News Today Wayanad

News Updates..

വേനൽച്ചൂട് : പാലുകുന്നിൽ 700 ഓളം വാഴകൾ ഒടിഞ്ഞുവീണു

1 min read

 

പനമരം : വേനൽച്ചൂടിൻ്റെ ആഘാതം താങ്ങാനാവാതെ പനമരം ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് പാലുകുന്നിൽ 700 ഓളം വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞുവീണു. പാലുകുന്നിലെ എടക്കാത്തിൽ ഉണ്ണി എന്ന കർഷകൻ്റെ വാഴകളാണ് അടിഭാഗം ഒടിഞ്ഞ് പോയി പാടെ നിലംപൊത്തിയത്. കഴിഞ്ഞ ജൂൺ മാസത്തിൽ പാട്ടത്തിനെടുത്ത വയലിൽ കൃഷിയിറക്കിയ 1300 വാഴകളിൽ 700 ഓളം പാടെ ഒടിഞ്ഞു വീണതോടെ ഉണ്ണി ദുരിതത്തിലായിരിക്കുകയാണ്. കയർകെട്ടി സംരക്ഷിച്ച വാഴകളും ചൂട് താങ്ങാനാവാതെ ഓടിഞ്ഞുതൂങ്ങി. ശേഷിക്കുന്നവയും ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. രണ്ടരലക്ഷം രൂപയോളം നഷ്ടം വന്നതായി ഉണ്ണി പറഞ്ഞു.

 

ജലസേചനത്തിന് യാതൊരു മാർഗ്ഗവുമില്ലാത്തതാണ് വാഴകൾ ഇത്തരത്തിൽ നശിക്കാൻ ഇടയാക്കിയത്. സമീപത്തെ സ്വകാര്യകുളത്തിൽ നിന്നും ഉണ്ണി വാഴകൾ വെള്ളം കോരി നനച്ചിരുന്നു. എന്നാൽ വേനൽ കടുത്തതോടെ കുളം വറ്റിവരണ്ടു. ഇതാണ് തിരിച്ചടിയായത്. പാലുകുന്നിൽ കൃഷിയിറക്കിയ മറ്റു കർഷകരുടെ വാഴകളും ഇലകൾ കരിഞ്ഞുണങ്ങി വീഴുകയാണ്. പനമരം നീരട്ടാടി വയലിലും സമാന സംഭവം ഉണ്ടായി. ബന്ധപ്പെട്ടവർ ഇടപെട്ട് കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ഉണ്ടാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്.

 

അതേസമയം, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ചൂടിന് ആശ്വാസമേകി വേനൽമഴയെത്തിയിരുന്നു. എന്നാൽ പനമരത്ത് മഴ പെയ്യാത്തത് കർഷകരുടെ ആശങ്ക വർധിപ്പിക്കുകയാണ്. ഇതേ അവസ്ഥതുടർന്നാൽ കൃഷികളെല്ലാം പാടെ നശിക്കുമെന്ന അവസ്ഥയാണ്. പനമരം പുഴയിലേയടക്കം ജലനിരപ്പ് കുത്തനെ താഴ്ന്നു. കിണറുകളും, തോടുകളും, കുളങ്ങളും വറ്റി. കുടിവെള്ളക്ഷാമവും രൂക്ഷമായ വേളയിൽ വേനൽമഴ ആശ്വാസമായി എത്തുമെന്ന ഏക പ്രതീക്ഷയിലാണിവർ.

 

ചിത്രം : പാലുകുന്നിൽ ഒടിഞ്ഞു പോയ ഉണ്ണിയുടെ വാഴകൾ

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.