാക്കും.

 

സങ്കീർണമാണ് കൗമാരമെന്നതിനാല്‍ സാമൂഹികമാറ്റങ്ങളെ വേഗം ഉള്‍ക്കൊള്ളാനുള്ള പ്രവണത വിദ്യാർഥികളില്‍ വളർത്തിയെടുക്കും. ചില കുട്ടികളിലെങ്കിലും അമിതമായ ഉത്കണ്ഠ, വിഷാദം, പഠനപ്രശ്നങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, അക്രമവാസന എന്നിവയും കണ്ടുവരുന്നു. ഇതിനെല്ലാമനുസരിച്ച്‌ അധ്യാപകരെ പാകപ്പെടുത്തും.തൊഴില്‍വിദ്യാഭ്യാസത്തിലേക്കു ചുവടുമാറുന്നതാണ് പുതിയ സ്കൂള്‍ പാഠ്യപദ്ധതി. അതനുസരിച്ച്‌ അധ്യയനരീതി മാറ്റേണ്ടിവരും. ഉന്നതവിദ്യാഭ്യാസം ഈ വർഷംമുതല്‍ നാലുവർഷ ബിരുദത്തിലേക്കു മാറുന്നതും സി.യു.ഇ.ടി.പോലുള്ള ദേശീയതല മത്സരപരീക്ഷകള്‍ക്ക് പ്ലസ്ടു മാർക്ക് അടിസ്ഥാനമായതും കണക്കിലെടുത്തു.

 

പ്ലസ്ടുവിദ്യാഭ്യാസം കഴിഞ്ഞു തൊട്ടടുത്തവർഷം കുട്ടികള്‍ വോട്ടവകാശം നേടുമെന്നതിനാല്‍ അവർക്കു ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളിലും ഭരണഘടനാതത്ത്വങ്ങളിലും അറിവാർജിക്കാനുള്ള അവസരങ്ങളുമൊരുക്കും. അധ്യയനം, പരീക്ഷ, ക്ലാസ്മുറി തുടങ്ങിയ എല്ലാ മേഖലകളിലും നിർമിതബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ അധ്യാപകരെ പ്രാപ്തരാക്കും.

 

ഹയർ സെക്കൻഡറി അധ്യാപകപരിശീലന പരിപാടി 2018-19ല്‍ ആരംഭിച്ചെങ്കിലും ഇതുവരെ 5300 അധ്യാപകരേ പരിശീലനം നേടിയിട്ടുള്ളൂ. ഇനി നിർബന്ധിത പരിശീലനമായിരിക്കും.ആദ്യഘട്ടമായി സംസ്ഥാനത്തെ 28,028 അധ്യാപകർക്ക് മേയില്‍ നാലുദിവസത്തെ പരിശീലനമുണ്ടാവും. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തില്‍ ഇതിനായി ആശയരൂപവത്കരണ ശില്പശാലയും സംഘടിപ്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.