News Today Wayanad

News Updates..

സൂര്യയുടെയും കിഷാന്റെയും സംഹാര താണ്ഡവം ; ബംഗളൂരുവിനെതിരെ മുംബൈക്ക് അനായാസ ജയം

1 min read

 

മുംബൈ : അതിവേഗ അർധസെഞ്ച്വറികളുമായി സൂര്യകുമാർ യാദവും ഇഷാൻ കിഷനും തകർത്തടിച്ച മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം പിടിക്കുകയായിരുന്നു.

 

ഓപണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് തട്ടുപൊളിപ്പൻ തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഇരുവരും ചേർന്ന് 8.5 ഓവറില്‍ 101 റണ്‍സാണ് അടിച്ചുകൂട്ടിയത്. 34 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 69 റണ്‍സെടുത്ത കിഷനെ ആകാശ് ദീപ് വിരാട് കോഹ്‍ലിയുടെ കൈയിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ടിന് വിരാമമായത്. രോഹിത് ശർമയും (24 പന്തില്‍ 38) വൈകാതെ വീണെങ്കിലും രണ്ടുതവണ ബംഗളൂരു ഫീല്‍ഡർമാരുടെ കൈയില്‍നിന്ന് ജീവൻ ലഭിച്ച സൂര്യയുടെ സംഹാര താണ്ഡവത്തിനാണ് പിന്നീട് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 17 പന്തില്‍ നാല് കൂറ്റൻ സിക്സറുകളും അഞ്ച് ഫോറും സഹിതം അർധസെഞ്ച്വറി കടന്ന സൂര്യ രണ്ട് പന്ത് കൂടി നേരിട്ട് വില്‍ ജാക്സിന്റെ പന്തില്‍ മഹിപാല്‍ ലൊംറോറിന് പിടികൊടുത്ത് മടങ്ങി.

 

പിന്നീട് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (ആറ് പന്തില്‍ മൂന്ന് സിക്സടക്കം 21), തിലക് വർമയും (10 പന്തില്‍ 16) ചേർന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ബംഗളൂരുവിനായി ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, വില്‍ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

 

നേരത്തെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയുടെയും രജത് പാട്ടിദാറിന്റെയും ദിനേശ് കാർത്തികിന്റെയും അർധസെഞ്ച്വറികളുടെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു 197 റണ്‍സ് അടിച്ചെടുത്തത്. നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചുപേരെ മടക്കിയ പേസർ ജസ്പ്രീത് ബുംറയാണ് 200 കടക്കുന്നതില്‍നിന്ന് ബംഗളൂരുവിനെ തടഞ്ഞുനിർത്തിയത്.

 

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് തകർപ്പൻ ഫോമിലുള്ള വിരാട് കോഹ്‍ലിയെ തുടക്കത്തിലേ നഷ്ടമായിരുന്നു. ഒമ്ബത് പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രം നേടിയ കോഹ്‍ലിയെ ബുംറയുടെ പന്തില്‍ ഇഷാൻ കിഷൻ പിടികൂടുകയായിരുന്നു. വണ്‍ഡൗണായെത്തിയ വില്‍ ജാക്സും (ആറ് പന്തില്‍ എട്ട്) പെട്ടെന്ന് മടങ്ങി. എന്നാല്‍, തുടർന്നെത്തിയ രജത് പാട്ടിദാറും ഒരുവശത്ത് പിടിച്ചുനിന്ന ക്യാപ്റ്റൻ ഡു പ്ലസിയും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തിയതോടെയാണ് ബംഗളൂരു ഇന്നിങ്സിന് ജീവൻവെച്ചത്. ഇരുവരും ചേർന്ന് 47 പന്തില്‍ 82 റണ്‍സാണ് സ്കോർ ബോർഡില്‍ കൂട്ടിച്ചേർത്തത്. 26 പന്തില്‍ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റണ്‍സ് നേടിയ പാട്ടിദാർ കോയറ്റ്സിയുടെ പന്തില്‍ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈയിലൊതുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ടിന് വിരാമമായത്. പാട്ടിദാർ പുറത്തായ ശേഷമെത്തിയ കൂറ്റനടിക്കാരൻ ഗ്ലെൻ മാക്സ്വെല്‍ ഇത്തവണയും അമ്ബേ പരാജയമായി. നാല് പന്ത് നേരിട്ടിട്ടും റണ്‍സൊന്നും എടുക്കാനാവാതിരുന്ന താരം ശ്രേയസ് ഗോപാലിന്റെ പന്തില്‍ വിക്കറ്റിന് മുമ്ബില്‍ കുടുങ്ങുകയായിരുന്നു.

 

40 പന്തില്‍ മൂന്ന് സിക്സും നാല് ഫോറുമടക്കം 60 റണ്‍സടിച്ച ഫാഫ് ഡു പ്ലസിയെ ബുംറയുടെ പന്തില്‍ ടിം ഡേവിഡ് പിടികൂടിയതോടെ സ്കോർ അഞ്ചിന് 153 എന്ന നിലയിലായി. അവസാന ഘട്ടത്തില്‍ ദിനേശ് കാർത്തിക് നടത്തിയ പോരാട്ടമാണ് സ്കോർ 190 കടത്തിയത്. 23 പന്തില്‍ നാല് സിക്സും അഞ്ച് ഫോറുമടക്കം 53 റണ്‍സുമായി താരം പുറത്താകാതെനിന്നു. മഹിപാല്‍ ലൊംറോർ (0), സൗരവ് ചൗഹാൻ (9), വിജയ്കുമാർ വൈശാഖ് (0) എന്നിവർ വേഗത്തില്‍ മടങ്ങിയപ്പോള്‍ രണ്ട് റണ്‍സുമായി ആകാശ് ദീപ് ദിനേശ് കാർത്തികിനൊപ്പം പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി ബുംറക്ക് പുറമെ ജെറാള്‍ഡ് കോയറ്റ്സി, ആകാശ് മദ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവർ ഓരോ വിക്കറ്റ് നേടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.