News Today Wayanad

News Updates..

വിഷു – റംസാൻ റിലീസ് : ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്നതാര്

1 min read

 

വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങളാണ് ഇന്നലെ മലയാളത്തിലെത്തിയത്. പ്രണവ് മോഹൻലാല്‍, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസില്‍ ജോസഫ്, നിവിൻ പോളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങള്‍ക്കു ശേഷം,

 

ഉണ്ണി മുകുന്ദൻ നായകനാവുന്ന ജയ് ഗണേഷ്, ഫഹദ് ഫാസില്‍ നായകനാവുന്ന ആവേശം എന്നിവയാണ് ഇന്നലെ തിയേറ്ററുകളിലെത്തിയത്. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഈദ് റിലീസ് ചിത്രമുണ്ടായിരുന്നു, പക്ഷേ അത് മലയാളത്തില്‍ അല്ല, ബോളിവുഡിലാണെന്നു മാത്രം. അലി അബ്ബാസ് സഫര് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ബഡേ മിയാന് ഛോട്ടേ മിയാനില്‍ പൃഥ്വിയ്ക്ക് ഒപ്പം അക്ഷയ് കുമാര്, ടൈഗര് ഷ്രോഫ് എന്നിവരുമുണ്ട്.

 

 

വർഷങ്ങള്‍ക്കു ശേഷം

 

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങള്‍ക്ക് ശേഷം ആദ്യ ദിനം 2.47 കോടി രൂപ നേടിയെന്നാണ് ട്രേഡ് വെബ്സൈറ്റായ സാക്നില്‍കിൻ്റെ കണക്ക്. പ്രണവ് മോഹൻലാല്‍, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്. 2022 ലെ ഹിറ്റ് ചിത്രമായ ഹൃദയത്തിന് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമാണിത്.

 

ആവേശം

 

സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആവേശം’. ആദ്യദിനം 3.26 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്.

 

രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. റിയല് ലൈഫ് സംഭവങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

 

ബഡേ മിയാൻ ഛോട്ടേ മിയാൻ

 

അക്ഷയ് കുമാര്, ടൈഗര് ഷ്രോഫ്, പൃഥ്വിരാജ് എന്നിവർ വേഷമിടുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സ് ഓഫീസില്‍ നിന്നും ആദ്യദിനം 15.5 കോടി രൂപ നേടി എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്.

 

മൈതാൻ

 

അജയ് ദേവ്ഗണ്‍ ചിത്രം മൈതാനും ഈദ് റിലീസായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. സ്പോർട്സ് ഡ്രാമയായ മൈതാൻ തിയേറ്ററുകളില്‍ നിന്നും ആദ്യ ദിവസം ഏകദേശം 2.72 കോടി രൂപ നേടിയെന്നാണ് സാക്നില്‍ക് റിപ്പോർട്ട്.

 

ജയ് ഗണേഷ്

 

ആദ്യ ദിനം അൻപത് ലക്ഷം രൂപ മാത്രമാണ് ജയ് ഗണേഷിന് നേടാനായത്. ആവേശത്തിനും വര്‍ഷങ്ങള്‍ക്ക് ശേഷത്തിനും ലഭിച്ചത്ര തിയേറ്ററുകള്‍ പോലും ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യ പ്രദര്‍ശനത്തിന് പോലും അധികം പ്രതികരണങ്ങള്‍ ജയ് ഗണേഷിന് ലഭിച്ചിരുന്നില്ല.

 

അതേസമയം, മൂന്ന് ചിത്രങ്ങള്‍ ഒന്നിച്ചെത്തിയെങ്കിലും ‘ആടുജീവിതം’ അധികം തളര്‍ച്ചയില്ലാതെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. മാര്‍ച്ച്‌ 28ന് റിലീസ് ചെയ്ത ചിത്രം 15-ാം ദിവസം 2 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 130 കോടി രൂപയാണ്ചിത്രം ഇതുവരെ നേടിയ കളക്ഷന്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.