News Today Wayanad

News Updates..

ധോണിയുടെ സിക്സർ പൂരം, രോഹിത്തിൻ്റെ മാസ് സെഞ്ച്വറി, കൊടുങ്കാറ്റായി പതിരണയുടെ യോർക്കർ : ഒടുവിൽ മുംബൈയെ 20 റൺസിന് തകർത്ത് ചെന്നൈ

1 min read

 

മുംബൈ : രോഹിത് ശർമയുടെ സെഞ്ചുറി കൊണ്ട് മാത്രം രക്ഷപ്പെടുമായിരുന്നില്ല മുംബൈ ഇന്ത്യൻസ്. മറുതലക്കല്‍ മാറിമാറി വന്ന ഓരോരുത്തരും പരാജയമായതോടെ ഫലം ചെന്നൈക്ക് അനുകൂലമായി. ഐ.പി.എലിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിന് 20 റണ്‍സ് ജയം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും മതീഷ് പതിരണയും ശിവം ദുബെയും ധോനിയും ചേർന്ന കൂട്ടായ്മ വിയർപ്പു ചിന്തിയതിന്റെ ഫലം.

 

സ്കോർ- ചെന്നൈ: 206/4 (20 ഓവർ). മുംബൈ: 186/6 (20 ഓവർ)

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പവർ പ്ലേയില്‍ അത്ര വലിയ ഓളമൊന്നുമുണ്ടാക്കിയില്ല. പക്ഷേ, ക്യാപ്റ്റൻ ഗെയ്ക്വാദ് തുടക്കം മുതല്‍ ശ്രദ്ധയോടെ ബാറ്റുവീശി. മധ്യ ഓവറുകളില്‍ ശിവം ദുബെ ആഞ്ഞടിച്ചു. അവസാന ഓവറില്‍ ധോനി തീജ്വാല പടർത്തുന്ന ഇന്നിങ്സ് കാഴ്ചവെച്ചു. തുടർന്ന് ബൗളിങ്ങിനിറങ്ങിയപ്പോള്‍ മതീഷ് പതിരണയുടെ വകയായും കിട്ടി മുംബൈക്ക്.

 

മുംബൈക്കുവേണ്ടി 62 പന്തില്‍ അഞ്ച് സിക്സും 11 ഫോറും ഉള്‍പ്പെടെ 105 റണ്‍സുമായി രോഹിത് ശർമ പുറത്താകാതെ നിന്നെങ്കിലും, സെഞ്ചുറി ടീമിനെ വിജയത്തിലെത്തിച്ചില്ല. പതുക്കെ തുടങ്ങി മധ്യ ഓവറുകളിലും അവസാനത്തിലും കൂറ്റനടികള്‍ നടത്തിയാണ് ചെന്നൈ സ്കോർ ഉയർത്തിയത്. എന്നാല്‍ കൂറ്റനടികളോടെ ഗംഭീരമായ തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ പതറിയത് മുംബൈയെ തോല്‍വിയിലേക്ക് നയിച്ചു.

 

ആദ്യം ബാറ്റുചെയ്ത ചെന്നൈ നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ശിവം ദുബെയും കളം നിറഞ്ഞ് കളിച്ചതോടെയാണ് ചെന്നൈ ഉയർന്ന സ്കോറിലെത്തിയത്. അവസാന ഓവറില്‍ കത്തിക്കയറി ധോനി ടീം സ്കോർ 200 കടത്തി.

 

40 പന്തില്‍ 69 റണ്‍സ് നേടിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്സ് ചെന്നൈക്ക് മികച്ച ആരംഭം നല്‍കി. പിന്നാലെ ശിവം ദുബെ വന്ന് കത്തിക്കയറിയതോടെ ടീം സ്കോറും റണ്‍ റേറ്റും കുത്തനെ ഉയർന്നു. രണ്ട് സിക്സും പത്ത് ഫോറും ഉള്‍പ്പെടെ പുറത്താവാതെ 38 പന്തില്‍ 66 റണ്‍സാണ് ദുബെയുടെ സമ്ബാദ്യം. അവസാന ഓവർ എറിയാനെത്തിയ മുംബൈ ക്യാപ്റ്റൻ ഹാർദിക്കിന് കണക്കിന് കൊടുത്ത് ധോനിയും കളം വാണതോടെ ചെന്നൈ സ്കോർ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലെത്തി. ഹാർദിക്കിന്റെ ഓവറിലെ അവസാന നാല് പന്തുകള്‍ മാത്രം നേരിടാൻ അവസരം കിട്ടിയ ധോനി, അതിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി. അവസാന ബോളില്‍ ഡബിളും നേടി നാല് പന്തില്‍ 20 റണ്‍സെടുത്തു.

