News Today Wayanad

News Updates..

സുല്‍ത്താന്‍ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ.സുരേന്ദ്രന്‍ : മോദി വിചാരിച്ചാലും സാധിക്കില്ലെന്ന് ടി.സിദ്ദീഖ് 

1 min read

 

സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍..വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ഥലത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി ഉന്നയിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര എന്ന നിലയിലാണ് സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നത്.

 

ചരിത്രം മായ്ക്കാനുള്ള ബോധപൂര്‍വശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ബോധപൂര്‍വം ഇത്തരം പ്രചാരണങ്ങളുമായി രംഗത്തിറങ്ങുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

 

അതേസമയം, സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം ആക്കാൻ സാധിക്കില്ലെന്നും, അതിനുള്ള പ്രാപ്തിയും, കഴിവും സുരേന്ദ്രനില്ലെന്നും സിദ്ധിഖ് വിമർശിച്ചു. ജനശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് ഈ പ്രദേശത്തിന് സുല്‍ത്താൻ ബത്തേരി എന്ന പേര് വന്നതെന്നാണ് കെ സുരേൻ്രൻ പറഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് ഗണപതി പട്ടം എന്നാക്കി മാറ്റാനാകും പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാചീനകാലത്ത് ഈ സ്ഥലത്തിന് ഗണപതി വട്ടം എന്നായിരുന്നു പേര്. 1984ല്‍ ബിജെപി നേതാവായിരുന്ന പ്രമേദ് മഹാജൻ വയനാട് സന്ദർശിച്ചപ്പോള്‍ ഇത് സുല്‍ത്താൻ ബത്തേരി അല്ല ഗണപതി വട്ടം ആണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.