ഏക് ഭാരത് ശ്രേഷ്ട് ഭാരത് ദേശീയോദ്ഗ്രഥന യാത്രയ്ക്ക് ധ്യാന്‍ വിനോദ്
1 min read
പുൽപ്പള്ളി : ഏക് ഭാരത് ശ്രേഷ്ട് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലേക്കുള്ള ഏഴ് ദിവസത്തെ പഠന – വിനോദ – ദേശീയോദ്ഗ്രഥന യാത്രയ്ക്ക് വയനാട് ജില്ലയില്‍ നിന്നും ധ്യാന്‍ വിനോദിനെ തെരഞ്ഞെടുത്തു. പുല്‍പ്പള്ളി വിജയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
എസ്.എസ്.കെയുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്സില്‍ നടത്തിയ ജില്ലാതല പ്രശ്നോത്തരിയിലും തുടര്‍ന്നുളള ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രവീണ്യ പരിശോധനയും അഭിമുഖവും വിജയിച്ചാണ് ധ്യാന്‍ വിനോദ് ജില്ലയില്‍ നിന്നും ഹിമാചല്‍ യാത്രയ്ക്ക് അര്‍ഹത നേടിയത്. പ്രശ്നോത്തരി, പ്രസംഗം, ഉപന്യാസ രചന തുടങ്ങിയ മത്സര രീതികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 53 കുട്ടികളാണ് ജില്ലാതലത്തില്‍ മത്സരിച്ചത്.
ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ വീതവും ഭിന്നശേഷിക്കാരായ 5 കുട്ടികളും ചേര്‍ന്ന് ആകെ 19 കുട്ടികളാണ് ഹിമാചല്‍ യാത്രക്കായി കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 24- ന് എറണാകുളം രാജഗിരി എന്‍ജിനിയറിംങ്ങ് കോളജില്‍ ഒത്തുചേര്‍ന്ന് ഡല്‍ഹി വരെ വിമാനത്തിലും തുടര്‍ന്ന് റോഡു മാര്‍ഗവുമാണ് യാത്ര.
ജൂലൈ 30 ന് തിരിച്ചെത്തുന്ന യാത്രയുടെ ദേശീയ ചുമതല എ.ഐ.സി.ടി.ഇ ക്കും കേരള വിദ്യാര്‍ത്ഥികളുടെ ചുമതല രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ടെക്നോളജിക്കുമാണ്.
പുല്‍പ്പള്ളി വിജയ എച്ച്.എസ്.എസ്.എല്‍ സംഘടിപ്പിച്ച അനുമോദന യാത്രയയപ്പ് സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ അഡ്വ. സി ചിത്ര അധ്യഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍ ജെ ജോണ്‍ പരിപാടി വിശദീകരിച്ചു. പ്രധാനാധ്യാപിക ജി. ബിന്ദു, പി.ടി.എ പ്രസിഡന്റ്. ടി. .എം ഷമീര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് രാധിക മോഹന്‍ എന്നിവര്‍ സംസാരിച്ചു.