പനമരം നീരട്ടാടിയിൽ കബനി പുഴയോരത്ത് അറവുമാലിന്യം തള്ളി
പനമരം : നീരട്ടാടിയിൽ പുഴയോരത്ത് സമൂഹവിരുദ്ധർ അറവുമാലിന്യം തള്ളി. നീരട്ടാടി – കൈപ്പാട്ടുകുന്ന് റോഡോരത്തെ സ്വകാര്യ റബ്ബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം അറവു മാലിന്യം തള്ളിയത്. കബനി പുഴയിൽ നിന്നും 10 മീറ്ററോളം അകലെയായിരുന്നു മാലിന്യം. ദുർഗന്ധം പരന്നതോടെ ഞായറാഴ്ച രാവിലെയാണ് അറവുമാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പനമരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിലെത്തിയാണ് മാലിന്യം തള്ളിയതെന്നാണ് പ്രാഥമിക നിഗമനം. പനമരം പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമാണ്. ചെറുപുഴയോരവും വലിയ പുഴയോരവും മാലിന്യക്കൂമ്പാരമാണ്. പനമരം പുഴയിലെ വെള്ളം ധാരാളം കുടുംബങ്ങൾ തുണി നനയ്ക്കാനും കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതാണ്. അതിനാൽ ഇത്തരം സമൂഹ വിരുദ്ധരെ കണ്ടെത്താൻ പഞ്ചായത്തും പോലീസും സത്വര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.