News Today Wayanad

News Updates..

ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ

1 min read

 

ഡല്‍ഹി : വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സഖ്യം 400ല്‍ അധികം സീറ്റുകള്‍ നേടുമെന്ന വീരവാദത്തിനിടയില്‍ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി പാർട്ടിയുടെ ആഭ്യന്തര സർവേ.ഇക്കുറി പാർട്ടി ഒറ്റക്ക് 370ലേറെ സീറ്റുകള്‍ നേടുമെന്ന അവകാശവാദം കൊഴുപ്പിക്കുന്നതിനിടയിലാണ് ആഭ്യന്തര സർവേ തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയില്‍ തെളിയുന്നത്.

 

ഹരിയാനയിലെ പത്തു സീറ്റുകളില്‍ അഞ്ചിലും പാർട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റോത്തക്, സോനേപട്, സിർസ, ഹിസാർ, കർണാല്‍ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിയർക്കുന്നത്. 25 സീറ്റുകളുള്ള രാജസ്ഥാനില്‍ ബാർമർ, ചുരു, നഗൗർ, ദോസ, ടോങ്ക്, കരൗലി തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.

 

ഉത്തരേന്ത്യയില്‍ പലയിടത്തും സ്ഥാനാർഥി നിർണയം പാളിയെന്ന് ബി.ജെ.പി സർവേയില്‍ സൂചനകളുണ്ട്. ജാട്ടുകള്‍ ഉള്‍പ്പെടെ പല സമുദായങ്ങളിലും ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയത്തോടുള്ള നീരസം എതിരാളികള്‍ മുതലെടുത്താല്‍ പാർട്ടിക്ക് തിരിച്ചടിയേല്‍ക്കും. ഇത്തവണ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തുറുപ്പുചീട്ടായി ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹരിയാനയിലും രാജസ്ഥാനിലും വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തിക്കുകയെന്നതും ബി.ജെ.പി അജണ്ടയിലുണ്ട്.

 

ഹരിയാനയില്‍ പത്തുവർഷത്തെ ഭരണവിരുദ്ധ വികാരത്തിനൊപ്പം ജാട്ട് സമുദായത്തിന്റെ എതിർപ്പും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് പഞ്ചാബ് യൂനിവേഴ്സിറ്റി അധ്യാപകനായ പ്രഫ. അശുതോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ഹരിയാനയില്‍ ശക്തമായ സാന്നിധ്യമറിയിക്കുന്ന ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് സമ്ബൂർണ മേധാവിത്വം കാട്ടാൻ ഇക്കുറി കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.