News Today Wayanad

News Updates..

പെരുന്നാള്‍ ദിനങ്ങളില്‍ കണ്ണൂര്‍ സര്‍വകലാശാലയിലും പരീക്ഷ : പ്രതിഷേധം കനക്കുന്നു

1 min read

 

കണ്ണൂർ : പെരുന്നാള്‍ ദിനാഘോഷങ്ങള്‍ക്കിടെ നടക്കുന്ന കണ്ണൂർ സർവകലാശാല പരീക്ഷകളില്‍ ആശങ്കയിലായി വിദ്യാർഥികള്‍. തിങ്കളാഴ്ച തുടങ്ങുന്ന നാലാം സെമസ്റ്റർ പരീക്ഷകളാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. വരുന്ന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും കേരളത്തില്‍ പെരുന്നാള്‍ ആഘോഷം. എന്നാല്‍ തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ എഴുതാൻ വിദ്യാർഥികള്‍ക്ക് മതിയായ തയാറെടുപ്പ് ലഭിക്കില്ലെന്നും പെരുന്നാള്‍ ആഘോഷത്തിന് ഇതു സാരമായി ബാധിക്കുമെന്നും വിദ്യാർഥികള്‍ ആശങ്കപ്പെടുന്നു.

 

കാലിക്കറ്റ് സർവകലാശാലയിലും ഇതിനുസമാനമായി പെരുന്നാള്‍ തലേന്നും പിറ്റേന്നും പരീക്ഷകള്‍ പ്രഖ്യാപിക്കുകയും വിവാദമായതോടെ മാറ്റിവെക്കുകയും ചെയ്തിരുന്നു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി 150ലധികം കോളജുകളിലാണ് തിങ്കളാഴ്ച നാലാം സെമസ്റ്റർ പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. നിരവധി വിദ്യാർഥികളാണ് ദൂരദിക്കില്‍ നിന്നടക്കമെത്തി ഹോസ്റ്റലില്‍നിന്ന് കോളജിലെത്തുന്നത്. പെരുന്നാളിന് തലേന്നും പിറ്റേന്നും പരീക്ഷകള്‍ നടക്കുന്നതോടെ ഈ വിദ്യാർഥികള്‍ക്ക് പെരുന്നാള്‍ ആഘോഷം ഒഴിവാക്കി പരീക്ഷക്കായി ഹോസ്റ്റലിലെത്തേണ്ട അവസ്ഥയാണ്.

 

കൂടാതെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പല വിദ്യാർഥികള്‍ക്കും മതിയായി മുന്നൊരുക്കം നടത്താൻ കഴിയാതെയും വരും. പെരുന്നാള്‍ ദിനാഘോഷങ്ങളില്‍ പരീക്ഷകള്‍ നടക്കരുതെന്ന് സർക്കാർ ഉത്തരവ് കാറ്റില്‍പറത്തിയാണ് സർവകലാശാല നാലാംസെമസ്റ്റർ പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ മുസ്‍ലിം സംഘടനകളും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആറാം സെമസ്റ്ററിന്റെ കൂടെ തന്നെ നാലാം സെമസ്റ്ററിന്റെയും മൂല്യനിർണ‍യ ക്യാമ്ബുകള്‍ നടത്തി അവസാന വർഷ വിദ്യാർഥികള്‍ക്ക് വേഗത്തില്‍ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ എഴുതാൻ സൗകര്യമേർപ്പെടുത്താനാണ് പരീക്ഷകള്‍ നടത്തുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.