ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു ; നാല് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ
1 min read
ന്യൂഡൽഹി : വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ നാല് എംപിമാർക്കു സസ്പെൻഷൻ. ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് എംപിമാർ. സഭാസമ്മേളനം കഴിയുംവരെയാണ് സസ്പെൻഷൻ. സഭ ഇന്നത്തേക്കു പിരിഞ്ഞു.
വിലക്കയറ്റത്തിനെതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു എംപിമാർ. സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർല ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നു മണിക്കുശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും എന്നാൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം അനുവദിക്കില്ലെന്നും സ്പീക്കർ അറിയിച്ചു.
രണ്ടരയ്ക്കു സഭ നിര്‍ത്തിവച്ചശേഷം മൂന്നിനു ചേർന്നപ്പോൾ പ്ലക്കാർഡ് മാറ്റാൻ എംപിമാർ തയാറായില്ല. അന്നേരം ചെയറിൽ ഉണ്ടായിരുന്നത് രാജേന്ദ്ര അഗർവാളായിരുന്നു. നാലു എംപിമാരെ പേരെടുത്ത് പറയാൻ സ്പീക്കർ ഓം ബിർല നിർദേശിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഈ എംപിമാരുടെ പേരു പറയുകയായിരുന്നു. എന്നാൽ പേരു പറഞ്ഞിട്ടും ഇവർ സഭയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് കാട്ടി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്പെൻഷനുള്ള പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ അതു പാസാകുകയും ആയിരുന്നു.
അതേസമയം, സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. ഇതു നാലാം തവണയാണ് തന്നെ സസ്പെൻഡ് ചെയ്യുന്നതെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ‘ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകരുതെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ ഞങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും. പ്ലക്കാർഡ് കാണിക്കരുതെന്നും മുദ്രാവാക്യം വിളിക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്. പിന്നെ എവിടെയാണ് അഭിപ്രായം പറയാൻ പറ്റുക? എല്ലാറ്റിനും വിലകൂടി. കുട്ടികൾ കുടിക്കുന്ന പാലിനും മലയാളികൾ കഴിക്കുന്ന അരിക്കും വിലകൂട്ടി. ഇതു പാർലമെന്റിൽ പറയാനല്ലേ ഞങ്ങളെ തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്. ഭാവി പ്രതിഷേധം എങ്ങനെ വേണമെന്ന് പാർലമെന്ററി പാർട്ടി പറയുന്ന രീതിയിൽ തീരുമാനമെടുക്കും.’ – അദ്ദേഹം കൂട്ടിച്ചേർത്തു.