പള്ളിക്കുന്ന് മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായിട്ട് മൂന്ന് മാസം ; കർഷകർ ദുരിതത്തിൽ
1 min read
കമ്പളക്കാട് : പള്ളിക്കുന്ന് മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായിട്ട് മൂന്ന് മാസം. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നതോടോപ്പം കർഷകർ പ്രതിസന്ധിയിലാവുന്നു. വിഷയം കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരുവിധ ഇടപെടലുകളും ഉണ്ടാവുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
കർഷകർ നേരിട്ട് ജില്ലാ മേധാവികളേയും ഡയറക്ട്രേറ്റിലും ഫോണിൽ വിവരമറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്. നിലവിലെ വിരമിച്ച സീനിയർ സർജന് പകരം ആളെ നിയമിക്കാത്തതാണ് പ്രശ്നമാവുന്നത്. സീനിയർ സർജന്റെ സേവനം ലഭിക്കണ്ട അശുപത്രിയിൽ കർഷകരുടെ പരാതിയെ തുടർന്ന് ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം മറ്റു ആശുപത്രികളിൽ നിന്നും ഒരു ഡോക്ടർ വരുന്നുണ്ടങ്കിലും മൃഗപരിപാലനത്തിന് ഫീൽഡിൽ പോയി ചികിത്സിക്കാൻ സാധിക്കാറില്ല. അതിനാൽ കർഷകർ ദുരിതത്തിലാണ്.
ദിനംപ്രതി അൻപതിൽ പരം സന്ദർശകരുള്ള ആശുപത്രിയാണ് ഇത്. ഇവിടെയുള്ള ഡോക്ടർക്കാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ നിർവഹണ ചുമതലയും. ഡോകടറില്ലാത്തതിനാൽ മുന്ന് മാസമായി സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനവും നിലച്ചരിക്കുകയാണ്.
ആയതിനാൽ കർഷകരെ ആത്മഹത്യയിലേക്ക് എത്തിക്കാതെ ഉടൻ ഡോക്ടറെ നിയമിക്കണമെന്ന് പള്ളിക്കുന്ന് ക്ഷീരസംഘം ഭരണസമിതി ആവശ്യപ്പെട്ടു. ആശുപത്രി കെട്ടിടത്തിന്റെ അവസ്ഥയും പരിതാപാവസ്ഥയിലാണ്. മരുന്ന് പോലും സ്റ്റോക്ക് ചെയ്യാൻ സാധിക്കാത്ത വിധം ചോർന്നൊലിക്കുകയാണ്. അതിനാൽ കെട്ടിടത്തിന്റെ നവീകരണവും നടത്തണമെന്ന് ക്ഷീരസംഘം ആവശ്യപ്പെട്ടു.