News Today Wayanad

News Updates..

ബാങ്ക് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും : മുന്നറിയിപ്പ് നല്‍കി എച്ച്‌ഡിഎഫ്സി ബാങ്ക്

1 min read

 

ഓണ്‍ലൈൻ ബാങ്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എച്ച്‌ഡിഎഫ്സി ബാങ്ക്. ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഉള്ള ബാങ്കുകളില്‍ ഒന്നാണ് എച്ച്‌ഡിഎഫ്സി. ഓണ്‍ലൈൻ ബാങ്കിങ് വളരെ എളുപ്പമാണെങ്കിലും ഉപയോക്താക്കള്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണ് ഇതെന്ന് എന്നാണ് ഈ മുന്നറിയിപ്പില്‍ എച്ച്‌ഡിഎഫ്സി ബാങ്ക് പറയുന്നത്.

 

ഉപയോക്താക്കളുടെ ചെറിയ അശ്രദ്ധകള്‍ മുതലെടുത്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എച്ച്‌ഡിഎഫ്സി ബാങ്ക് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഐസിഐസിഐ ബാങ്കും ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിപ്പുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്‌ഡിഎഫ്സി ബാങ്കിന്റെ നീക്കം. ഉപയോക്താക്കളുടെ തെറ്റായ നടപടികള്‍ കൂടുതല്‍ അപകടങ്ങള്‍ വിളിച്ച്‌ വരുത്തും എന്നാണ് മുന്നറിയിപ്പില്‍ ബാങ്ക് പറയുന്നത്.

 

 

ഓണ്‍ലൈനില്‍ അപരിചിതരുമായി അക്കൗണ്ടിന്റെ പാസ്വേർഡ്, യൂസർ നെയിം എന്നിവ പങ്ക് വെയ്ക്കരുത് എന്നും ഈ അറിയിപ്പില്‍ പറയുന്നു. ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഈ അറിയിപ്പില്‍ എച്ച്‌ഡിഎഫ്സി ബാങ്ക് എടുത്ത് പറയുന്നുണ്ട്. ഇതില്‍ ഒന്നാണ് ഒരിക്കലും ഉപയോക്താക്കള്‍ തങ്ങളുടെ ഫോണിന്റെ ബ്ലൂടൂത്ത് എല്ലായിപ്പോഴും ഓണ്‍ ചെയ്ത് വെയ്ക്കരുത് എന്നത്. ആവിശ്യം കഴിഞ്ഞാല്‍ എല്ലാ ഉപയോക്താക്കളും ബ്ലൂടൂത്ത് ഓഫ് ചെയ്യേണ്ടതാണ്.

 

തുറന്നിരിക്കുന്ന ബ്ലൂടൂത്തിലേക്ക് വിവിധ തരത്തില്‍ ആക്സസ് നേടാൻ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇത്തരത്തില്‍ ആക്സസ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ഫോണില്‍ നിന്ന് വിവധ രേഖകള്‍ മോഷ്ടിക്കാനും ഇവർക്ക് സാധിക്കുന്നതാണ്. വിവധ ആപ്പുകള്‍ ഉപയോഗിച്ചതിന് ശേഷം ഇവ ക്ലോസ് ചെയ്യും മുമ്ബ് ലോഗ് ഔട്ട് ചെയ്യണമെന്നും ഈ അറിയിപ്പില്‍ എച്ച്‌ഡിഎഫ്സി ബാങ്ക് പറയുന്നു. പ്രത്യേകിച്ച്‌ ബാങ്കിങ് ആപ്പുകള്‍. പലരും ഇത്തരം ആപ്പുകള്‍‌ ലോഗ് ഔട്ട് ചെയ്യാറില്ല.

 

എന്നാല്‍ ബാങ്ക് അപ്പുകള്‍ ഉപയോഗിച്ചതിന് ശേഷം ഇത് കൃത്യമായി ലോഗ് ഔട്ട് ചെയ്യാൻ ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത് വലിയ അപകടം ഉണ്ടാക്കും എന്ന് ഈ അറിയിപ്പില്‍ എച്ച്‌ഡിഎഫ്സി ബാങ്ക് പറയുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പബ്ലിക്ക് വൈഫൈ ഉപയോഗിച്ച്‌ ബാങ്കിങ് ആപ്പുകള്‍ പ്രവർത്തിപ്പിക്കാതെ ഇരിക്കുക എന്നത്. ഇത്തരം നെറ്റ്വർക്കുകളെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കുന്നതല്ല.

 

നിങ്ങള്‍ എയർപോർട്ട്, റെയില്‍വേ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിലെ പബ്ലിക്ക് വെഫൈ ഉപയഗിക്കുന്നയാള്‍ ആണെങ്കില്‍ ഒരിക്കലും ഇതില്‍ ബാങ്ക് ആപ്പുകള്‍ ഉപയോഗിക്കാതെ ഇരിക്കുക എന്നാണ് ഈ അറിയിപ്പില്‍ പറയുന്നത്. നിങ്ങളുടെ എല്ലാ ആപ്പുകള്‍ക്കും ഫോണിനും ശക്തമായ ലോക്കിങ് സംവിധാനം നല്‍കണം എന്നും എച്ച്‌ഡിഎഫ്സി നിർദേശിക്കുന്നു. പാറ്റേണുകളോ രഹസ്യ നമ്ബറുകളോ ഫിംഗർ പ്രിന്റോ ഇതിനായി ഉപയോഗിക്കണം എന്നും ഈ മുന്നറിയിപ്പില്‍ ബാങ്ക് പറയുന്നുണ്ട്.

 

നിങ്ങളുടെ ഫോണുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ പറ്റി നന്നാക്കാൻ കൊടുക്കുമ്ബോള്‍ ഫോണില്‍ നിന്ന് ബാങ്കിങ് ആപ്പുകള്‍ നീക്കം ചെയ്യണമെന്നും ഇവർ പറയുന്നു. എച്ച്‌ഡിഎഫ്സി ബാങ്ക് മാത്രമല്ല മറ്റ് ബാങ്കുകളുടെ ആപ്പുകള്‍ ഉപയോഗിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ അടുത്തിടെ ഐസിഐസിഐ ബാങ്കും ഇത്തരത്തില്‍ സമാനമായ മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു. ഉപയോക്താക്കള്‍ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത നമ്ബർ വഴി ആയിരുന്നു ഈ സന്ദേശം എത്തിയത്.

 

ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും ആപ്പുകള്‍ ആവിശ്യമായി വരുകയാണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോർ, ആപ്പിള്‍ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് മാത്രമെ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാവു എന്നാണ് ഈ അറിയിപ്പില്‍ ഐസിഐസിഐ ബാങ്ക് പ്രധാനമായും പറഞ്ഞിരിക്കുന്നത്. വെബ്സൈറ്റുകളില്‍ നിന്നും ടെലിഗ്രാമില്‍ നിന്നുമെല്ലാം ഇൻസ്റ്റാള്‍ ചെയ്യുന്ന എപികെ ആപ്പുകളില്‍ ക്ഷുദ്ര വൈറസുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സഹായത്താല്‍ ഹാക്കർമാർ ഫോണില്‍ ആക്സസ് നേടുമെന്നും ആയിരുന്നു ഈ അറിയിപ്പില്‍ പറഞ്ഞിരുന്നത്.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.