 

രചിൻ രവീന്ദ്രയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ അജിങ്ക്യ രഹാനെ രണ്ടാം ഓവറില്‍ത്തന്നെ മടങ്ങി. ജെറാള്‍ഡ് കോട്സിയുടെ പന്തില്‍ ഹാർദിക് പാണ്ഡ്യക്ക് ക്യാച്ച്‌ നല്‍കിയാണ് മടക്കം. എട്ട് പന്തില്‍ അഞ്ച് റണ്‍സ് സമ്ബാദ്യം. തുടർന്ന് ഗെയ്ക്വാദ് ക്രീസിലെത്തി. പവർ പ്ലേയില്‍ 48 റണ്‍സാണ് ചെന്നൈ നേടിയത്. എട്ടാം ഓവറില്‍ രചിൻ രവീന്ദ്രയും പുറത്തായി. ഒരു സിക്സും രണ്ട് ഫോറും ചേർത്ത് 16 പന്തില്‍ 21 റണ്‍സ് നേടിയ രവീന്ദ്രയെ ശ്രേയസ് ഗോപാലിന്റെ പന്തില്‍ ഇഷാൻ കിഷൻ ക്യാച്ച്‌ നേടി മടക്കുകയായിരുന്നു.

 

തുടർന്നെത്തിയ ശിവം ദുബെ തകർപ്പനടികളോടെ ചെന്നൈ സ്കോറിന്റെ വേഗം കൂട്ടി. ഹർദിക് എറിഞ്ഞ പത്താം ഓവറില്‍ 13 റണ്‍സാണ് ദുബെ വാരിക്കൂട്ടിയത്. ഓവറിലാകെ ഹർദിക് 15 റണ്‍സ് വഴങ്ങി. ഷെപ്പേർഡ് എറിഞ്ഞ 14-ാം ഓവറില്‍ ദുബെയും ഗെയ്ക്വാദും ചേർന്ന് രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി. 11 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 79 റണ്‍സ് നേട്ടം.

 

ഹാർദിക് എറിഞ്ഞ 16-ാം ഓവറില്‍ ഗെയ്ക്വാദ് പുറത്തായതോടെ ഇവർ തമ്മിലുള്ള കൂട്ടുകെട്ട് പൊളിഞ്ഞു. മുഹമ്മദ് നബിയുടെ കൈകളിലേക്ക് ക്യാച്ചായി മടങ്ങുമ്ബോള്‍ 69 റണ്‍സാണ് ഗെയ്ക്വാദിന്റെ സമ്ബാദ്യം. 40 പന്തുകളില്‍ അഞ്ച് വീതം ഫോറും സിക്സും ഉള്‍പ്പെട്ടതാണ് ക്യാപ്റ്റന്റെ ഇന്നിങ്സ്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

 

തുടർന്ന് ഡറില്‍ മിച്ചല്‍ ദുബെയ്ക്കൊപ്പം ക്രീസില്‍ കൂട്ടിനെത്തിയെങ്കിലും കൂടുതല്‍ നിന്നില്ല. 14 പന്തിൽ 17, ഹാർദിക്ക് എറിഞ്ഞ അവസാന ഓവറില്‍ പുറത്തായി. മുഹമ്മദ് നബിക്ക് ക്യാച്ചയാണ് മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ധോനി ഹാർദിക്കിന്റെ ബാക്കിയുള്ള നാല് പന്തുകളില്‍ 20 റണ്‍സ് നേടി. ആദ്യ മൂന്ന് പന്തുകള്‍ അതിർത്തി കടത്തിയും അവസാന പന്തില്‍ ഡബിളെടുത്തുമാണ് ധോനി ഈ നേട്ടത്തിലെത്തിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, ചെന്നൈയെ അതേ നാണയത്തില്‍തന്നെ തിരിച്ചടിക്കുമെന്ന് തോന്നിക്കുന്ന പ്രകടനങ്ങള്‍ നടത്തി. ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും തുടക്കത്തില്‍ കത്തിക്കയറി. പവർ പ്ലേയില്‍ത്തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് നേടിയിരുന്നു. ചെന്നൈ പവർ പ്ലേയില്‍ 48 റണ്‍സേ നേടിയിരുന്നുള്ളൂ. മുംബൈക്ക് പക്ഷേ, പവർപ്ലേ ആനുകൂല്യം അതേ വിധത്തില്‍ തുടർന്നുകൊണ്ടു പോവാനായില്ല. അപ്പോഴും ഒരുവശത്ത് രോഹിത് മികച്ച ഇന്നിങ്സുമായി ഉറച്ചുനിന്നു.

 

ടീം സ്കോർ 70-ല്‍ നില്‍ക്കേ ഇഷാൻ കിഷനാണ് മുംബൈ നിരയില്‍ ആദ്യം പുറത്തായത്. എട്ടാം ഓവറില്‍ മതീഷ പതിരണയുടെ പന്തില്‍ താക്കൂറിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. 15 പന്തില്‍ 23 റണ്‍സാണ് കിഷൻ നേടിയത്. തുടർന്നെത്തിയ സൂര്യകുമാർ യാദവിനെ നേരിട്ട രണ്ടാം പന്തില്‍തന്നെ പുറത്താക്കി (പൂജ്യം). പതിരണയുടെ ഈ ഓവർ കളിയെ മാറ്റിമറിച്ചു എന്നു പറയാം. രണ്ട് വിക്കറ്റുള്ള ആ ഓവറില്‍ വഴങ്ങിയത് അഞ്ച് റണ്‍സ് മാത്രം.

 

പിന്നീട് മൂന്നാം വിക്കറ്റില്‍ തിലക് വർമയും രോഹിത് ശർമയും ചേർന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പതിന്നാലാം ഓവറില്‍ പതിരണയുടെ തന്നെ പന്തില്‍ തിലക് വർമയും പുറത്തുപോയി. 20 പന്തില്‍ 31 റണ്‍സാണ് സമ്ബാദ്യം. തുടർന്ന് ഹാർദിക്കെത്തി ആറ് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടി പുറത്തായി. തുഷാർ ദേശ്പാണ്ഡെയുടെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്‌. അപ്പോഴേക്കും കളി മുംബൈയുടെ വരുതിയില്‍നിന്ന് പോയിരുന്നു.

 

മധ്യ ഓവറുകളില്‍ റണ്‍ റേറ്റ് കുറഞ്ഞതിനു പുറമേ, അവസാനത്തില്‍ വിക്കറ്റുകള്‍ വീണതും മുംബൈക്ക് വിനയായി. പതിനേഴാം ഓവറില്‍ ടിം ഡേവിഡും (അഞ്ച് പന്തില്‍ 13) പതിനെട്ടാം ഓവറില്‍ റൊമാരിയോ ഷെപ്പേർഡും പുറത്തായതോടെ മുംബൈ തോല്‍വി ഉറപ്പിച്ചു. ടിം ഡേവിഡിനെ മുസ്താഫിസുർറഹ്മാനും ഷെപ്പേർഡിനെ പതിരണയുമാണ് മടക്കിയത്.

 

ഈ ഘട്ടത്തിലെല്ലാം രോഹിത് ഒരറ്റത്ത് അപരാജിതനായി നിലയുറപ്പിച്ചത് മാത്രമാണ് മുംബൈ നിരയില്‍ എടുത്തുപറയാൻ കഴിയുന്ന ഇന്നിങ്സ്. ചെന്നൈക്കുവേണ്ടി മതീഷ് പതിരണ നാല് വിക്കറ്റുകളെടുത്തപ്പോള്‍, തുഷാർ ദേശ്പാണ്ഡെ, മുസ്താഫിസുർറഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.